മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ക്കും സര്‍വെയറര്‍ക്കും എതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. കണ്‍സര്‍വേറ്റര്‍ ബോട്ടുടമയ്ക്കായി അനധികൃത ഇടപെടല്‍ നടത്തിയെന്നും സര്‍വെയര്‍ ശരിയായ സുരക്ഷാ പരിശോധന നടത്തിയില്ലെന്നും തെളിഞ്ഞിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് വി കെ മോഹനന് ചെയര്‍മാനായുള്ള ജുഡീഷ്യല്‍ കമ്മിഷനെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
താനൂര്‍ ബോട്ടപകടത്തെക്കുറിച്ച് സമഗ്രമായ റിപ്പോര്‍ട്ടു തയ്യാറാക്കി നല്കാന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനായി ചീഫ് സെക്രട്ടറി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അദ്ദേഹത്തെ സഹായിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലെ സീനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇത്തരം ദാരുണമായ സംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് എസ് വി എന്‍ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരുന്നു. മേയ് ഏഴിലെ താനൂര്‍ ബോട്ടപകടത്തെത്തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: