ന്യൂദല്‍ഹി : ഐക്യരാഷ്ട്ര സഭ പരിഷ്കരണത്തിന് വിധേയമാകേണ്ടതുണ്ടെന്ന് പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്. ലോകത്തിന്റെ ജനസംഖ്യാപരമായ യാഥാര്‍ത്ഥ്യങ്ങളെ കൂടുതല്‍ പ്രതിഫലിപ്പിക്കുന്നതായിരിക്കണം ഐക്യരാഷ്ട്രസഭയുടെ പരിഷ്കരണം.
യുഎന്‍ സമാധാന സേനാ ദിനത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ന്യൂദല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായ ഇന്ത്യക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കാത്തത് യുഎന്നിന്റെ ധാര്‍മ്മിക നിയമസാധുതയെ തന്നെ തുരങ്കം വയ്ക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘര്‍ഷത്തില്‍ രാജ്നാഥ് സിംഗ് ആശങ്ക പ്രകടിപ്പിച്ചു ഇത് വിവിധ ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളെ ഭക്ഷ്യപ്രതിസന്ധിയിലേക്ക് നയിച്ചുവെന്നും ലോകത്ത് ഊര്‍ജ പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
സമാധാനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ലോകം കെട്ടിപ്പടുക്കാന്‍ അക്ഷീണം പ്രയത്നിക്കുന്ന ഐക്യരാഷ്ട്ര സഭാ സമാധാന സേനാംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. അവരുടെ അചഞ്ചലമായ പ്രതിബദ്ധതയും പ്രൊഫഷണലിസവും ത്യാഗവും എല്ലാവര്ക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: