മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും വാതോരാതെ സംസാരിക്കുകയും ബ്രണ്ണന്‍ കോളജിലെ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ പ്രത്യേക ഏക്ഷനിലൂടെ നടന്നു നീങ്ങി, ജനാധിപത്യം സംരക്ഷിച്ചു എന്നുമൊക്കെ അവകാശപ്പെടുന്ന പിണറായി വിജയന് എന്ന മുഖ്യമന്ത്രി രണ്ടാമൂഴം ആയപ്പോഴേക്കും തരംതാഴ്ന്ന് എവിടെയെത്തിയെന്ന് പറയാന്‍പോലും കഴിയാത്ത അവസ്ഥയില്‍ എത്തിനില്‍ക്കുന്നു. അടിയന്തരാവസ്ഥക്കെതിരെ പൊരുതിയെന്നും പോരാടിയെന്നും പോലീസ് കൈ തല്ലിയൊടിച്ചെന്നും ഒക്കെ പറയുകയും പ്രചരിപ്പിക്കുകയും ചെയ്ത പിണറായി വിജയന് ഇന്ദിരാഗാന്ധിയെയും വെല്ലുന്ന ഏകാധിപത്യത്തിന്റെയും മാടമ്പിത്തത്തിന്റെയും പ്രതീകമായി മാറിക്കഴിഞ്ഞു എന്നതാണ് സമകാലീന സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അഴിമതിയുടെയും ജീര്‍ണ്ണതയുടെയും പ്രതീകമായി കേരളത്തിലെ ഭരണകൂടം മാറിയിരിക്കുന്നു. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് അടുത്തിടെ കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള രാഷ്ട്രീയ അഴിമതികള്‍. എഐ ക്യാമറ ഇടപാടില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ഇടപെടലും ഇടപാടുകളും പുറത്തുവന്നതോടെയാണ് ഇക്കുറി മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായത്. അതിനുമുമ്പ് തന്നെ നിയമസഭാ സമ്മേളനത്തിന് നിയമസഭയിലെ ദൃശ്യങ്ങള്‍ പുറത്തു പോയതിന് നടപടിയെടുക്കാന്‍ തുനിഞ്ഞങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. മാധ്യമങ്ങളെ പരിധിയിലാക്കാനും എതിര്‍ശബ്ദങ്ങളുടെ വായടപ്പിക്കാനുമുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസമായി അരങ്ങേറാന്‍ തുടങ്ങിയിട്ട്. പി.വി. അന്‍വര്‍ എംഎല്‍എ മറുനാടന്‍ മലയാളിയുടെ പത്രാധിപരായ ഷാജന് സ്കറിയക്കെതിരെ ഉയര്‍ത്തിയ ഭീഷണിയും വെല്ലുവിളിയും ഇടതുപക്ഷത്തിന്റെ ഈ മനോഭാവം പ്രകടമാക്കുന്നതായിരുന്നു. ഷാജന് സ്കറിയയോട് അഭിപ്രായവ്യത്യാസമുള്ള പലരും ഉണ്ട്. അദ്ദേഹം പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമെതിരെ വാര്‍ത്തകള്‍ കൊടുത്തിട്ടുണ്ട്. പല നേതാക്കളെയും നല്ലതല്ലാത്ത ഭാഷയില്‍ വിവരിച്ചിട്ടുണ്ട്. പക്ഷേ അവരാരും ഷാജന് സ്കറിയയെ തല്ലാനും അദ്ദേഹത്തിന്റെ സ്ഥാപനം പൂട്ടിക്കുമെന്ന് വെല്ലുവിളിക്കാനും ഭീഷണിപ്പെടുത്താനും പോയിട്ടില്ല.
ഈ അങ്കങ്ങള്‍ നടക്കുന്നതിനിടെയാണ് പുതിയ സംഭവം. അടിയന്തരാവസ്ഥയില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത തരത്തിലാണ് പിണറായി വിജയന്റെ പോലീസ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോട് പെരുമാറുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍, വാര്‍ത്തയുടെ സോഴ്സ് കോടതിയില്‍ പോലും വെളിപ്പെടുത്താതിരിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. രാജ്യസുരക്ഷയുടെ കാര്യത്തില്‍ മാത്രമാണ് ഇതിന് അപവാദമുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ നിര്‍ണായകമായ നീക്കമായിരുന്നു മികച്ച കലാലയങ്ങള്‍ക്ക് സ്വയംഭരണ പദവി നല്‍കാനുള്ള തീരുമാനം. യുജിസിയുടെ ഈ നീക്കം മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ വാര്‍ത്തെടുക്കാനും അക്കാദമിക് സ്വാതന്ത്ര്യം നല്‍കാനുമുള്ള വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു. കേരളത്തില്‍ ഈ തരത്തില്‍ പദവി കൈവരിച്ച സ്ഥാപനമാണ് എറണാകുളം മഹാരാജാസ് കോളജ്. പ്രൊഫ. എം.കെ.സാനുവും ഡോ.കെ.എസ്.രാധാകൃഷ്ണനും പ്രൊഫ.എം.ലീലാവതിയും സി.ആര്.ഓമനക്കുട്ടനും കെജിഎസും തുറവൂര്‍ വിശ്വംഭരനും പ്രൊഫ.എസ്.ഗുപ്തന് നായരും ഒക്കെ അടങ്ങിയ സാഹിത്യകാരന്മാര് മാത്രമല്ല, കേരളത്തിലെ എണ്ണം പറഞ്ഞ ഏറ്റവും മികച്ച പല അധ്യാപകരും ഈ കലാലയത്തില്‍ പഠിപ്പിച്ചവരാണ്. ഇവിടെ പഠിച്ച വിദ്യാര്‍ഥികളില്‍ കേരളത്തിന്റെ പൊതുജീവിതത്തിലെ നാനാ മേഖലകളിലും മികച്ച നേട്ടം കൈവരിച്ച പലരും ഉള്‍പ്പെടുന്നു.
കേരളത്തിലെ ഏറ്റവും മികച്ച കലാലയങ്ങളില്‍ ഒന്ന് എന്ന പേര് നേടിയ മഹാരാജാസ് കോളജ് എല്ലാ നല്ല വിദ്യാര്‍ത്ഥികളുടെയും സ്വപ്നമായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അഭിശപ്തമായ മുഖം ഇന്ന് ഈ കലാലയത്തിന്റെ ശവക്കുഴിയാണ് തോണ്ടിയിരിക്കുന്നത്. നേരത്തെ കെഎസ്യു ശക്തമായിരുന്ന കാലത്ത് അവരുടെ രാഷ്ട്രീയാതിപ്രസരമായിരുന്നു പ്രശ്നമെങ്കില്‍, ഇന്ന് എസ്എഫ്ഐയുടെ അരാജകത്വവാദവും തന്നിഷ്ടവും താന്തോന്നിത്തവും ഈ കലാലയത്തിന്റെ സല്‍പ്പേര് കളഞ്ഞുകുളിച്ചിരിക്കുന്നു. ജിഹാദി ആഭിമുഖ്യമുള്ള എസ്എഫ്ഐ നേതൃത്വമാണ് എറണാകുളം മഹാരാജാസ് കോളജില്‍ ഇന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ പഴയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടുവെച്ച സൈമണ്‍ ബ്രിട്ടോയുടെയും സുരേഷ് കുറുപ്പിന്റെയും സി.പി.ജോണിന്റെയും ഒന്നും കാലത്തെ എസ്എഫ്ഐയുടെ രാഷ്ട്രീയ കുലീനത ഇപ്പോള്‍ അവിടെയില്ല.
ഈരാറ്റുപേട്ടയിലെ ഒരു അഭിഭാഷകനെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പി.എം.ആര്‍ഷോയെ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അയാളെ കാണാനില്ലെന്നായിരുന്നു കേരളത്തിലെ പരിഹാസ്യമായ പോലീസ് സംവിധാനം പറഞ്ഞിരുന്നത്. കോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് പോലീസിന് അറസ്റ്റ് ചെയ്യേണ്ടിവന്നു. അറസ്റ്റിലായ ആര്‍ഷോ ജയിലില്‍ ആയിരുന്നപ്പോഴാണ് മഹാരാജാസ് കോളജിലെ പരീക്ഷ വന്നത്. അവിടെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ആര്‍ഷോയ്ക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. പക്ഷേ, പരീക്ഷാഫലത്തില്‍ ആര്‍ഷോ വിജയിച്ചു എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇക്കാര്യം കോളജില്‍ വാര്‍ത്തയായ സാഹചര്യത്തില്‍ ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടറായ അഖില നന്ദകുമാര്‍ ഇത് വാര്‍ത്തയാക്കി. കോളജിലെ പരാതിക്കാരായ കെഎസ്യുക്കാരുടെ വാക്കുകളാണ് അവര്‍ ഉദ്ധരിച്ചത്. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട എല്ലാവരുടെയും ഭാഗവും എടുത്താണ് വാര്‍ത്ത ചെയ്തത്. കൊച്ചി പോലീസ് ശനിയാഴ്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അഖിലാ നന്ദകുമാറിനെ കൂടി പ്രതിചേര്‍ത്ത് കേസെടുത്തു. സ്വതന്ത്ര ഭാരതത്തില്‍ ഇങ്ങനെയൊരു സംഭവം ഒരുപക്ഷേ, ചരിത്രത്തില്‍ ആദ്യമാണ്.
പണ്ട് പോലീസ് ജീപ്പില്‍ മുള്ളന്‍പന്നിയെ കടത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി റിപ്പോര്‍ട്ടര്‍ കെ. ജയചന്ദ്രനെതിരെ വയലാര്‍ രവി ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോള്‍ പോലീസ് നടപടി എടുത്തിരുന്നു. ബജറ്റ് ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ജനയുഗം റിപ്പോര്‍ട്ടര്‍ ആയിരുന്ന സി.ആര്.എന്‍ പിഷാരടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതും അന്ന് വിവാദമായിരുന്നു. ആധുനികകാലത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നില്ല. എസ്എഫ്ഐ സംസ്ഥാന നേതാവായ ആര്‍ഷോ പരീക്ഷ എഴുതാതെ വിജയിച്ചത് വാര്‍ത്തയല്ലേ? ഇതു വാര്‍ത്ത അല്ലെങ്കില്‍ പിന്നെ എന്താണ് വാര്‍ത്ത എന്ന് മാധ്യമപ്രവര്‍ത്തകരെ പഠിപ്പിക്കാനുള്ള ആര്‍ജ്ജവമാണ് പിണറായി വിജയന് കാട്ടേണ്ടത്. ഒരു വാര്‍ത്തയുടെ എല്ലാതരത്തിലുള്ള മാനദണ്ഡങ്ങളും പാലിച്ച് അന്തസ്സായാണ് ആ മാധ്യമപ്രവര്‍ത്തക അതു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പക്ഷേ, പോലീസിനെ ഉപയോഗിച്ച് കേസെടുത്ത് അറസ്റ്റ് ചെയ്ത് മാധ്യമപ്രവര്‍ത്തകരുടെ വായടപ്പിക്കാം എന്നാണ് പിണറായി വിജയനും കേരള പോലീസും കരുതുന്നതെങ്കില്‍ അത് ശുദ്ധഅസംബന്ധമാണെന്ന് പറയാതിരിക്കാനാവില്ല.
ഇത്തരം കരിനിഴല്‍ വീണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ പിന്നെ എന്താണ് മാധ്യമപ്രവര്‍ത്തനം? ആര്‍ഷോ നിരപരാധിയാണെങ്കില്‍ അത് തെളിയിക്കാനുള്ള ബാധ്യത എസ്എഫ്ഐക്കും ആര്‍ഷോക്കും ഉള്ളതാണ്. പരീക്ഷ എഴുതാത്തവന് വിജയിക്കുന്ന സംവിധാനത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടാനുള്ള ബാധ്യത, അവകാശം ഏതു മാധ്യമപ്രവര്‍ത്തകക്കും പ്രവര്‍ത്തകനും ഉണ്ട്. കാരണം പഴയ അനുഭവങ്ങള്‍ തന്നെയാണ്. എസ്എഫ് ഐ നേതൃത്വത്തില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നടന്ന സംഭവങ്ങളും എംജി യൂണിവേഴ്സിറ്റിയില്‍ നടന്ന സംഭവങ്ങളും പിഎസ്സി പരീക്ഷയിലെ ക്രമക്കേടും ഒക്കെത്തന്നെ ഈ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ്. അതുകൊണ്ടുതന്നെ ഈ വാര്‍ത്ത പ്രാധാന്യമുള്ളതുമാണ്. അടിയന്തരാവസ്ഥയെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ ഒരു വനിതാ റിപ്പോര്‍ട്ടര്‍ക്കെതിരെ പോലീസ് കേസെടുത്ത് എസ്എഫ്ഐ നേതാക്കളെ രക്ഷിക്കാമെന്ന് കരുതുന്ന പിണറായി വിജയനെ പോലെ ഒരു മരമണ്ടന്‍ കേരളരാഷ്ട്രീയത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല.
ഭാരതത്തിലെ, ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും വലിയ നെറികേടാണ് ഈ സംഭവം എന്ന് പറയാതിരിക്കാനാവില്ല. ഭരണകൂടത്തിന്റെ നിയമവിരുദ്ധ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള ബാധ്യത എക്സിക്യൂട്ടീവിന് ഇല്ലെന്ന കാര്യം സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും അടിമ മനോഭാവത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ച കൊച്ചി പോലീസിന്റെ നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഹൈക്കോടതി അടക്കമുള്ള നീതിപീഠങ്ങള്‍ ഭരണഘടനാനുസൃത സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്ക് ഉറപ്പാക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുക്കണം എന്ന അഭ്യര്‍ത്ഥനയാണ് മുന്നോട്ടുവെക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: