ന്യൂദല്‍ഹി: ഡിജിറ്റൈസേഷന് വലിയ പരിവര്‍ത്തനത്തിനുള്ള ഉപാധിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റല്വല്കരണം ഇന്ത്യയില്‍ വലിയതോതിലുള്ള പരിവര്‍ത്തനം സാധ്യമാക്കി. അതിലൂടെ ജനങ്ങളെ ശാക്തീകരിക്കാനും അവര്‍ക്കു വിവരങ്ങള്‍ ലഭ്യമാക്കാനും സാധിച്ചു. വാരാണസിയില്‍ നടക്കുന്ന ജി20 രാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗത്തെ ഓണ്‍ലൈനായി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
നയരൂപീകരണത്തിനും വിഭവങ്ങള്‍ കാര്യക്ഷമമായി വിനിയോഗിക്കാനും പൊതുസേവന വിതരണം ഫലപ്രദമാക്കാനും ഡാറ്റ നിര്‍ണായകമാണ്. സാങ്കേതികവിദ്യയുടെ ജനാധിപത്യവല്കരണം ഡാറ്റ വിഭജനത്തെ മറികടക്കാന്‍ സഹായിക്കുന്ന നിര്‍ണായക ഉപകരണമാണ്. ഡിജിറ്റൈസേഷന് സംബന്ധിച്ച വിവരങ്ങള്‍ സൗഹൃദ രാജ്യങ്ങളുമായി പങ്കിടാന്‍ ഇന്ത്യ തയാറാണെന്നും മോദി പറഞ്ഞു.
പൗരാണിക നഗരമായ വാരാണസിയിലേക്ക് ഏവരേയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, നൂറ്റാണ്ടുകളായി വിജ്ഞാനത്തിന്റെയും ചര്‍ച്ചയുടെയും സംവാദത്തിന്റെയും സംസ്കാരത്തിന്റെയും ആത്മീയതയുടെയും കേന്ദ്രമായിരുന്നു കാശിയെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന പൈതൃകവും കാശിക്കുണ്ട്.
സ്ത്രീശാക്തീകരണത്തില്‍ മാത്രം ഇന്ത്യ ഒതുങ്ങുന്നില്ല. സ്ത്രീകള്‍ നയിക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലേക്കാണ് രാജ്യം നീങ്ങുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ലിംഗസമത്വവും സ്ത്രീശാക്തീകരണവും അനിവാര്യമാണ്, പ്രധാനമന്ത്രി പറഞ്ഞു. കാശിയെ കണ്ടറിയാന്‍ അവരോട് അഭ്യര്‍ഥിച്ച മോദി, ഗംഗാ ആരതി അനുഭവിച്ചറിയാനും സാരാനാഥ് സന്ദര്‍ശിക്കാനും നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: