തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇന്ഫെര്മേഷന് സെന്ററില്‍ വിവിധ ഭാഷകളില്‍ അനൗണ്‍സറായി സേവനം അനുഷ്ഠിച്ചു വന്ന ശ്രീനിവാസ് സ്വാമി അന്തരിച്ചു.
ബെംഗളൂരു, മേടഹള്ളി സ്വദേശിയാണ് ശ്രീനിവാസ് സ്വാമി. കഴിഞ്ഞ 25 വര്‍ഷമായി അദേഹം സന്നിധാനത്ത് പ്രവര്‍ത്തിച്ചു. ദേവസ്വം പബ്ലിസിറ്റി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് കേന്ദ്രമായിയാണ് സ്വാമി പ്രവര്‍ത്തിച്ചിരുന്നത്. മാതൃഭാഷയായ കന്നഡ കൂടാതെ തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും അദേഹം അറിയിപ്പുകളില്‍ നല്‍കിയിരുന്നു.
അയ്യപ്പഭക്തര്‍ അറിഞ്ഞിരിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ കാര്യങ്ങള്‍ വിവിധഭാഷകളില്‍ അനൗണ്‍സ് ചെയ്യുക, ഭക്തര്‍ നേരിട്ടും ടെലിഫോണിലും ചോദിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുക, പൂജകളുടേയും വഴിപാടുകളുടേയും വിവരങ്ങള്‍ മൈക്കിലൂടെ അറിയിക്കുക, കൂട്ടംപിരിഞ്ഞെത്തുന്നവരെ ഉച്ചഭാഷിണിയിലൂടെ അറിയിച്ചുവരുത്തി അവരെ കൂട്ടിയോജിപ്പിക്കുക, കളഞ്ഞുകിട്ടിയ സാധനങ്ങളെപ്പറ്റി മൈക്കിലൂടെ പറഞ്ഞ് ഉടമസ്ഥനെ വരുത്തി തിരികെ നല്‍കുക എന്നിവയായിരുന്നു ശ്രീനിവാസ് സ്വാമിയുടെ പ്രധാന ജോലി.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് അത്താണിയായിരുന്നു ശ്രീനിവാസ് സ്വാമി. ബിഎസ്എഫ്. ജവാനായി ജോലി ചെയ്തിരുന്ന അദേഹം ഉദ്യോഗം ഉപേക്ഷിച്ച് നാട്ടിലെത്തി ഓട്ടോ ഡ്രൈവറായി ഉപജീവനം നടത്തിയിരുന്നു. വിവിധസ്ഥാപനങ്ങളില്‍ സെക്യൂരിറ്റിയായും ജോലി ചെയ്തതിനു പിന്നാലെയാണ് 1998ല്‍ ശബരിമല പിആര്‍ഒ. ഓഫീസില്‍ സേവനത്തിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: