ജിജേഷ് ചുഴലി
കോഴിക്കോട്: പിഎസ്സി വഴി നിയമനത്തിന് അഡൈ്വസ് മെമ്മോ കിട്ടിയിട്ടും പോലീസ് ഡ്രൈവര്‍മാരായി നിയമനം കിട്ടാതെ പട്ടികവര്‍ഗ സ്പെഷല്‍ റിക്രൂട്ട്മെന്റില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍. 2021ലെ പോലീസില്‍ ഡ്രൈവര്‍ സ്പെഷല്‍ റിക്രൂട്ട്മെന്റില്‍ അഡൈ്വസ് മെമ്മോ കിട്ടിയിട്ട് നാലു മാസമായി. മെമ്മോ കിട്ടിയാല്‍ മൂന്ന് മാസത്തിനകം ട്രെയിനിയായി ജോലിയില്‍ കയറണമെന്നാണ് ചട്ടം. എന്നാല്‍ ഇതുവരെ ആരെയും ട്രെയിനിങ്ങിന് വിളിച്ചിട്ടില്ല.
ഫണ്ടില്ലാത്തതാണ് ട്രെയിനിങ് നീട്ടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. അടുത്ത റിക്രൂട്ട്മെന്റു കൂടിയായ ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകൂയെന്നാണ് മറുപടികള്‍ കിട്ടുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. അപ്പോള്‍ സ്പെഷല്‍ റിക്രൂട്ട്മെന്റിന്റെ പ്രസക്തി എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.
2021ല്‍ സംസ്ഥാനത്ത് സ്പെഷല്‍ റിക്രൂട്ട്മെന്റില്‍ 200 പേരാണ് പരീക്ഷ എഴുതിയിരുന്നത്. അതില്‍ 75 പേര് ലിസ്റ്റില്‍ വന്നു. അതില്‍ ആദ്യത്തെ 30 പേര്‍ക്കാണ് പിഎസ്സി കഴിഞ്ഞ മൂന്ന് മാസം മുന്‍പ് അഡൈ്വസ് മെമ്മോ അയച്ചത്. ഇങ്ങനെ ട്രെയിനിങ് നീണ്ടുപോകുന്നത് കൊണ്ട് തങ്ങളുടെ സര്‍വ്വീസ് നഷ്ടമാകുമെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട കാടിന്റെ മക്കളാണ് ഫണ്ടില്ല എന്ന പേരില്‍ അനിശ്ചിതത്വത്തിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: