തിരുവനന്തപുരം: സ്വീകരണങ്ങളും പൊതുയോഗങ്ങളും സമ്മേളനങ്ങളും ഒഴിവാക്കി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ റിഡ്രാഷനിലെ അന്തേവാസികളായ ഭിന്നശേഷി കുട്ടികള്‍ക്കൊപ്പം സമയം ചെലവിട്ട് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് തലസ്ഥാനത്ത് ആദ്യ സന്ദര്‍ശനം നടത്തി. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ റിഡ്രാഷന് എന്ന സ്ഥാപനത്തിന്റെ ഉപജ്ഞാതാവായ ഫാദര്‍ ഫെലിക്സിന്റെ കല്ലറയിലെത്തി പൂക്കള്‍ അര്‍പ്പിച്ച ശേഷമായിരുന്നു കുട്ടികളുമായി സൗഹൃദം പങ്കുവച്ചത്.
സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ 120 കുട്ടികളുടെ പേരില്‍ ജന്‍ധന്‍ അക്കൗണ്ട് തുടങ്ങി രണ്ടായിരം രൂപ വീതം ഓരോ അക്കൗണ്ടിലും നിക്ഷേപിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചു. സെന്ററിലെ കുട്ടികള്‍ക്ക് ആവശ്യമുള്ള ഫര്‍ണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കാനും തീരുമാനിച്ചു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഫാദര്‍ ഫെലിക്സിന്റെ പേരില്‍ അവാര്‍ഡ് നല്‍കും. ഇതിനായി ഒരു ലക്ഷം രൂപ നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള സി.വി. ആനന്ദബോസിന്റെ ആദ്യ തിരുവനന്തപുരം സന്ദര്‍ശനമായിരുന്നു ഇന്നലെ. മെന്റല്‍ റിഡ്രാഷനിലെ സന്ദര്‍ശനത്തിന് മുമ്പ് പ്രമുഖ ശാസ്ത്രജ്ഞനും തന്റെ ഗുരുനാഥനുമായ ഡോ. സി.ജി. രാമചന്ദ്രന് നായരെ അദ്ദേഹത്തിന്റെ വസതിയിലെത്തി ഗവര്‍ണര്‍ സന്ദര്‍ശിച്ചു. ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഈടുറ്റ സംഭാവനകള്‍ നല്കിയ ഡോ.സി.ജി. ആറിന് സ്ക്രോള്‍ ഓഫ് ഹോണര്‍ ബഹുമതി നല്കി ഗവര്‍ണര്‍ ആദരിച്ചു.
തുടര്‍ന്ന് ആധ്യാത്മിക ഗുരുവും എഡ്യൂക്കേഷന്‍ ഫോര്‍ ടോട്ടല്‍ കോണ്‍ഷ്യസ് നെസ് എന്ന പഠന രീതിയുടെ ഉപജ്ഞാതാവുമായ സ്വാമി ഈശയെ സന്ദര്‍ശിച്ചു. ലഭിക്കുന്ന ഓരോ പദവിയും ഈശ്വര സമര്‍പ്പണമായി കാണണമെന്ന് സ്വാമി ഉപദേശിച്ചു. ശിഷ്ടകാലം ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെ ആനന്ദം കണ്ടെത്തുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: