നെടുമങ്ങാട് (തിരുവനന്തപുരം): നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയെത്തിയ ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് കരകുളം ചെക്കക്കോണം മുളമുക്ക് ചേമ്പുവിള വടക്കുംകര പുത്തന്‍വീട്ടില്‍ സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകള്‍ ആര്‍ച്ച ആണ് മരിച്ചത്. പനിയോടൊപ്പം ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എത്തിയതായിരുന്നു. എന്നാല്‍ ഇന്നലെ പകല്‍ 11 മണിയോടെ കുട്ടി മരിച്ചു.
ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാരോപിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും ആശുപത്രിക്കു മുമ്പില്‍ ഏറെ നേരം ബഹളമുണ്ടാക്കി. പതിനൊന്ന് മണിക്ക് മരിച്ച കുട്ടിയെ മോര്‍ച്ചറിയിലേക്ക് മാറ്റണമെന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും പോലീസ് എത്തി നടപടി പൂര്‍ത്തിയാക്കാന്‍ താമസം വന്നതും വീണ്ടും ബഹളത്തിന് കാരണമായി.
ആഴ്ചകള്‍ക്ക് മുമ്പ് കുട്ടിക്ക് കരകുളം ഡിപിഎംഎസിലും നെടുമങ്ങാട് സുപ്രഭ ആശുപത്രിയിലും ചികിത്സ തേടിയിരുന്നെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പനിക്കും ശ്വാസംമുട്ടിനും ചികിത്സ നടത്തുകയായിരുന്നു. ദിവസേന പരിശോധ നടത്തി വീട്ടിലേക്ക് തിരികെ മടങ്ങുമായിരുന്ന കുട്ടിക്ക് ഇന്നലെ ശ്വാസംമുട്ടല്‍ കലശലായതിനെ തുടര്‍ന്ന് രാവിലെ കുട്ടിയുടെ വല്യമ്മ സുചിത്ര കുട്ടിയെ ആശുപത്രിയിലെത്തിച്ച് ആവിയെടുത്ത് മരുന്നും വാങ്ങി വീട്ടിലേക്ക് തിരികെ പോയി.
വീട്ടിലെത്തിയ കുട്ടി നിവര്‍ന്നിരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആണെന്ന് മനസിലാക്കിയ രക്ഷകര്‍ത്താക്കള്‍ വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു. പതിനൊന്ന് മണിയോടെ മരിച്ചു. തുടര്‍ന്ന് ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുന്പില് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചു. രാവിലെ ആശുപത്രിയില്‍ വന്ന് ആവി എടുത്ത ശേഷം വിട്ടില്‍ പറഞ്ഞയച്ചുവെന്നും തിരികെയെത്തുമ്പോള്‍ മരണം സംഭവിച്ചതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ മരണ കാരണം വ്യക്തമാകൂവെന്നും ആശുപത്രി സൂപ്രണ്ട് രേഖാ രവീന്ദ്രന് പറഞ്ഞു. നെടുമങ്ങാട് പോലീസ് എത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദ്ദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: