ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്നാട്ടില്‍ എത്തിയപ്പോള്‍ പവര്‍ കട്ട് ഉണ്ടായതോടെ റോഡ് മുഴുവന്‍ ഇരുട്ടിലായതിനെക്കുറിച്ച് ആശങ്ക ഉയരുന്നു. അമിത് ഷാ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെയായിരുന്നു പവര്‍ കട്ട് ഉണ്ടായത്. ഇതോടെ റോഡിലെ ലൈറ്റുകളെല്ലാം അണഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയെ വഹിച്ച കാറുകള്‍ കടന്നുപോകുമ്പോള്‍ റോഡുകള്‍ ഇരുട്ടിലാണ്ടത് ഡിഎംകെ ഭരിയ്ക്കുന്ന തമിഴ് നാട് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും ഇത് സുരക്ഷാ വീഴ്ചയുടെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബിജെപി കോയമ്പത്തൂര്‍ സൗത്ത് എംഎല്‍എ വനതി ശ്രീനിവാസന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ. ഇതില്‍ ഇരുട്ടുനിറഞ്ഞ റോഡിലൂടെ നീങ്ങുന്ന അമിത് ഷായുടെ വാഹനം കാണാം :
ബിജെപി കോയമ്പത്തൂര്‍ സൗത്ത് എംഎല്‍എ വനതി ശ്രീനിവാസന് ഉള്‍പ്പെടെയുള്ളവര്‍ സ്റ്റാലിന് സര്‍ക്കാര്‍ മനപൂര്‍വ്വം നടത്തിയ സുരക്ഷാ വീഴ്ചയാണിതെന്ന് ആരോപിക്കുന്നു. മുന്നറിയിപ്പില്ലാതെ വൈദ്യുതി പോയതിനാല്‍ പൊതുവേ കര്‍ശനമായി സുരക്ഷപാലിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയെ അപകടത്തിലേക്ക് തള്ളിവിട്ടതിന് തുല്യമാണെന്നും വനതി ശ്രീനിവാസന് പറയുന്നു.
“ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം. കേന്ദ്ര ആഭ്യന്തരമന്ത്രി ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയ ഉടന്‍ എങ്ങിനെയാണ് പൊടുന്നനെ വൈദ്യുതി ഇല്ലാതായത്? ഇത് സുരക്ഷാ വീഴ്ചയാണ്. ഇത് ഗൗരവമായി അന്വേഷിക്കണം”- ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കാരു നാഗരാജന് ആവശ്യപ്പെട്ടു.
വിമാനത്താവളത്തില്‍ നിന്നും അമിത് ഷായുടെ വാഹനം പുറത്തുപോകുമ്പോള്‍ പരിസരപ്രദേശങ്ങള്‍ മുഴുവന്‍ ഇരുട്ടിലായിരുന്നു. വാഹനത്തിനുള്ളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കൃത്യമായി കാണാമായിരുന്നു. ഈ സംഭവത്തിന് പിന്നാലെ അവിടെ കൂടിയ ബിജെപി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന് മുന്പില് പ്രതിഷേധിച്ചു.
അമിത് ഷാ ഗിണ്ടിയിലുള്ള ഹോട്ടലിലേക്ക് പോകുമ്പോള്‍ പൊടുന്നനെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. ഇത് മനപൂര്‍വ്വം ചെയ്തതാണെന്ന് ചെന്നൈ വിമാനത്താവളത്തിന് മുന്പിലെ ബിജെപി നേതാക്കള്‍ ആരോപിച്ചു. പൊടുന്നനെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ ഭരണസംവിധാനം പറയുന്നു. എന്തെങ്കിലും യഥാര്‍ത്ഥ കാരണം കൊണ്ടാണോ വൈദ്യുതി പോയതെന്നാണ് അന്വേഷിക്കുക. ഗുജറാത്ത്, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: