ഗോപന്‍ചുള്ളാളം
തിരുവനന്തപുരം: പവന് ഒരു സ്വര്‍ണപ്പതക്കമാണ്. പ്രതിഭകളുടെയിടയിലെ തനി തങ്കം. സാധാരണ മാതാപിതാക്കളുടെ മകനായി സാധാരണ കുടുംബത്തില്‍ ജനനം. മൂന്നാം വയസില്‍ മലയാള അക്ഷരപഠനം. നാലാം വയസില്‍ മലയാള കഥാരചന, അഞ്ചാം വയസില്‍ സ്വയം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം. ആറാം വയസില്‍ ഇഗ്ലീഷ്, മലയാളം കഥകളുടെ സമാഹാരം പ്രസിദ്ധീകരിക്കല്‍, കുരുന്ന് പവന്റെ പ്രതിഭ കണ്ടറിഞ്ഞവരിലൂടെ അഞ്ച് വിദേശഭാഷകളിലേക്ക് കഥകളുടെ വിവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. പവന് രണ്ടാംക്ലാസിലേക്ക് പ്രവേശനോത്സവ ദിനത്തിലെത്തിയപ്പോള്‍ സ്കൂള്‍ മാനേജര്‍ തോട്ടയ്ക്കാട് ശശിയാണ് ഹെഡ്മിസ്ട്രസ് ഷീജയ്ക്ക് നല്കി പവന് രചിച്ച ‘തേന്‍കൂട്’ എന്ന കഥാസമാഹാരം പ്രകാശിപ്പിച്ചത്. പതിനേഴ് കഥകളുള്ള ഇതില്‍ മൂന്നെണ്ണം ഇംഗ്ലീഷിലും പതിനാലെണ്ണം മലയാളത്തിലുമാണ്.
മൂന്നാം വയസില്‍ അക്ഷരം പഠിക്കാന്‍ കുറിയേടത്തുകോണം അങ്കണവാടിയിലെത്തിയെങ്കിലും കൊവിഡ് മഹാമാരിയുടെ ഭീഷണികാരണം പവന് അധികദിവസം അവിടെത്തുടരാനായില്ല. അങ്കണവാടി അടച്ചുപൂട്ടി. വീട്ടില്‍ അമ്മയുടെ മടിയിലിരുന്നുതന്നെ പവന് മലയാള അക്ഷരങ്ങള്‍ പഠിച്ചു. അമ്മ പഠിപ്പിച്ച അക്ഷരം മറന്നുപോകാതിരിക്കാന്‍ പുസ്തകങ്ങള്‍ വായിച്ചു. എന്തും വായിക്കുന്ന പവന് മാതാപിതാക്കള്‍ കുട്ടിക്കഥകളുടെ ലോകം സമ്മാനിച്ചു. കിട്ടിയതെല്ലാം അവന് ആര്‍ത്തിയോടെ വായിച്ചുതീര്‍ത്തു. നാലാംവയസില്‍ മലയാളത്തിലെഴുതിയ കഥകളിലൂടെ പവനെന്ന കുരുന്നിലെ പ്രതിഭയെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. അഞ്ചാംവയസില്‍ അമ്മയില്‍ നിന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ പഠിച്ച പവന് ഇംഗ്ലീഷ് നിഘണ്ടുക്കളുടെ സഹായത്തോടെ തന്റെ ചില കഥകള്‍ വ്യാകരണത്തെറ്റുപോലുമില്ലാതെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയപ്പോള്‍ അച്ഛന് ബിനുവും അമ്മ ചന്ദനയും അദ്ഭുതപ്പെട്ടു. പവന് കഴിവുകളുടെ അക്ഷയഖനിയാണെന്ന് അതോടെ അവര്‍ക്ക് ബോധ്യമായി.
അഞ്ചു വയസായപ്പോള്‍ പവനെ തേവലക്കാട് എസ്എന്‍ യുപിഎസില്‍ മലയാളം മീഡിയത്തില്‍ ഒന്നാംക്ലാസില്‍ ചേര്‍ത്തു. കഥകള്‍ക്കൊപ്പം കവിതാരചനയിലും പവന് മിടുക്ക് തെളിയിച്ചുതുടങ്ങി. യുപിതലത്തിലുള്ള കുട്ടികളുമായി ക്വിസ്മത്സരങ്ങളില് പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു. 80 ശതമാനംവരെ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്കാന് പവന് സാധിക്കാറുണ്ട്.
തുടര്‍ന്ന് ആറ്റിങ്ങല്‍ സ്വദേശിയായ ബാലചന്ദ്രന്‍നായര്‍ എന്ന സാഹിത്യകാരന്റെ സഹായത്തോടെ ‘ദ ഹാവല്‍ ഇന്റര്‍നാഷണല്‍’ ഫെയ്സ്ബുക്ക് കൂട്ടായ്മയ്ക്ക് പവന് എഴുതിയ കവിതകള്‍ പരിചയപ്പെടുത്തി. 62 രാജ്യങ്ങളിലെ എഴുത്തുകാരുടെ കൂട്ടായ്മയാണിത്. യുപി വിഭാഗം മുതലുള്ള കുട്ടികളുടെ കവിതാമത്സരത്തില്‍ പങ്കെടുത്ത ആറുവയസുകാരന് പവന് എഴുതിയ ലിറ്റില്‍സ്റ്റാര്‍ എന്ന കവിതയ്ക്ക് ദ ഹാവല്‍ ഇന്റര്‍നാഷണല്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു. ഇക്കഴിഞ്ഞ ജനുവരിയില്‍ പാളയം സെന്‍ട്രല്‍ ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മിഭായിയാണ് പവന് പുരസ്കാരം സമ്മാനിച്ചത്.
കാര്‍പ്പെന്റര്‍ തൊഴിലാളിയായ കിളിമാനൂര്‍ നഗരൂര്‍ ചെമ്മരുത്തുമുക്ക് ചെമ്മരുത്ത്പുത്തന്വീട്ടില് കെ.എസ്. ബിനുവാണ് പിതാവ്. അമ്മ ചന്ദന വീട്ടമ്മയാണ്. ഏക സഹോദരി ഗായത്രി ചിറയിന്‍കീഴ് ഗവ. എച്ച്എസില്‍ എട്ടാംക്ലാസില്‍ പഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: