കോഴിക്കോട് :തളി ക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയിൽ. ഞായറാഴ്ച രാവിലെ സുരക്ഷാ ജീവനക്കാരാണ് മീനുകൾ ചത്തുപൊങ്ങിയതായി കണ്ടത്. ഓടയിൽ നിന്ന് വിഷജലം ഒലിച്ചിറങ്ങിയതാണോ എന്ന് പൊലീസ് സംശയിക്കുന്നു.
ഉച്ചയോടെ കൂടുതൽ മീനുകള്‍ ചത്തുപൊങ്ങിയിട്ടുണ്ട്. യഥാര്‍ത്ഥ കാരണം എന്തെന്ന് കണ്ടെത്താനായിട്ടില്ല. ആരെങ്കിലും ദുഷ്ടലാക്കോടെ അട്ടിമറി നടത്തിയതാണോ എന്നതിന്റെ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. കസബ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
രാവിലെ ഏഴുമണിക്കാണ് സുരക്ഷാ ജീവനക്കാരൻ മീൻ ചത്തുപൊങ്ങിയത് കണ്ടത്. ചത്ത മീനുകളുടെ സാംപിളുകള്‍ പരിശോധനയ്‌ക്കായി ലാബിലേക്ക് അയച്ചു. ക്ഷേത്രക്കുളത്തിൽ ഇറങ്ങുന്നതും കുളിക്കുന്നതുമെല്ലാം കുറച്ച് മാസങ്ങൾക്ക് മുൻപ് നിരോധിച്ചിട്ടുണ്ട്.
തളിയമ്പലം എന്നറിയപ്പെടുന്ന കോഴിക്കോട് തളി മഹാദേവ ക്ഷേത്രം കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ്. കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഉള്‍പെട്ട നാല് തളിക്ഷേത്രങ്ങളില്‍ ഒന്നാണ് കോഴിക്കോട്ടേത്.
തളിക്ഷേത്രത്തിന്റെ പേര് മര്‍ക്കസ് ദുവ എന്നാക്കി മാറ്റാന്‍ കോഴിക്കോട് കോര്‍പറേഷന് പദ്ധതിയുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. വിവാദമായതോടെ അന്ന് നഗരസഭ ഭാരവാഹികള്‍ തന്നെ ഇത് വ്യാജവാര്‍ത്തയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: