ടൊറന്റോ : കാനഡയിലെ ചില ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാടുകടത്തുന്നത് തടയാനുള്ള കനേഡിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടപെടല്‍ നിര്‍ണായകമായി.കനേഡിയന്‍ അധികാരികള്‍ക്ക് വ്യാജ വിസകളും മറ്റും സമര്‍പ്പിച്ചതിന് നാടുകടത്തല്‍ ഭീഷണി നേരിടുകയാണ് ഈ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍.
ഈ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും 2017-2019 കാലയളവില്‍ കാനഡയില്‍ എത്തിയതാണ്. അവരില്‍ ചിലര്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം വര്‍ക്ക് പെര്‍മിറ്റ് നേടിയിട്ടുണ്ട്.
വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ കനേഡിയന്‍ വിദേശകാര്യ മന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തു.പുറത്താക്കല്‍ ഭീഷണി നേരിടുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികളും താമസിക്കുന്ന ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അവരില്‍ പലരുമായും ആശയവിനിമയം നടത്തി.
വിദ്യാര്‍ത്ഥികള്‍ തെറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ കനേഡിയന്‍ അധികാരികളോട് നീതി പുലര്‍ത്താനും മാനുഷിക സമീപനം സ്വീകരിക്കാനും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നതായി ഇന്ത്യന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കനേഡിയന്‍ സംവിധാനത്തിലെ പിഴവുകളാണ് വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ പ്രവേശിക്കാന്‍ കാരണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികളെ കാനഡയില്‍ എത്തിച്ച ഏജന്‍സിയാണ് വ്യാജ രേഖകള്‍ ചമച്ചത്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അവസ്ഥ മനസിലാക്കിയ കാനഡയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലുളള പാര്‍ലമെന്റംഗങ്ങള്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് സംസാരിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും വിദ്യാര്‍ത്ഥികളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിച്ചു.
അംഗീകാരമുളള സര്‍വകലാശാലകളും കോളേജുകളും തെരഞ്ഞെടുത്ത് വേണം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാനെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: