ചെങ്ങന്നൂര്‍: പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചിട്ടും കഴിഞ്ഞ മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമൊരുക്കിയ പണത്തിനായി പ്രഥമാധ്യാപകരുടെ നെട്ടോട്ടം. ഉച്ചഭക്ഷണത്തിനാവശ്യമായ അരി സൗജന്യമാണെങ്കിലും കറിയ്ക്ക് ആവശ്യമായ ഉപ്പ് തൊട്ട് പച്ചക്കറി വരെ കൈയില്‍ നിന്ന് പണം കൊടുത്ത് വാങ്ങണം.
പച്ചക്കറികളും പലചരക്ക് സാധനങ്ങളും നിശ്ചിത കടയില്‍ നിന്നേ വാങ്ങാവൂ എന്നും അവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നല്‍കും എന്നുമാണ് നിബന്ധന. ഇതോടെ കച്ചവടക്കാര്‍ക്ക് ഒഴിവാകാനും വിദ്യാലയങ്ങള്‍ക്ക് കച്ചവടക്കാരെ ഒഴിവാക്കാനും വയ്യാത്ത അവസ്ഥയാണ്. കഴിഞ്ഞ തവണയും മാസങ്ങള്‍ കഴിഞ്ഞാണ് പണം നല്‍കിയത്. എന്നിട്ടും ഉച്ചഭക്ഷണം ഇവര്‍ വിളമ്പുന്നത് സമൃദ്ധമായിട്ടാണ്. പിടിഎകള്‍ ആദ്യം സഹകരിച്ചിരുന്നെങ്കിലും ഫണ്ട് തീര്‍ന്നതോടെ ഉത്തരവാദിത്തം പ്രധാനാദ്ധ്യാപകന്റെ തോളിലായി. അദ്ധ്യയന നിലവാരം മെച്ചപ്പെടുത്തുന്ന ജോലിയ്ക്ക് പുറമേയാണ് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ഉച്ചഭക്ഷണ വിതരണ ചുമതലയും.
ഉച്ചഭക്ഷണത്തിന് നിലവില്‍ പ്രതിദിനം ഒരു കുട്ടിയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് എട്ട് രൂപയാണ്. 150 കുട്ടികള്‍ വരെയുള്ള സ്കൂളിലാണ് ഒരു കുട്ടിക്ക് എട്ട് രൂപ. 151 മുതല്‍ 500 വരെ കുട്ടികളുള്ള സ്കൂളില്‍ ഏഴ് രൂപ ലഭിക്കും. 500 ന് മുകളില്‍ ആറു രൂപയാണ് നല്‍കുന്നത്. പലവ്യഞ്ജനം, പച്ചക്കറി, മുട്ട, പാല്, പാചകവാതകം എന്നിവയ്ക്കെല്ലാം കൂടിയാണ് ഈ തുക നല്‍കുന്നത്.
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മെനു അനുസരിച്ചാണ് ഭക്ഷണം തയ്യാറാക്കേണ്ടത്. ആഴ്ചയില്‍ ഒരു മുട്ടയും രണ്ടു തവണ പാലും നിര്‍ബന്ധമാണ്. അരി സ്കൂളിലെത്തിക്കാനുള്ള വണ്ടിക്കൂലിയും കയറ്റിറക്ക് കൂലിയും കണ്ടെത്തണം. ഒരു മാസം കുറഞ്ഞത് 16000 രൂപ കൈയില്‍ നിന്ന് ഇറക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: