തേനി : അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാന്‍ കര്‍ശ്ശന നിരീക്ഷണവുമായി തമിഴ്‌നാട് വനം വകുപ്പ്. നിലവില്‍ കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ തന്നെ തുടരുന്നതായാണ് റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പെട്ടന്ന് ജനവാസ കേന്ദ്രത്തിലേക്ക് എത്താന്‍ സാധ്യതയില്ലെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍.
കന്യാകുമാരിക്ക് സമീപമുള്ള ജനവാസ മേഖലയിലേക്കോ കേരളത്തിലെ പൊന്മുടിയടക്കമുള്ള മേഖലയിലേക്കോ അരിക്കൊമ്പന്‍ കടക്കാതിരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശ്രമം നടത്തി വരികയാണ്. ആളുകളുമായി അടുത്തിടപഴകി പരിചയമുള്ളതിനാല്‍ ജനവാസമേഖലയിലേക്ക് എത്തിപ്പെട്ടാല്‍ അരിക്കൊമ്പനെ തിരികെ കൊണ്ടു വരിക എന്നത് ദുഷ്‌കരമായ ദൗത്യമാകും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് തമിഴ്നാട് വനംവകുപ്പ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ഇതിനായി അമ്പതംഗ ദൗത്യസംഘത്തെയും വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്.
അപ്പര്‍ കോതയാര്‍ മുത്തുക്കുഴി വനമേഖലയില്‍ തുറന്നു വിട്ടപ്പോഴാണ് അരിക്കൊമ്പന്‍ കന്യാകുമാരി വനത്തിലേക്ക് കടന്നത്. കോതയാര്‍ ഡാമിന് സമീപത്തെത്തിയപ്പോള്‍ അരിക്കൊമ്പനില്‍ നിന്നുള്ള റേഡിയോ കോളര്‍ സിഗ്നല്‍ നഷ്ടപ്പെടുകയും വെള്ളിയാഴ്ച രാത്രിയോടെ സിഗ്‌നല്‍ ലഭിക്കുകയായിരുന്നു. കന്യാകുമാരി വനംമേഖലയിലാണ് ഇപ്പോഴുള്ളതെന്ന സിഗ്നലുകളാണ് ലഭിച്ചത്.
അതേസമയം അരിക്കൊമ്പന്‍ ഇതുവരെ പൂര്‍ണ്ണ ആരോഗ്യവാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിന്നക്കനാലില്‍ നിന്നും പിടികൂടുന്നതിന് മുന്നേയുള്ള ആരോഗ്യസ്ഥിതിയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. പഴയ ആരോഗ്യസ്ഥിതിയില്‍ ഒരു ദിവസം പതിനഞ്ചു മുതല്‍ ഇരുപത് കിലോമീറ്റര്‍വരെ അരിക്കൊമ്പന്‍ സഞ്ചരിക്കാറുണ്ട്. ശനിയാഴ്ച ആറു കിലോമീറ്റര്‍ മാത്രമാണ് അരിക്കൊമ്പന്‍ സഞ്ചരിച്ചത്. അപ്പര്‍ കോതയാറിന്റെ തെക്കന്‍ ദിശയിലേക്കായിരുന്നു അരിക്കൊമ്പന്‍ സഞ്ചരിച്ചത് എന്നാണ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകളില്‍ നിന്ന് വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: