ചെന്നൈ : തങ്ങളെ വളര്‍ത്താനായി കഷ്ടപ്പെട്ട അമ്മയുടെ സ്മരണയില്‍ താജ്മഹലിന്റെ മാതൃകയില്‍ സ്മാരകം നിര്‍മിച്ച് യുവാവ്. തമിഴ്‌നാട് തിരുവാരൂര്‍ ജില്ലയിലെ അമ്മയ്യപ്പന്‍ സ്വദേശിയായ അമറുദ്ദീന്‍ ഷെയ്ഖ് ദാവൂദാണ് അമ്മ ജൈലാനി ബീവിക്കായി സ്മാരകം നിര്‍മിച്ചത്.
ജൈലാനി ബീവിക്കും ഭര്‍ത്താവ് അബ്ദുള്‍ ഖാദറിനും നാല് പെണ്‍മക്കളും ഒരു മകനുമാണുള്ളത്. ചെന്നൈയില്‍ ഹാര്‍ഡ് വെയര്‍ സ്ഥാപനം നടത്തിയിരുന്ന പിതാവ് അബ്ദുള്‍ ഖാദറിന്റെ മരിക്കുമ്പോള്‍ അമറുദ്ദീന് പതിനൊന്ന് വയസ് മാത്രമാണ് ഉണ്ടായിരുന്നത്. ശേഷം അമ്മ ജൈലാനി ബീവി മക്കളെ വളര്‍ത്താന്‍ നന്നായി കഷ്ടപ്പെട്ടെന്ന് മകന്‍ പറയുന്നു.
ജൈലാനി ബീവി തന്റെ കുട്ടികളെ വളര്‍ത്താനായി ഒറ്റയ്‌ക്ക് കട ഏറ്റെടുത്ത് നടത്തി. ബിഎ ബിരുദം പൂര്‍ത്തിയാക്കിയ അമറുദ്ദീന്‍ ഷെയ്ഖ് ദാവൂദ് ചെന്നൈയില്‍ ബിസിനസ് നടത്തുകയാണ്. ആത്മവിശ്വാസവും അര്‍പ്പണബോധവും കൈമുതലാക്കിയാണ് അമ്മ മക്കളെ എല്ലാം വളര്‍ത്തി വലുതാക്കിയത്.
ജൈലാനി ബീവി അന്തരിച്ചപ്പോള്‍ അമ്മയ്‌ക്ക് ആദരാഞ്ജലിയായി ഒരു സ്മാരക ഭവനം നിര്‍മ്മിക്കാന്‍ അമറുദ്ദീന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് താജ്മഹലിന്റെ ആലോചനയിലേക്കെത്തുന്നത്. നിര്‍മ്മാണത്തിനായി രാജസ്ഥാനില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുകയും വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരുകയും ചെയ്തു. രണ്ട് വര്‍ഷമെടുത്ത് അഞ്ച് കോടി ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. അത് ജൂണ്‍ 2 ന് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനും സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: