‘മനുഷ്യന്‍ ഹാ, എത്ര സുന്ദരമായ പദം.’ മാക്സിം ഗോര്‍ക്കിയുടെ ഈ വാക്കിന് ഇന്നലെ പതിവിലും അധികം സൗന്ദര്യമുണ്ടായിരുന്നു, കരുത്തും! അതിജീവനത്തിന്റെ ഏറ്റവും മനോഹര പ്രതീകങ്ങളായ ആ നാലു കുഞ്ഞുമക്കള്‍ പുലരിയെ നോക്കി പ്രതീക്ഷയോടെ പുഞ്ചിരിച്ച ദിനം. 40 ദിവസം ജീവിതത്തിനും മരണത്തിനും ഇടയിലൂടെയുള്ള അജ്ഞാത സഞ്ചാരത്തിനൊടുവില്‍ ആമസോണ്‍ വനത്തിനുള്ളില്‍നിന്നും അവരെ വീണ്ടെടുത്തപ്പോള്‍ രക്ഷാദൗത്യത്തിലേര്‍പ്പെട്ടവരുടെ മുഖങ്ങളിലെ ആശ്വാസത്തിന്റെ തിളക്കത്തിന് സൂര്യശോഭയുടെ ചന്തമുണ്ടായിരുന്നിരിക്കാം.
വിമാനാപകടത്തെ തുടര്‍ന്ന് ആമസോണ്‍ വനത്തിന്റെ നിഗൂഢതയില്‍ മറഞ്ഞ ലെസ് ലി(13), ഒമ്പതു വയസ്സുകാരി സോളിനി, നാലുവയസ്സുകാരി ടിയന്‍ നോറില്‍, 11 മാസം മാത്രം പ്രായമുള്ള ക്രിസ്റ്റിന്‍ എന്നിവരെ തേടിയുള്ള അന്വേഷണം ആരംഭിച്ചത് മെയ് 16ന്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് മെയ് ഒന്നിനാണ് ഇവര്‍ സഞ്ചരിച്ച സെസ്ന 206 വിമാനം തകര്‍ന്നത്. ആമസോണിലെ അരാറക്വാറയില്‍ നിന്ന് സാന്‍ ജോസ് ഡേല്‍ഗ്വവിയാരേയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. കുട്ടികളുടെ അമ്മ, പൈലറ്റ്, ഒരു ഗോത്രവര്‍ഗ്ഗക്കാരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. അപകടത്തിന്റെ ആഘാതം ഉള്ളില്‍ പേറി ആ പതിമൂന്നുകാരി കളിചിരിമാറാത്ത നാലുവയസുകാരിയുടെ കൈപിടിച്ച്, പാല്‍മണം മാറാത്ത ആണ്‍ കുഞ്ഞിനെ മാറോട് ചേര്‍ത്ത് സഹോദരിക്കൊപ്പം ആമസോണ്‍ കാടിന്റെ കാണാമറയത്തേക്ക് നടന്നുകയറി. മുമ്പ് കാട്ടില്‍ കഴിഞ്ഞതിന്റെ അനുഭവമായിരുന്നു അവള്‍ക്ക് വഴികാട്ടിയായത്. നടന്നു നീങ്ങിയ വഴികളില്‍ അവരുടേതായ അടയാളങ്ങള്‍ അവര്‍ ഉപേക്ഷിച്ചു. അമ്മയെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പ്രകൃതി പോറ്റമ്മയായി. കായ്കനികള്‍ ഭക്ഷിച്ചായിരുന്നു ഇവര്‍ ജീവന്‍ നിലനിര്‍ത്തിയത്. വിശ്രമിക്കുന്നതിനായി കമ്പുകളും ചില്ലകളും ഉപയോഗിച്ച് താത്കാലിക ഷെഡുകള്‍ നിര്‍മിച്ചു. കുട്ടികള്‍ക്കായുള്ള തിരച്ചിലില്‍ ഇത് നിര്‍ണായക അടയാളമായി. കുഞ്ഞുകാല്‍പ്പാടുകളായിരുന്നു കുട്ടികള്‍ ജീവിച്ചിരിക്കുന്നു എന്നതിന്റെ മറ്റൊരു അടയാളം. മഴ ഇതില്‍ പാതിയും മായ്ച്ചുകളഞ്ഞെങ്കിലും പ്രകൃതി ആരുടേയോ വരവ് പ്രതീക്ഷിച്ചപോല്‍ ചിലത് സൂക്ഷിച്ചുവച്ചിരുന്നു. ഡയപ്പര്‍, പാല്‍ക്കുപ്പി, ഒരു ജോഡി കത്രിക, ഹെയര്‍ ബാന്‍ഡ്, പാതി ഭക്ഷിച്ചുപേക്ഷിച്ച പഴങ്ങള്‍ എന്നിവ ജീവന്റെ പ്രതീക്ഷകളായി.
അതിജീവനത്തിന്റെ കാനന വഴി
മെയ് 1: സെസ്ന 206 എന്ന ചെറു വിമാനം അപകടത്തില്‍പ്പെടുന്നു. കുട്ടികളുടെ അമ്മ മഗ്ദലേന വലേന്‍സിയ, പൈലറ്റ്, ഗോത്ര നേതാവ് എന്നിവര്‍ക്ക് ജീവഹാനി സംഭവിക്കുന്നു.
മെയ്16: ലോകത്തെ മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ രക്ഷാദൗത്യമായിരുന്നു ഓപ്പറേഷന്‍ ഹോപ്പ്. അപകടം നടന്ന് രണ്ടാഴ്ചയ്‌ക്ക് ശേഷം മെയ് 16 നായിരുന്നു മഴക്കാടുകള്‍ക്കുള്ളില്‍ തകര്‍ന്ന വിമാനവും മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. കുട്ടികള്‍ അപ്പോഴേക്കും ഏകദേശം 4.5 കി.മി. സഞ്ചരിച്ച് കാടിന്റെ ഉള്‍ഭാഗത്ത് എത്തപ്പെട്ടു.
മെയ് 18: കുട്ടികളെ കണ്ടെത്തിയതായി കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ട്വീറ്റ് ചെയ്യുന്നു. സര്‍ക്കാര്‍ എജന്‍സി നല്‍കിയ തെറ്റായ സന്ദേശമാണെന്ന് മനസ്സിലാക്കി ട്വീറ്റ് ഡിലീറ്റ് ചെയ്യുന്നു.
മൂടല്‍ മഞ്ഞും മരച്ചില്ലകളും ദൗത്യം ദുഷ്‌കരമാക്കി. അന്വേഷണത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഉറച്ച ദൗത്യസേനാംഗങ്ങള്‍ കുട്ടികള്‍ക്കായി ഭക്ഷണപ്പൊതികള്‍ ഹെലികോപ്ടറില്‍ നിന്ന് താഴേക്കെത്തിച്ചു. രാത്രിയിലെ തിരച്ചിലിനായി കാടിന് മുകളില്‍ കൂടി വെളിച്ച സംവിധാനം ഒരുക്കി. കുട്ടികള്‍ സുരക്ഷിതരായി ഒരിടത്തു തന്നെ തുടരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മുത്തശ്ശിയുടെ ശബ്ദസന്ദേശം മെഗാഫോണുകളിലൂടെ കാടിന്റെ വിവിധ ഭാഗങ്ങളിലായി കേള്‍പ്പിച്ചു. ഹ്വിറ്റോട്ടോ ഗോത്ര വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് കാടിനെക്കുറിച്ചും കാട്ടുപഴങ്ങളെക്കുറിച്ചുമുള്ള പരിജ്ഞാനം തുണയായി. 16 മണിക്കൂറോളം പെയ്യുന്ന മഴയിലൂടെ ഇടയ്‌ക്ക് വിശ്രമിച്ചും മറ്റുമായിരുന്നു കുട്ടികളുടെ യാത്ര.
ജൂണ്‍ 10: കുട്ടികളെ കണ്ടെത്തിയെന്ന ആഹ്ലാദം നിറഞ്ഞ വാര്‍ത്തയെത്തിയ ദിനം. പ്രസിഡന്റ് പെട്രോയാണ് ഈ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. രാജ്യത്തിന് മുഴുവന്‍ ആഹ്ലാദകരമായ ദിനം. ഇന്നത്തേത് ഒരു മാന്ത്രിക ദിവസമാണ്. അവര്‍ അതിജീവനത്തിന്റെ മാതൃക സൃഷ്ടിച്ചു. ഇന്നവര്‍ സമാധാനത്തിന്റേയും കൊളംബിയയുടേയും മക്കളാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അവശരായ കുട്ടികളെ തീവ്രപരിചരണത്തിനായി എയര്‍ലിഫ്റ്റ് ചെയ്തു തലസ്ഥാനമായ ബൊഗോട്ടയിലെ ആശുപത്രിയിലേക്ക് മാറ്റിയതും ഇന്നലെ.
തെരഞ്ഞുപോയത് ഇവര്‍
112 സായുധ സേനാംഗങ്ങളും സിയോന, അരാറക്വാറ എന്നിവിടങ്ങളില്‍ നിന്നുള്ള 72 ഗോത്രവിഭാഗക്കാരുമാണ് ആമസോണ്‍ മഴക്കാടുകളില്‍ രാപകലില്ലാതെ തെരച്ചില്‍ നടത്തിയത്. ഗോത്രവര്‍ഗക്കാരുടെ അറിവുകളും പട്ടാളത്തിന്റെ സാങ്കേതികവിദ്യകളും സമന്വയിപ്പിച്ചുകൊണ്ടായിരുന്നു തിരച്ചില്‍. കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഹെഡ്ലൈറ്റുകള്‍ ആകാശത്തേക്ക് തെളിച്ചു. നിരവധി ശ്വാനന്മാരും അന്വേഷണത്തിന്റെ ഭാഗമായുണ്ടായിരുന്നു.
നിഗൂഢം, ഭയാനകം ആമസോണ്‍
ആമസോണ്‍ മഴക്കാടുകള്‍ ഭയം ജനിപ്പിക്കുന്നതിനൊപ്പം നിഗൂഢവുമാണ്. അനാക്കോണ്ടയുടേയും ജാഗ്വാറുകളുടേയും വിഷപ്പാമ്പുകളുടേയും വിഹാരകേന്ദ്രമാണ് ആമസോണ്‍ മഴക്കാടുകള്‍. ഇതിനുള്ളില്‍ അകപ്പെട്ടാല്‍ രക്ഷപെടുക പ്രയാസം. കൂടാതെ ലഹരിമാഫിയകളും കാടിനുള്ളില്‍ സജീവം. അതുകൊണ്ടുതന്നെ നാല് കുട്ടികളുടേയും അതിജീവനം അവിശ്വസനീയവും അത്ഭുതകരവുമാണ്. പ്രകൃതിക്കൊരു സത്യമുണ്ട് എന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ ഇവിടെ വെളിവാകുന്നു. ആ അമ്മയുടെ കരുതലിന്റെ കരങ്ങളല്ലാതെ മറ്റെന്താണ് നാല് മക്കളെ സുരക്ഷിതരായി മടക്കി നല്‍കിയത്. കാട്ടിലകപ്പെടുമ്പോള്‍ 11 മാസം പ്രായമുണ്ടായിരുന്ന ക്രിസ്റ്റീന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ അമ്മ കൂടെയുണ്ടായില്ല എന്നതൊരു വേദനയാണ്. അവന്റെ ആദ്യ പിറന്നാള്‍ കടന്നുപോയതിന് സാക്ഷിയായത് പ്രകൃതിയെന്ന പോറ്റമ്മയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: