ഉമാ ആനന്ദ്
മഹാകവി ചങ്ങമ്പുഴയുടെ അനശ്വര കഥാപാത്രമാണ് രമണന്. അതൊരു വെറും പേരായിരുന്നില്ല. ഒരു കാലഘട്ടത്തിന്റെ സാംസ്കാരിക ബിംബമായിരുന്നു. മലയാളികള്‍ വരിനിന്ന് വാങ്ങിയ പുസ്തകമായിരുന്നു അത്. രമണന് ഒരു ലഹരിയായി മലയാളി മനസ്സില്‍ പെയ്തിറങ്ങുകയായിരുന്നു.
കവിയോടും കഥാപാത്രത്തോടുമുള്ള ആരാധന കാരണം കുട്ടികള്‍ക്ക് രമണനെന്ന പേരിടാന്‍ മാതാപിതാക്കള്‍ തയ്യാറായി. 1956 ലാണ് ഐക്യ കേരളമുണ്ടായതെങ്കിലും 1936 ല്‍ തന്നെ രമണന് സാംസ്കാരിക ഐക്യ കേരളത്തിന് തുടക്കം കുറിച്ചിരുന്നു. കൊച്ചിയില്‍ മാത്രമല്ല തിരുവിതാംകൂറിലും മലബാറിലും രമണന്മാര് ജനിച്ചുകഴിഞ്ഞിരുന്നു. കുട്ടികള്‍ക്ക് രമണനെന്നും മദനനെന്നും പേരിട്ട രക്ഷിതാക്കളും ഇവിടെ ഉണ്ടായിരുന്നു. അറിയപ്പെടുന്ന ഉദാഹരണമാണ് ചെറുകാട്.
എന്നാല്‍ രമണന്, മദനന് എന്നീ പേരുള്ള ഇരട്ട സഹോദരന്മാര് കേരളത്തില്‍ ഒന്നെയുള്ളൂ.
ഈ ചങ്ങമ്പുഴ ദിനത്തില്‍ ആ സംഭവ കഥ സന്തോഷത്തോടെ പങ്കുവയ്ക്കുന്നു.
കാലം 1929. മൂവാറ്റുപുഴയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ലക്ഷ്മി ജനിക്കുന്നു. സാമ്പത്തികമായ പരിമിതികള്‍ കാരണം പ്രാഥമികമായ വിദ്യാഭ്യാസം നേടുവാനെ ലക്ഷ്മിക്ക് കഴിഞ്ഞുള്ളൂ. 1950 ല്‍ ലക്ഷ്മിയുടെ വിവാഹം നടന്നു. മൂവാറ്റുപുഴക്കടുത്തുള്ള കാലാമ്പൂരുകാരനായ നാരായണനായിരുന്നു വരന്. വിവാഹ ശേഷം ആദ്യം നേര്യമംഗലത്തിനടുത്ത കാഞ്ഞിരവേലിയിലേക്കും, പിന്നീട് ഇടുക്കി ജില്ലയിലെ പൂപ്പാറയിലേക്കും നാരായണന്റെ കുടുംബം ചേക്കേറി. കാഞ്ഞിരവേലിയില്‍ 1967 ലാണ് രമണനും മദനനും ജനിക്കുന്നത്.
ചങ്ങമ്പുഴയുടെ വലിയ ആരാധികയായിരുന്ന രമണനിലെ ഈരടികള്‍ എപ്പോഴും മൂളിക്കൊണ്ടിരുന്ന ലക്ഷ്മിക്ക് ഇരട്ടകള്‍ പിറന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ലക്ഷ്മിയുടെ ആഗ്രഹത്തിന് നാരായണനും പിന്തുണ അറിയിച്ചതോടെ കേരളത്തിലാദ്യമായി (അവസാനമായും) അപൂര് സഹോദരന്മാര് പിറവിയെടുത്തു.
കാഞ്ഞിരവേലിയിലെ കൗതുകക്കാഴ്ചയായിരുന്നു രമണനും മദനനും!
ആത്മാവില്‍ വിശ്വാസമുള്ള ആളായിരുന്നില്ല ചങ്ങമ്പുഴ എങ്കിലും ചങ്ങമ്പുഴയുടെ ആത്മാവ് ആനന്ദ നിര്വൃതിയടഞ്ഞിരിക്കുമെന്ന് വിശ്വസിക്കാനായിരിക്കും ചങ്ങമ്പുഴയുടെ ആരാധകര്‍ക്കിഷ്ടം!
ഒരുമിച്ച് പള്ളിക്കൂടത്തിലെത്തിയ രമണനും മദനനും അവിടെയും താരങ്ങളായി.
പിന്നീട് പൂപ്പാറയിലേക്ക് പറിച്ചു നട്ടപ്പോള്‍ പൂപ്പാറയിലെയും കൗതുകമായി. ഇപ്പോള്‍ രമണനും മദനനും 56 വയസ്സായി. രണ്ടു പേരും കൃഷിക്കാരാണ്. വിവാഹിതരായി മക്കളുമൊത്ത് ഇടുക്കിയില്‍ തന്നെ ജീവിക്കുന്നു. നാരായണന് 1990 ലും ലക്ഷ്മി 2003 ലും യാത്രയായി.
വാല്‍ക്കഷ്ണം: മലയാളത്തിന്റെയും മലയാളിയുടെയും എക്കാലത്തെയും രോമാഞ്ചമായ രമണനെക്കുറിച്ച് പലരും പലതുമെഴുതിയിട്ടുണ്ട്. എന്നാല്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് രമണനും മദനനെന്നും പേരിട്ട തനി നാട്ടിന് പുറത്ത് കാരിയായ ലക്ഷ്മി അവര്‍ക്കിടയില്‍ വേറിട്ട് തന്നെ നില്ക്കുന്നു.
ഫോണ്‍: 9847500594
പ്രതികരിക്കാൻ ഇവിടെ എഴുതുക: