കെ.ആര്‍. മോഹന്‍ദാസ്
എനിക്ക് ഒരനിയത്തിയുണ്ടായിരുന്നു.
എപ്പോഴും കൊഞ്ചിക്കുഴഞ്ഞ് ഏട്ടായെന്ന്
വിളിച്ച് പിന്നാലെ നടക്കുന്ന അനിയത്തി
എന്റെ അനിയത്തി ഒരു കൊച്ചുസുന്ദരിയായിരുന്നു.
ചുവന്ന പട്ടുപാവാടയണിഞ്ഞ്,
ഇരുകൈ നിറയെ കണ്ണന്റെ
മഞ്ചാടിമണികളും നിറച്ച്
ചുണ്ടില്‍ പുഞ്ചിരിപ്പൂവിതളുകളുമായി
അവള്‍ മുറ്റമാകെ ഓടിനടക്കും.
അവളുടെ പൊന്‍പാദസര
ക്കിലുക്കത്തില്‍ നീലാമ്പലുകള്‍ മിഴിതുറക്കും.
മുറ്റത്തെ ചക്കരമാവില്‍ ആകാശം
സ്വപ്‌നം കണ്ടുറങ്ങുന്ന
ഊഞ്ഞാലില്‍ അനിയത്തിയെ ഊഞ്ഞാലാട്ടണം.
അവള്‍ ആകാശത്തോളം പറന്നുയരുമ്പോള്‍
ആ പൊട്ടിച്ചിരിയുടെ
കിലുകിലാരവത്തില്‍ മുറ്റത്തെ
മുല്ലകള്‍ മന്ദസ്മിതം പൊഴിക്കും.
പൊന്നോണപ്പൂക്കളമിടാന്‍
അവള്‍ക്കൊപ്പം പൂ പറിക്കാന്‍ പോണം
അവളുടെ മധുരമന്ദസ്മിതനിലാവലയില്‍
വിലോലമായി അലിയണം.
മേടവിഷുപ്പുലരിയില്‍
അവള്‍ക്കായി കണ്ണന്റെ
പൊന്‍കണിയൊരുക്കണം.
കണ്ണുപൊത്തി
ലക്ഷ്മിവിളക്കിലെ പൊന്‍നാളം
അവളുടെ നീലാമ്പല്‍ മിഴികളെ കണികാണിക്കണം.
വിഷുക്കൈനീട്ടത്തിന്റെ മന്ദസ്മിതത്തില്‍
അവളൊരു കണിക്കൊന്നയായി
പൂത്തുലയുമ്പോള്‍
നിറനിലാപ്പുഞ്ചിരിയാവണം.
അവളുടെ മിഴികള്‍ നിറയുമ്പോള്‍
എന്റെ കണ്ണുകളില്‍ വേദനയുടെ കാലവര്‍ഷം പെയ്തിറങ്ങും.
അവള്‍ ചിരിക്കുമ്പോള്‍ എന്റെ മനസില്‍ മഴവില്ലുകള്‍ വിടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: