പ്രീതി നായര്‍
വളരെക്കാലമായി മനസില്‍ കാത്തുസൂക്ഷിച്ച ഒരു യാത്രയായിരുന്നു അത്. പല കാരണങ്ങള്‍ കൊണ്ടും ഗുജറാത്തിലേക്കുള്ള ആ യാത്ര നീണ്ടുപോയി. അവസാനം കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഒരാഴ്ചത്തെ യാത്ര സഫലമായി.
ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ഏറ്റവുമധികം വ്യവസായങ്ങളുള്ള സംസ്ഥാനം തുണി വ്യവസായത്തിന്റെ കേന്ദ്രം കൂടിയാണ്. ഗാന്ധിനഗറാണ് തലസ്ഥാനം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള (1600 കിമീ) സംസ്ഥാനവും ഗുജറാത്താണ്. നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി, ആദ്യത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, ആരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ജന്മദേശം കൂടിയാണല്ലോ ഗുജറാത്ത്.
ഗുജറാത്ത് ഗാന്ധിനഗര്‍ സിറ്റിയില്‍ നിന്നും 10 കി.മീ. സഞ്ചരിച്ചാല്‍ അടാലജ് സ്റ്റെപ് വെല്ലില്‍ എത്താം. ഓട്ടോറിക്ഷാ. ജിഎസ്ആര്‍ടിസി ബസ്, ക്യാബ്, യൂബര്‍ തുടങ്ങിയവയെ ആശ്രയിക്കാം. പൊതുവെ യാത്രാനിരക്ക് ഇവിടെ കുറവാണ്. റോഡുകള്‍ ആണെങ്കിലോ ഉന്നത നിലവാരം പുലര്‍ത്തുന്നവയും. അതുകൊണ്ട് യാത്രാക്ഷീണം അനുഭവപ്പെടുകയേയില്ല.
അടാലജ് പ്രവേശനത്തിന് 30 രൂപയുടെ ടിക്കറ്റ് എടുത്താല്‍ എത്ര സമയം വേണമെങ്കിലും അവിടെ ചെലവഴിക്കാം. മനോഹരമായ ഉദ്യാനം ഇതിന് ചുറ്റും നിര്‍മ്മിച്ചിട്ടുണ്ട്. അഞ്ച് നിലകളിലായി താഴേക്ക് നിര്‍മ്മിച്ചിരിക്കുന്നതാണ് ഈ കിണര്‍. ഇത് 1498 ല്‍ റാണാ വീര്‍സിങ് എന്ന രാജാവിന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ പത്നി രുദാ ദേവി രാജ്ഞി നിര്‍മ്മിച്ചതാണിത്.
പഴയ കാലത്ത് ഈ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായപ്പോള്‍ സമീപ വാസികളുടെ ജല ഉപയോഗത്തിനായി നിര്‍മ്മിച്ച ജലസംഭരണിയാണ് അടാലജ്. അഷ്ടഭുജാകൃതിയിലാണ് ഈ സ്റ്റെപ് വെല്ലിന്റെ രൂപകല്പന. ചതുരാകൃതിയിലുള്ള ഓരോ നിലകളിലുമുള്ള തൂണുകളിലും ഭിത്തിയിലുമൊക്കെ നിരവധി കൊത്തുപണികള്‍ കാണാം. നിരവധി ഹിന്ദു ജൈന ദേവീദേവന്മാരുടെ ചിത്രവും. രാജാവ് രാജസദസില്‍ പ്രജകളുടെയൊപ്പം ഇരിക്കുന്നതിന്റെയും, നര്‍ത്തകര്‍ നൃത്തം ചെയ്യുന്നതും പാട്ടുകാര്‍ ഗാനം ആലപിക്കുന്നതിന്റെയും, സാധാരണക്കാരായ സ്ത്രീകള്‍ പരമ്പരാഗതമായ വേഷം ധരിച്ച് ദൈനംദിന ജോലികള്‍ ചെയ്യുന്നതിന്റെയും മറ്റുള്ള നിരവധി കൊത്തുപണികള്‍ വളരെ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു. എന്നെ ആകര്‍ഷിച്ച മറ്റൊരു കൊത്തുപണി കല്പവൃക്ഷ, നവഗ്രഹ തുടങ്ങിയവയാണ്. ഇവയെല്ലാം ഇന്ത്യന്‍ വാസ്തുശില്പത്തിന്റെ ഉദാത്ത മാതൃകകളാണ്.
സൂര്യപ്രകാശം നേരിട്ട് പടവുകളിലേക്ക് പതിക്കാത്ത രീതിയിലാണ് അടാലജിന്റെ നിര്‍മ്മാണം. ഇതുമൂലം ഏത് വേനല്‍ക്കാലത്തും സ്റ്റെപ് വെല്ലിലെ താപനില വളരെ കുറവായിരിക്കും.
ആനുവല്‍ വാട്ടര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ ഒരു ആഘോഷം എല്ലാ നവംബര്‍ മാസത്തിലും നടന്നു വരുന്നു. ഗുജറാത്തിലെ ടുറിസം വകുപ്പാണ് ഇത് സംഘടിപ്പിക്കുന്നത്. ഈ അവസരത്തില്‍ ദീപാലങ്കാരത്താല്‍ മനോഹരമായിരിക്കും സ്റ്റെപ് വെല്‍. വിവിധ കലാപരിപാടികളും ഈ അവസരത്തില്‍ നടത്തി വരുന്നു.
ഈ സ്മാരകം ഒരു സംരക്ഷിത പ്രദേശമായി കണക്കാക്കി സംരക്ഷിച്ചു പോരുന്നു. ഇതിന് ചുറ്റും മനോഹരമായ ഉദ്യാനമുണ്ട്. മധുരസ്മൃതികള്‍ മനസ്സില്‍ ആവാഹിച്ച് ഹൃദയം അവിടെ പകുത്ത് നല്‍കിയാണ് വീണ്ടും വരാമെന്ന് മന്ത്രിച്ച് മനസില്ലാമനസ്സോടെ അവിടെ നിന്നും അടുത്ത കാഴ്ചകളിലേക്ക് പോയത്.
9447047268
പ്രതികരിക്കാൻ ഇവിടെ എഴുതുക: