ഡോ. മുരളീധരന്‍ നായര്‍
സനാതനമെന്നാല്‍ നാശമില്ലാത്തത്, നിത്യതയുള്ളത്, എന്നൊക്കെയാണല്ലോ അര്‍ത്ഥം. അപ്പോള്‍ സനാതനധര്‍മം എന്നതും നാശമില്ലാത്ത ധര്‍മസംഹിതയാവണം. ആയേതീരൂ. അതൊന്നു പരിശോധിക്കാം. പൊതുവെ ഹിന്ദുധര്‍മത്തെയാണ് പലരും പലേടത്തും സനാതനം എന്നു പറഞ്ഞു കാണുന്നത്. സത്യത്തില്‍ അതാണോ ശരി?
ഹിന്ദുമത ധര്‍മത്തിന്റെ അടിസ്ഥാനശിലകള്‍ വേദങ്ങളും ക്ഷേത്രങ്ങളും അവയുടെ ആരാചാനുഷ്ഠാനങ്ങളും യജ്ഞങ്ങളും അവയുമായി ബന്ധപ്പെട്ട മറ്റു പല കാര്യങ്ങളുമാണല്ലോ. എന്നാല്‍ ഇവയില്‍ വല്ലതും നശിക്കാത്തവയായുണ്ടോ? ക്ഷേത്രങ്ങള്‍ നശിക്കും. ലോകം നശിക്കുമ്പോള്‍ അവിടെയുള്ള സകല കെട്ടിപ്പൊക്കലുകളും നിര്‍മിതികളും ജീവജാലങ്ങളും നശിക്കുമല്ലോ. അപ്പോള്‍ അവയൊന്നും സനാതനമാകില്ല.
പിന്നെ എന്താണ് സനാതനം?
സനാതനമാകാന്‍ നശിക്കാത്തതാക്കണം. അതില്‍ യാതൊരു പ്രസ്ഥാനവും പാടില്ല. അതെന്താണെന്നു നോക്കാം. അനശ്വരത എന്ന പ്രസ്ഥാനരാഹിത്യം മാത്രമാകണമത്. ശുദ്ധവേദാന്തം അഥവാ നിത്യസത്യമായത് സനാതനം.
അദൈ്വതം ജ്ഞാനസിദ്ധാന്തം
ദൈ്വതം കര്‍മസിദ്ധാന്തം
ആധുനിക ശാസ്ത്രം അടിവരയിട്ട് പറയുന്ന ഒരു സത്യമാണ് പ്രപഞ്ചത്തില്‍ നാശമില്ലാത്തവ ബോധ, ചൈതന്യങ്ങള്‍ മാത്രമാണെന്ന്. അത് സഹസ്രാബ്ദങ്ങള്‍ക്കുമുന്‍പ് സനാതനധര്‍മ്മത്തിലൂടെ നമ്മുടെ ഋഷി പുംഗവര്‍ കണ്ടെത്തിയിരുന്നു. അതാണ് വേദാന്തതത്ത്വം. അതില്‍ യാതൊരുതരത്തിലുള്ള പ്രസ്ഥാനങ്ങളോ ആരാധനകളോ ഇല്ല. അഹം ബ്രഹ്മാസ്മി, തത്ത്വമസി, പ്രജ്ഞാനം ബ്രഹ്മഃ, അയം ആത്മ ബ്രഹ്മഃ എന്നൊക്കെയുള്ള തത്ത്വങ്ങളാണ് അതിനെ നയിക്കുന്നത്. അല്ലാതെ തന്നില്‍ നിന്നന്യമായ ഒരു ഈശ്വരീയതയും അത് അംഗീകരിക്കുന്നില്ല. വൈദികമായതൊന്നും അതിലില്ല. തീര്‍ത്തും അദൈ്വത സിദ്ധാന്തം. വൈദികമാകട്ടെ തീര്‍ത്തും ദൈ്വതവുമാണല്ലോ? അദൈ്വതം ജ്ഞാനസിദ്ധാന്തവും ദൈ്വതം കര്‍മസിദ്ധാന്തവും.
ഒന്നില്‍ ആത്മസാക്ഷത്കാരവും മറ്റേതില്‍ ഭക്തിമാര്‍ഗേനയുള്ള പൂജ, പ്രാര്‍ത്ഥനാദികളും. ജ്ഞാനമാര്‍ഗത്തില്‍ നിരന്തരമായുള്ള അഭ്യാസം വൈരാഗ്യ നിദിധ്യാസനങ്ങളും ചോദ്യവും ഉത്തരങ്ങളുമാണ് ലക്ഷ്യമാര്‍ഗം. അതിന് അടങ്ങാത്ത ആത്മാന്വേഷണ ത്വരയും മുമുക്ഷത്ത്വവും കൂടിയേ തീരൂ. അങ്ങനെയുള്ള, മഹായോഗിപുംഗവരാല്‍ സമാഹരിക്കപ്പെട്ട തത്ത്വസംഹിതകളാണ് വേദാന്തദര്‍ശനങ്ങള്‍.
അതില്‍ പ്രപഞ്ചാതീത ബോധവും, പ്രപഞ്ചോര്‍ജവും മാത്രമാണ് ഈശ്വരീയമായവ. അവയില്‍ ബോധത്തെ വേദാന്തം ‘ശിവന്‍’ എന്നും ചൈതന്യത്തെ ശക്തി അഥവാ ദേവി എന്നും ദ്യോതിപ്പിച്ച് ഈ പ്രപഞ്ചോല്പ്പത്തിക്കും പ്രപഞ്ചവിനാശത്തിനും കാരണഭൂതമായ സ്രോതസുകളായി കാണുന്നു.
പുരാണേതിഹാസങ്ങളിലൊഴികെ അടിസ്ഥാന വേദ, വേദാന്തഗ്രന്ഥങ്ങളിലെവിടെയും ശിവനും ശക്തിക്കുമല്ലാതെ ഈശ്വര, ഈശ്വരി പ്രയോഗം ഇല്ലെന്നു അവ പഠിച്ചാല്‍ അറിയാം. ‘ഈശ്’ അഥവാ ശക്തിയെ വരിച്ചവന്‍, അഥവാ നിയന്ത്രിക്കുന്നവന്‍, ഈശ്വരന്‍. അത് ശിവന്‍ മാത്രവുന്നല്ലോ? ശക്തിയെ വഹിക്കുന്നവള്‍ ഈശ്വരി. മറ്റാര്‍ക്കും ആ പ്രയോഗം ചേരില്ല
പഞ്ചാക്ഷരിയെ വികലമാക്കരുത്
ശിവ, ശക്തിയൊഴിച്ചുള്ള സകല ദേവീദേവന്മാരും ഭഗവദ്‌സ്വരൂപങ്ങളായാണ് ആധികാരികമായി അറിയപ്പെടുന്നത്. ‘ഭഗ്’ എന്ന സംസ്‌കൃത ധാതുവിനു വിശേഷഗുണം എന്നാണര്‍ത്ഥം. അപ്പോള്‍ ഭഗവാനെന്നാല്‍ വിശേഷഗുണവാനെന്നാകും അതിനര്‍ത്ഥം, ഭഗവാന്‍ നാരായണന്‍, ഭഗവാന്‍ വിഷ്ണു, ഭഗവാന്‍ രാമന്‍, ഭഗവാന്‍ കൃഷ്ണന്‍ ഭഗവാന്‍ ബ്രഹ്മാവ് എന്നിങ്ങനെ പോകുന്നു അവയുടെ പട്ടിക. അല്ലാതെ വിഷ്ണു ഈശ്വര, ബ്രഹ്മീശ്വര എന്ന ഈശ്വര പ്രയോഗം ഒരിടത്തും അവര്‍ക്ക് വ്യാസനോ വാല്മീകിയോ മറ്റു മനീഷിമാരോ നല്‍കിയിട്ടേയില്ല.
പക്ഷെ അജ്ഞാനം കൊണ്ട് ഇന്ന് പലരും ‘ഈശ്വരന്മാരെ’യെന്നു വിളിക്കുന്നതു കാണാം. അതുപോലെ ശിവപഞ്ചാക്ഷരീ മന്ത്രമായ ‘നമഃ ശിവായ’യില്‍ ഓം ചേര്‍ത്ത് വികലമാക്കി മന്ത്രഭംഗം വരുത്തി ഷഡാക്ഷരിയാക്കി ജപിക്കുന്നതയാണ് അധികവും കാണുന്നത്. അതിനു കാരണം അവര്‍ക്കു എന്താണ് ഓംകാരമെന്നും ശിവനെന്നുമുള്ള സത്യം അറിയാത്തതു കൊണ്ടുമാത്രമാണ്. പഴയ മഹാശിവക്ഷേത്രങ്ങളില്‍ പലതിലും ‘നമഃ ശിവായ യെന്നേ ഉണ്ടായിരുന്നുള്ളു. പക്ഷെ, നവീകരിക്കുമ്പോള്‍ അവിടെ ഓം ചേര്‍ത്ത് ‘ഓം നമഃ ശിവായ’ എന്നതും കാണാം. കേവലം അജ്ഞത മാത്രമാണ് അതിനു കാരണം.
മാണ്ഡൂക്യോപനിഷത്തിലാണ് പ്രണവത്തെപ്പറ്റി പ്രതിപാദിക്കുന്നത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ആ വിശദീകരണം പൂര്‍ണമായും ശരിയല്ലാതെ പോയി. പ്രപഞ്ചം ഉണ്ടായത് ‘ഓം’ എന്ന പ്രണവത്തില്‍ നിന്നാണെന്നാണ് പറയുന്നത്. നമുക്കത് പരിശോധിക്കാം.
കാലമെന്നതു പരിഗണിച്ചാല്‍ ഖണ്ഡകാലമെന്നത് ദൃശ്യപ്രപഞ്ചോല്പത്തിയുടെയും അതിന്റെ നിലനിപ്പിന്റെയും കാലമാണ്. അത് കോടാനുകോടി വര്‍ഷങ്ങള്‍ നിലനില്‍ക്കും. പകലും രാത്രിയുമെന്നപോലെ അതിനൊരു മറുപുറം ഇല്ലാതെ കോടാനുകോടി വര്‍ഷങ്ങള്‍ ഉണ്ടാകുന്നു. അതിനെ അഖണ്ഡകാലം എന്നും വിളിക്കുന്നു. അത് ശ്രീശങ്കരാചര്യര്‍ സൗന്ദര്യലഹരിയില്‍ ഒരു ശ്ലോകേന വര്‍ണിക്കുന്നത് നോക്കാം.
‘മഹീം മൂലാധാരേ കമപി മണിപൂരേ ഹുതവഹം
സ്ഥിതം സ്വാധിഷ്ഠാനേ ഹൃദി മരുതമാകാശമുപരി
മനോപി ഭ്രൂമധ്യേ സകലമപി ഭിത്വാ കുളപഥം
സഹസ്രാരേ പദ്‌മേ സഹരഹസി പത്യാ വിഹരസേ’
സ്വാഭാവിക അര്‍ത്ഥത്തിലത് യോഗ, കുണ്ഡലിനി ഉദ്ധാരണക്രിയയാണ്. പക്ഷെ വിശേഷതലത്തില്‍ അത് ഖണ്ഡകാലാവസാനത്തില്‍ ശക്തി ഉള്‍വലിഞ്ഞു വിക്ഷേപവിഹീനമായി ശിവബോധത്തില്‍ സുഷുപ്തമായി നിര്‍ലിപ്താവസ്ഥയില്‍ വിലയം പ്രാപിച്ചു അഖണ്ഡകാലത്തിനു കാരണമാകയും ഭൂമി ജലത്തിലും ജലം അഗ്നിയിലും അഗ്നിവായുവിലും വായു ആകാശത്തിലും ആകാശം മഹത്തിലും വിലയം പ്രാപിക്കുന്ന അവസ്ഥയുണ്ടാകുന്നു. അപ്പോള്‍ കാലം ഇല്ലാതാകുന്ന പ്രപഞ്ചനാശം ഭവിക്കുന്നു.
രാത്രി പകലിന് വഴി മാറുന്നപോലെ കോടാനുകോടി വര്‍ഷത്തിന്റെ ഇടവേളയോടെ വീണ്ടും പുനരാവിഷ്‌കരിക്കാന്‍ ഒരു മഹാവിക്ഷേപത്തോടെ ശക്തി ശിവബോധത്തില്‍നിന്നും ഉണര്‍ന്നു വീണ്ടും പഞ്ചഭൂതസൃഷ്ടി നടത്തുന്നു. ശക്തി വിക്ഷേപവസ്ഥയില്‍ അ, ഉ, മ്, എന്നീ മൂലശബ്ദ സംഘാതമായ ഓംകാരം അഥവാ പ്രണവത്തില്‍ വര്‍ത്തിതമാകുന്നു. ആ ശബ്ദസംഘാതം ക്രോഡീകരിച്ച് അത് പ്രപഞ്ചസൃഷ്ടിക്കാധാരമായ, മഹാമന്ത്രമായ പ്രണവം എന്ന ഓംകാരമാകുന്നു. പക്ഷെ ശിവന്‍ എന്ന പ്രപഞ്ചാതീത നിത്യസത്യം മാത്രം പ്രണവാതീതവുമാണ്. നാരായണന്‍ എന്ന, ആദി ജീവചൈതന്യത്തില്‍നിന്നും ദശാവതാരമെന്ന പരിണാമ പ്രക്രിയയിലൂടെയാണ് ജീവപ്രക്രിയ വിശേഷബുദ്ധിയോടെ മനുഷ്യരൂപത്തില്‍ പൂര്‍ണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: