കൊട്ടാരക്കര: പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ട് ഇനത്തില്‍ ലഭിച്ച 9.27 ലക്ഷം രൂപ തട്ടിയെടുത്ത ബിഎഡ് കോളേജ് പ്രിന്‍സിപ്പലിനും അക്കൗണ്ടന്റിനുമെതിരെ പോലീസ് കേസെടുത്തു. കൊട്ടാരക്കര ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ബിഎഡ് കോളേജ് പ്രിന്‍സിപ്പല്‍ ജി റോയി, അക്കൗണ്ടന്റായ തൃക്കണ്ണ സ്വദേശി അനില്‍ ഇടിസി എന്നിവര്‍ക്കെതിരെ കോളേജ് മാനേജര്‍ ഫാ.ബേബി തോമസ് കൊട്ടാരക്കര പൊലീസില്‍ നല്കിയ പരാതിയിലാണ് കേസെടുത്തത്.
സഭ മാനേജിംഗ് കമ്മിറ്റി അംഗം കൂടിയാണ് അനില്‍ ഇടിസി. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അധീനതയിലുള്ളതും സെന്റ് ഗ്രിഗോറിയോസ് കോളേജിനോട് ചേര്‍ന്നുമാണ് ബിഎഡ് കോളേജ് പ്രവര്‍ത്തിക്കുന്നത്. ബിഎഡ് കോളേജിലെ എസ്സി, എസ്ടി വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വകുപ്പില്‍ നിന്ന് കോളേജിലെ ബാങ്ക് അക്കൗണ്ട് മുഖേന ലഭിച്ച ട്യൂഷന് ഫീസാണ് തട്ടിയെടുത്തത്.
2010-11ല്‍ 1.47ലക്ഷം, 2011-12ല്‍ 2.75ലക്ഷം, 2012-13 ല്‍ 2.30ലക്ഷം, 2013-14ല്‍ 80,000, 2014-15ല്‍ 1.94ലക്ഷം രൂപയും ഉള്‍പ്പെടെ 9.27ലക്ഷം രൂപ മാനേജ്മെന്റ് അറിയാതെ ഇരുവരും ചേര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഇത് കൂടാതെ ജീവനക്കാരുടെ പിഎഫ്, ഇഎസ്ഐ തുകകളിലും വിദ്യാര്‍ഥികളുടെ അഡ്മിഷന് ഇനത്തില്‍ വന്ന തുകയിലും ക്രമക്കേട് നടത്തിയതായും ആരോപണമുണ്ട്. ഇതിനെ സംബന്ധിച്ചുള്ള മാനേജ്മെന്റിന്റെ അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പോലീസില്‍ കേസ് നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: