ആലപ്പുഴ: 2019 ലെ തീരദേശ പരിപാലന നിയമപ്രകാരം (സിആര്‍ഇസഡ്) നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍സിഇഎസ്എസ്.) തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാന്‍ 2019-ന്റെ കരടിന്മേല്‍ നിര്‍ദ്ദേശങ്ങളും പരാതികളും തീര പരിപാലന അതോറിട്ടി അംഗങ്ങള്‍ നേരിട്ട് ശേഖരിച്ചു. തീര പരിപാലന അതോറിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ആലപ്പുഴയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജനവാസ കേന്ദ്രങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണമെന്ന് എ.എം.ആരിഫ് എംപി.സമിതിയംഗങ്ങളോട് ആവശ്യപ്പെട്ടു.
ജനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ക്ക് പരമാവധി അനുഭാവ പൂര്‍ണമായ തീരുമാനം കൈക്കൊള്ളാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ പറഞ്ഞു. മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, വിവിധ പ്രാദേശിക നേതാക്കള്‍, പഞ്ചായത്ത് മുനിസിപ്പല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഹിയറിങ്ങില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തി. തീരദേശ നിയമം മൂലം നാനാവിധ കഷ്ടനഷ്ടം അനുഭവിക്കുന്ന ദീരദേശവാസികള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസപാക്കേജും പ്രഖ്യാപിക്കണമെന്ന് ചേന്നം പള്ളിപ്പുറം പതിനാലാം വാര്‍ഡ് തൈപ്പുരയില്‍ പി. രാജേന്ദ്ര പ്രസാദ് രേഖാമൂലം നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വികസനരഹിത ഭൂമിയില്‍ അനുവദനീയ നിര്‍മ്മാണങ്ങള്‍ക്ക് അനുമതി തേടുമ്പോള്‍ നീണ്ട കാലതാമസം, ക്രമക്കേട് തുടങ്ങിയ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ നാല് നഗരസഭകളും 32 പഞ്ചായത്തുകളുമാണ് തീരദേശ പരിപാലന പ്ലാനില്‍ ഉള്‍പ്പെടുന്നത്. രേഖാമൂലം 5000 പരാതികള്‍ ലഭിച്ചു. ഹിയറിങില്‍ 1555 പേര്‍ പങ്കെടുത്തു. കെസിഇസെഡ്എംഎ.മെമ്പര്‍ സെക്രട്ടറി സുനില്‍ പമിദി, അംഗങ്ങളായ ഡോ. രവിചന്ദ്രന്‍, സത്യന്‍ മേപ്പയ്യൂര്‍, ഡോ. റിച്ചാര്‍ഡ് സക്കറിയ, അമൃത സതീശന്‍, ജോയിന്റ് സെക്രട്ടറി പി.സി. സാബു, ജില്ലാ ടൗണ്‍ പ്ലാനര്‍ കെ.എഫ്. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക