ദുബായ്: സ്വപ്ന നഗരിയായ ദുബായ്‌ക്ക് വീണ്ടും ലോക അംഗീകാരം. ലോകത്തെ ഏറ്റവും മികച്ച പത്ത് നഗരങ്ങളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ദുബായ്. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, സിഡ്‌നി, ജോഹന്നാസ്ബർഗ്, പാരീസ്, സാൻഫ്രാൻസിസ്കോ തുടങ്ങിയ ആഗോള നഗരങ്ങളെ പിന്നിലാക്കിയാണ് ദുബായ് മൂന്നാമതെത്തിയത്. യുകെ ആസ്ഥാനമായുള്ള ദി ഇക്കണോമിസ്റ്റിന്റെ സമീപകാല സർവ്വെയിലാണ് ദുബായ് ഈ നേട്ടം കൈവരിച്ചത്.
ഈ നേട്ടത്തെക്കുറിച്ച് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. കഴിഞ്ഞ മൂന്ന് വർഷത്തെ വിവിധ മേഖലകളിലെ പ്രകടനത്തെ വിലയിരുത്തിക്കൊണ്ട് പത്ത് പ്രമുഖ ആഗോള നഗരങ്ങളിൽ മൂന്നാം സ്ഥാനമാണ് ദുബായ് നേടിയതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും ലോകത്തെ മുൻനിര നഗര സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറുകയെന്ന ലക്ഷ്യത്തോടെ സാമ്പത്തിക ഉന്നമനത്തിനായി ആസൂത്രണം ചെയ്ത നടപടികളുമാണ് ദുബായ് യുടെ ഈ മഹത്തായ നേട്ടത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ വിവിധ മേഖലകളിൽ ദുബായിയുടെ ആഗോള നിലവാരം ഉയർത്താൻ പരിശ്രമിച്ച സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയിലുള്ളവർക്കും ദുബായ് കിരീടാവകാശി തന്റെ നന്ദി പ്രകടിപ്പിച്ചു.
കോവിഡ് പ്രതിരോധ നടപടികൾ മാറ്റ് കൂട്ടി
കോവിഡ് മഹാമാരിക്കെതിരെ ദുബായ് കൈക്കൊണ്ട നിലപാടുകളും ഇതിനോടനുബന്ധിച്ച് അവതരിപ്പിച്ച വ്യാപകമായ പരിഷ്കാരങ്ങളും ലോകശ്രദ്ധയാകർഷിച്ചു. ഇത് ദുബായ് യുടെ ആഗോള പ്രശസ്തി ഉയർത്തിയ ഘടകങ്ങളിൽ പ്രധാനമായി ഉൾപ്പെടുന്നുണ്ടെന്ന് ഇക്കണോമിസ്റ്റിന്റെ റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായിട്ടുള്ള ജനസംഖ്യ, നഗരത്തിന്റെ സാമ്പത്തിക വളർച്ച, ഓഫീസ് മേഖലയിലെ ഒഴിവുകൾ, താമസയിടങ്ങളുടെ വില നിലവാരം എന്നിങ്ങനെ നാല് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കണോമിസ്റ്റ് സൂചിക തയാറാക്കിയത്.
ഓരോ നഗരവും ഈ നടപടികളിൽ എങ്ങനെ പ്രവർത്തിച്ചു എന്നതിനെ വിലയിരുത്തിയാണ് ആദ്യ പത്ത് റാങ്കുകൾ തയാറാക്കിയത്. അമേരിക്കൻ നഗരമായ മയാമിയും ഏഷ്യയിലെ സിംഗപ്പൂരുമാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ കൈവരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: