കോട്ടയം: സംസ്ഥാനത്ത് കോഴി ഇറച്ചിക്ക് പിന്നലെ മുട്ടവിലയും കുതിച്ചുയരുന്നു. നാല് രൂപയ്‌ക്ക് താഴെയുണ്ടായിരുന്ന കോഴി മുട്ട ഇപ്പോൾ വില ആറ് രുപയിൽ എത്തി നിൽക്കുകയാണ്. എട്ടു രൂപ ഉണ്ടായിരുന്ന താറാവ് മുട്ട 12 രൂപയിൽ എത്തി നിൽക്കുകയാണ് വില. അഞ്ച് രൂപയുടെ നാടൻ കോഴി മുട്ടയ്‌ക്ക് പത്തും പന്ത്രണ്ടും രൂപ കൊടുക്കണം. സ്കൂളുകൾ തുറന്നതോടെയാണ് മുട്ടവില ഇത്രയും കൂടിയതെന്ന് വ്യാപാരികൾ പറയുന്നു.
സ്കൂളുകളിൽ കുട്ടികൾക്ക് നൽകാൻ വൻ തോതിൽ മുട്ട എത്തുന്നത് തമിഴ്നാട്ടിൽ നിന്നുമാണ്. എന്നാൽ ഇവിടെ നിന്നുള്ള മുട്ടവരവ് കുറഞ്ഞതും നാടൻ മുട്ടകളുടെ വില വർദ്ധനവും സ്കൂളുകളുടെ മുട്ടവിതരണത്തെ പ്രതിസന്ധിയിലാക്കാൻ സാധ്യത ഏറെയാണ്. അതേസമയം തമിഴ്നാട്ടിലെ ഫാമുകളിൽ നിന്നും വൻ തോതിൽ ശ്രീലങ്കയിലേക്ക് മുട്ട കയറ്റുമതി ചെയ്യുന്നുണ്ട്. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട മുട്ട വ്യാപാരകേന്ദ്രമായ തമിഴ്നാട്ടിലെ നാമക്കലിൽ നിന്നും 5.60 രുപയ്‌ക്കാണ് കഴിഞ്ഞ ദിവസം കേരളത്തിലേക്ക് മൊത്തക്കച്ചവടക്കാർ മുട്ട വാങ്ങിയത്.
ഒരു ദിവസം 25 ലക്ഷത്തിലേറെ മുട്ടയാണ് കേരളത്തിന് ആവശ്യം. മുട്ടയുടെ ലഭ്യത കുറഞ്ഞതിന് പിന്നാലെ ബിസ്ക്കറ്റ്, കേക്ക് ഉൾപ്പടെയുള്ളവയുടെ ഉത്പാദനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ബ്രോയിലർ കോഡിനേഷൻ കമ്മിറ്റി കോഴി ഉത്പാദനം കുറയ്‌ക്കാൻ തീരുമാനിച്ചതോടെ സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വിലയും കുതിക്കുകയാണ്. ഇന്നലെ കിലോഗ്രാമിന് 170 രുപയായിരുന്നു വില. നാടൻ കോഴിക്ക് കിലോ 300ന് മുകളിലും എത്തി. സംസ്ഥാനത്ത് തമിഴ്നാട്ടിൽ നിന്നുമാണ് കൂടുതലായി ഇറച്ചിക്കോഴിയെ എത്തിക്കുന്നത്.
ട്രോളിങ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള കോഴിക്ക് തമിഴ്നാട്ടിലെ കച്ചവടക്കാർ വില വർദ്ധിപ്പിക്കുകയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: