ന്യൂയോര്‍ക്ക് : ലോക കേരളസഭയുടെ അമേരിക്കല്‍ മേഖലാ സമ്മേളനത്തിന് ന്യൂയോര്‍ക്കില്‍ തുടക്കമായി. വെള്ളിയാഴ്ച സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള സൗഹൃദസമ്മേളനവും രജിസ്ട്രേഷന് മീറ്റും മാത്രമാണ് നടന്നത്. അമേരിക്കന്‍ സമയം ശനിയാഴ്ച രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
തുടര്‍ന്ന് വിവിധവിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടന ചടങ്ങളില്‍ അധ്യക്ഷനാവും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, എം.പി. ജോണ്‍ ബ്രിട്ടാസ്, ജോസ് കെ. മാണി എന്നിവര്‍ പരിപാടിയില്‍ സംസാരിക്കും. അമേരിക്കന്‍ മേഖലയിലെ ലോക കേരളസഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ നോര്‍ക്ക വൈസ് ചെയര്മാന് ശ്രീരാമകൃഷ്ണന് സംസാരിക്കും.
നവകേരളം എങ്ങോട്ട്?- അമേരിക്കന്‍ മലയാളിയുടെ പങ്കും സഹകരണവും എന്നവിഷയത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപിയും മലയാളഭാഷ സംസ്കാരവും പുതുതലമുറ അമേരിക്കന്‍മലയാളിയും- സാംസ്കാരിക പ്രചാരണസാധ്യതകളും എന്നവിഷയത്തില്‍ ചീഫ് സെക്രട്ടറി വി.പി. ജോയിയും മലയാളികളുടെ അമേരിക്കന്‍ കുടിയേറ്റം- ഭാവിയും വെല്ലുവിളികളും എന്നവിഷയത്തില്‍ ഡോ. കെ. വാസുകിയും സംസാരിക്കും. ഞായറാഴ്ച വൈകുന്നേരം ടൈം സ്ക്വയറില്‍ നടക്കുന്ന ചടങ്ങിലും മുഖ്യമന്ത്രി സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: