ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 296 റണ്‍സിന് പുറത്തായി. അജിങ്ക്യ രഹാനെയുടെയും ശാര്‍ദൂല്‍ താക്കൂറിന്റെയും ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഓസ്ട്രേലിയയ്ക്ക് ആദ്യ ഇന്നിങ്സില്‍ 173 റണ്‍സിന്റെ ലീഡുണ്ട്.
ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. അഞ്ചുവിക്കറ്റിന് 151 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ത്തന്നെ ശ്രീകര്‍ ഭരതിനെ നഷ്ടമായി. മൂന്നാം ദിനം ഒരുറണ്‍ പോലും നേടാനാകാതെ ഭരത് പുറത്തായി. സ്കോട് ബോളണ്ട് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എന്ന നിലയിലായിരുന്നു.
തുടര്‍ന്ന് ക്രീസിലെത്തിയ ശാര്‍ദൂല്‍ ഠാക്കൂറിനെ കൂട്ടുപിടിച്ച് രഹാനെ മികച്ച പ്രകടനം പുറത്തെടുത്തു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെന്ന നിലയിലായിരുന്നു.
എന്നാല്‍ ഉച്ച ഭക്ഷണത്തിനുശേഷം രഹാനെയ്ക്ക് കൂടുതല്‍ സമയം പിടിച്ചുനില്‍ക്കാനായില്ല. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ രഹാനെയെ ഗ്രീന്‍ പിടികൂടി. 129 പന്തുകള്‍ നേരിട്ട രഹാനെ 11 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 89 റണ്‍സെടുത്താണ് പുറത്തായത്. ഏഴാം വിക്കറ്റില്‍ ശാര്‍ദൂലിനൊപ്പം 109 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതിനിടെ രഹാനെ ടെസ്റ്റ് ക്രിക്കറ്റില്‍ 5000 റണ്‍സ് തികച്ചു.
രഹാനെയ്ക്ക് പകരം വന്ന ഉമേഷ് യാദവ് വേഗം പുറത്തായി.അഞ്ചുറണ്‍സെടുത്ത യാദവിനെ കമ്മിന്‍സ് ക്ലീന്‍ ബൗള്‍ഡാക്കി. തുടര്‍ന്ന് ഷമിയെ കൂട്ടുപിടിച്ച് ശാര്‍ദൂല്‍ സ്കോര്‍ ഉയര്‍ത്തി. വൈകാതെ അര്‍ധസെഞ്ചുറിയും നേടി. അര്‍ധസെഞ്ചുറി നേടിയതിന്പിന്നാലെ ശാര്‍ദൂലിനെ കാമറൂണ്‍ ഗ്രീന്‍ പുറത്താക്കി. 109 പന്തുകളില്‍ നിന്ന് 51 റണ്‍സെടുത്താണ് ശാര്‍ദൂല്‍ ക്രീസ് വിട്ടത്.പിന്നാലെ 13 റണ്‍സെടുത്ത ഷമിയും പുറത്തായി. ഇതോടെ ഇന്ത്യന്‍ ഇന്നിംഗ്സിന് അവസാനമായി.
ഓസ്ട്രേലിയയ്ക്കായി നായകന് പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: