ബെല്‍ഗ്രേഡ് : ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഉഭയകക്ഷി വ്യാപാരം നിലവിലെ 320 ദശലക്ഷം യൂറോയില്‍ നിന്ന് ഒരു ബില്യണ്‍ യൂറോയായി വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യയും സെര്‍ബിയയും തീരുമാനിച്ചു.രാഷ്ട്രപതി ദ്രൗപദി മുര്‍മുവും സെര്‍ബിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വുസിക്കും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ മൂന്ന് ദിവസത്തെ സെര്‍ബിയ സന്ദര്‍ശനത്തിലാണ് ഇരുനേതാക്കളും കൂടിക്കണ്ടത്. വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു.
ഇന്ത്യക്കാര്‍ക്കുള്ള വിസ നടപടിക്രമങ്ങല് ലഘൂകരിക്കുമെന്ന് സെര്‍ബിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വുസിക്ക് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാരവും വാണിജ്യവും ഇതിലൂടെ മെച്ചപ്പെടും. പ്രതിനിധി തല ചര്‍ച്ചകള്‍ക്ക് പുറമെ, അസോചം, ഫിക്കി, സിഐഐ എന്നിവയില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഉന്നതാധികാര ബിസിനസ് പ്രതിനിധി സംഘവും സെര്‍ബിയയില്‍ നിന്നുള്ള ബിസിനസ് പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തി.
സുരിനാമിലെയും സെര്‍ബിയയിലെയും സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: