കാല്‍നൂറ്റാണ്ട് മുമ്പ് ജില്ലാകളക്ടറായി പ്രവര്‍ത്തിച്ച നാടാണ് അശ്വനി വൈഷ്ണവിന് ഒഡീഷയിലെ ബാലാസോര്‍. ജൂണ്‍ 2ന് രാത്രി കോറമാണ്ഡല്‍ എക്സ്പ്രസ് ചരക്കു തീവണ്ടിയിലിടിച്ച് മറിഞ്ഞുണ്ടായ തീവണ്ടി ദുരന്തം വ്യക്തിപരമായി ഏറ്റവുമധികം ആഘാതമേല്പ്പിച്ചവരില് ഒരാള്‍ പഴയ ബാലാസോര്‍ ജില്ലാ കളക്ടറും ഇന്നത്തെ കേന്ദ്രറെയില്‍വേ മന്ത്രിയുമായ അശ്വനി വൈഷ്ണവിനെ തന്നെയാണ്. 288 യാത്രക്കാര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത തീവണ്ടി അപകടം സമീപകാലത്തു നടന്ന ഏറ്റവും വലിയ അപകടങ്ങളില്‍ ഒന്നായിരുന്നു.
ദുരന്തത്തിന്റെ ആഘാതത്തില്‍ മരവിച്ചിരിക്കുന്ന പതിവ് രീതികള്‍ക്ക് വിരുദ്ധമായി അതിവേഗ രക്ഷാപ്രവര്‍ത്തനത്തിനാണ് കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും സംഭവമുണ്ടായ തൊട്ടടുത്ത നിമിഷം മുതല്‍ ശ്രമം ആരംഭിച്ചത്. ദല്‍ഹിയില്‍ നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ബാലാസോറിലേക്ക് കുതിച്ചെത്തിയ കേന്ദ്രറെയില്‍മന്ത്രി അശ്വനി വൈഷ്ണവ് തന്നെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ഏറ്റെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ ദുരന്ത നിവാരണ സേനയുമായി ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങള്‍ സമാനതകളില്ലാത്ത രക്ഷാ പ്രവര്‍ത്തനങ്ങളാണ് ജൂണ്‍ 2,3,4 തീയതികളില്‍ നിര്‍വഹിച്ചത്. ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനയും റെയില്‍വേ സംവിധാനങ്ങളും സൈന്യവുമെല്ലാം കൈകോര്‍ത്തപ്പോള്‍ ബാലാസോര്‍ തീവണ്ടിയപകടത്തില്‍പ്പെട്ട നൂറുകണക്കിന് പേര്‍ക്കാണ് അടിയന്തര സഹായങ്ങള്‍ എത്തിക്കാന്‍ സാധിച്ചത്. അതിവേഗത്തില്‍ സഞ്ചരിച്ചിരുന്ന കോറമാണ്ഡല്‍ എക്സ്പ്രസ് തീവണ്ടി ലൂപ് ലൈനില്‍ കയറുകയും നിര്‍ത്തിയിട്ടിരിക്കുന്ന ചരക്ക് തീവണ്ടിയില്‍ ഇടിക്കുകയുമായിരുന്നു. തുടര്‍ന്ന് പാളം തെറ്റിമറിഞ്ഞ കോറമാണ്ഡലിന്റെ അവസാന ബോഗികള്‍ സമീപത്തെ പാളത്തിലൂടെ സഞ്ചരിച്ചിരുന്ന ബംഗളൂരു-ഹൗറ എക്സ്പ്രസിന്റെ പിന്നിലെ ബോഗികളിലും ഇടിച്ചു. മൂന്നു ട്രെയിനുകള്‍ ഒരേ സമയം കൂട്ടിയിടിക്കുന്ന വലിയ ദുരന്തത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
അപകടമുണ്ടായി അരമണിക്കൂറിനകം തന്നെ രക്ഷാ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചിരുന്നു. ഇത്ര വലിയ അപകടമുണ്ടായി 51-ാം മണിക്കൂറില്‍ പാളം നേരെയാക്കാനും തീവണ്ടി ഗതാഗതം പുനരാരംഭിക്കാനും റെയില്‍വേയ്ക്കായി. കൂട്ടിയിടിച്ചു തകര്‍ന്ന കോറമാണ്ഡല്‍ എക്സ്പ്രസും കഴിഞ്ഞ ദിവസം സര്‍വ്വീസ് പുനരാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നൂറുമണിക്കൂറുകളായി ബാലാസോറിലെ അപകട സ്ഥലത്താണ് റെയില്‍മന്ത്രി അശ്വനി വൈഷ്ണവ്. പരിക്കേറ്റവര്‍ക്ക് വേണ്ട സഹായങ്ങള്‍ ഉറപ്പാക്കിയും റെയില്‍ ഗതാഗതം പുനരാരംഭിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും അപകടത്തേപ്പറ്റി നേരില്‍തന്നെ അന്വേഷണം നടത്തിയും അശ്വനി വൈഷ്ണവ് ബാലാസോറിലുണ്ട്. ജില്ലാ കളക്ടറായി അവിടെ പ്രവര്‍ത്തിച്ചതിന്റെ പരിചയം അശ്വനി വൈഷ്ണവിന് ദുരന്ത മുഖത്ത് ഉപയോഗിക്കാനും സാധിച്ചു. അപകട സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദി അടക്കമുള്ളവര്‍ക്ക് കൃത്യമായ കാരണം വിശദീകരിച്ചും രക്ഷാപ്രവര്ത്തനത്തെപ്പറ്റിയുള്ള വിശദാംശങ്ങള്‍ നല്‍കിയും അശ്വിനി വൈഷ്ണവ് സംഭവസ്ഥലത്ത് തുടരുകയാണ്. മുന്‍ പ്രധാനമന്ത്രി ദേവഗൗഡ അടക്കമുള്ളവരുടെ പ്രശംസയും കേന്ദ്രറെയില്മന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. ദുരന്തമുണ്ടായി മൂന്നാം ദിനം തന്നെ അപകടകാരണം തങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞതായി റെയില്‍വേ മന്ത്രി അറിയിച്ചിരുന്നു. ബാലാസോര്‍ അപകടത്തിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളെപ്പറ്റി വരും ദിവസങ്ങളില്‍ കേന്ദ്രറെയില്മന്ത്രാലയം തന്നെ വ്യക്തമാക്കും.
മണിപ്പൂരില്‍ മൈതേയ്-കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപം വടക്കുകിഴക്കന്‍ മേഖലയെ അസ്വസ്ഥമാക്കിയപ്പോള്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ അതിവേഗ ഇടപെടലുകളാണ് സംസ്ഥാനത്തിന്റെ ക്രമസമാധാനപാലനത്തെ പുനഃസ്ഥാപിക്കാന്‍ സഹായിച്ചത്. സംഘര്‍ഷങ്ങള്‍ വ്യാപിച്ചതിന് പിന്നാലെ തന്നെ കേന്ദ്രസര്‍ക്കാര്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളെയും പിന്നീട് സൈന്യത്തെ തന്നെയും വിന്യസിച്ചു. കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള അസം റൈഫിള്‍സിനെ പ്രശ്നബാധിത മേഖലകളില്‍ കൂടുതലായി രംഗത്തിറക്കി. കഴിഞ്ഞയാഴ്ച ഇംഫാലില്‍ നേരിട്ട് എത്തി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സമാധാന ആഹ്വാനമുണ്ടായതും. ഇരുവിഭാഗങ്ങളിലേയും നേതാക്കളെ വിളിച്ചു ചേര്‍ക്കാനും സംഘര്‍ഷത്തിനെതിരെ കര്‍ശന നടപടികളുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കാനും അമിത് ഷായ്ക്ക് സാധിച്ചു. മ്യാന്മാര് അതിര്‍ത്തി കടന്നെത്തിയ വിഘടനവാദ സംഘടനകളെ സൈനികമായി നേരിടാനും കേന്ദ്രസര്‍ക്കാരിനായി. ആയുധങ്ങളുമായെത്തിയ മുപ്പതിലധികം കുക്കി ഭീകരരെയാണ് സൈന്യം പ്രത്യേക ഓപ്പറേഷനിലൂടെ വധിച്ചത്. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. മണിപ്പൂര്‍ സംഘര്‍ഷത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതടക്കമുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ കേന്ദ്രആഭ്യന്തരമന്ത്രിയുടെ ഇംഫാല്‍ സന്ദര്‍ശനത്തോടെ ഉണ്ടായി. നിലവിലെ ഡിജിപിയെ മാറ്റി സിആര്‍പിഎഫിന്റെ ഐജി ആയിരുന്ന രാജീവ് സിങിനെ മൂന്നുവര്‍ഷത്തേക്ക് മണിപ്പൂരിന്റെ ഡിജിപിയായി നിയമിച്ചതും അമിത് ഷായുടെ തീരുമാനമായിരുന്നു. സംഘര്‍ഷത്തെപ്പറ്റി സിബിഐ അന്വേഷണവും ആരംഭിച്ചി്ട്ടുണ്ട്. കലാപം കെട്ടടങ്ങിയെങ്കിലും ചില മേഖലകളില്‍ സംഘര്‍ഷ സ്ഥിതിക്ക് അയവു വന്നിട്ടില്ല. കഴിഞ്ഞ ദിവസം മൈതേയ് വിഭാഗക്കാരെ അംബുലന്‍സിന് തീവെച്ച് കൊലപ്പെടുത്തിയിരുന്നു. എങ്കിലും സമാധാനം പുനസ്ഥാപിക്കാനുള്ള പരിശ്രമങ്ങള്‍ കേന്ദ്രആഭ്യന്തരമന്ത്രി തുടരുകയാണ്.
പ്രതിപക്ഷ പാര്‍ട്ടികളും രാജ്യവിരുദ്ധ സംഘടനകളും കേന്ദ്രസര്‍ക്കാര്‍ വിരുദ്ധതയുള്ള ചില കര്‍ഷക സംഘടനകളും ഏറ്റെടുത്ത ഗുസ്തി താരങ്ങളുടെ സമരം പിന്‍വലിപ്പിക്കാനുള്ള ധ്രുതഗതിയിലുള്ള നടപടികള്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെയും കേന്ദ്രകായിക മന്ത്രി അനുരാഗ് താക്കൂറിന്റെയും ഭാഗത്തുനിന്നുണ്ടായതും കഴിഞ്ഞ ദിവസങ്ങളിലാണ്. അമിത് ഷാ ഗുസ്തി താരങ്ങളുമായി പ്രത്യേകം നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തന്നെ ജന്ദര്‍മന്തറിലെ സമരപ്പന്തല്‍ ഉപേക്ഷിച്ച് ഗുസ്തിതാരങ്ങള്‍ സര്‍ക്കാര്‍ ജോലികളില്‍ തിരികെ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച കേന്ദ്രകായികമന്ത്രി അനുരാഗ് താക്കൂറിന്റെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കാനുള്ള നിര്‍ണ്ണായക തീരുമാനവും കായിക താരങ്ങളില്‍ നിന്നുണ്ടായി. ഒളിംപിക്സ് മെഡലുകള്‍ ഹരിദ്വാറിലെത്തി ഗംഗയിലൊഴുക്കുമെന്ന നാടകം കളിച്ച കായിക താരങ്ങള്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സമരരീതി ഉപേക്ഷിച്ചത്. താരങ്ങള്‍ക്ക് പിന്തുണയുമായി സമര രംഗത്തുള്ള ‘മോദിവിരുദ്ധരെ’ അറിയിക്കാതെയായിരുന്നു കായിക താരങ്ങളുടെ പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്. ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡന പരാതി നല്കിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കോടതിയില്‍ ലൈംഗിക പരാതി നല്‍കാത്തതും സമരരംഗത്തുള്ളവരെ പ്രതിസന്ധിയിലാക്കിയിരുന്നു. യാതൊരു തെളിവുകളും ബ്രജ് ഭൂഷണെതിരെ സമര്‍പ്പിക്കാന്‍ സമരരംഗത്തുള്ളവര്‍ക്ക് സാധിച്ചിട്ടില്ല. ഇത്തരം സാഹചര്യങ്ങളും കേന്ദ്രമന്ത്രിമാര്‍ സമരക്കാര്‍ക്ക് മുന്നില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള രാജ്യവിരുദ്ധ സമരജീവികളുടെ കൈകളിലേക്ക് കായിക താരങ്ങള്‍ പോകരുതെന്നും കേന്ദ്രമന്ത്രിമാര്‍ അറിയിച്ചു. ഇതിനെല്ലാം ഫലമുണ്ടായിരിക്കുന്നു എന്നതാണ് സമരം പിന്‍വലിച്ച കായികതാരങ്ങളുടെ നടപടി വ്യക്തമാക്കുന്നത്.
പ്രതിസന്ധി ഘട്ടത്തില്‍ കരുത്തുകാട്ടുന്ന ഒരുസംഘം മികച്ച മന്ത്രിമാരാണ് മോദി സര്‍ക്കാരിനെ വത്യസ്തമാക്കുന്നത്. യൂറോപ്പും യുഎസും നിയന്ത്രിച്ചിരുന്ന ആഗോള നയതന്ത്ര ലോകത്ത് തന്റേതായ പാത വെട്ടിത്തെളിച്ചു മുന്നേറുന്ന കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ മുതല്‍ രാജ്യത്ത് റോഡ് വിപ്ലവം സൃഷ്ടിക്കുന്ന നിതിന്‍ ഗഡ്കരിയും പുതിയ വിദ്യാഭ്യാസ നയവുമായി മുന്നോട്ട് പോകുന്ന വിദ്യാഭ്യാസമന്ത്രി ധര്മ്മേന്ദ്രപ്രധാനുമെല്ലാം മോദി ക്യാബിനറ്റിനെ മികച്ചതാക്കുന്നു. പത്താംവര്‍ഷത്തിലും ഏറ്റവും മികച്ചതു രാജ്യത്തിന് നല്കാന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹായിക്കുന്നത് ഈ ടീംവര്‍ക്ക് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: