ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ കള്ളക്കഥ ചമയ്ക്കുകയും, അതിനെതിരെ നിയമപരമായ നടപടിയെടുത്തപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മുറവിളി കൂട്ടുകയും ചെയ്ത വിദേശ മാധ്യമമായ ബിബിസിയുടെ വെട്ടിപ്പ് പുറത്തായിരിക്കുന്നു. ആദായ നികുതി അടയ്ക്കാതെ നാല്‍പ്പതു കോടി രൂപ ബിബിസി വെട്ടിച്ചതായാണ് ഈ മാധ്യമ സ്ഥാപനം ആദായനികുതി വകുപ്പിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍നിന്ന് വ്യക്തമാവുന്നത്. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കുത്തിനിറച്ച ഇന്ത്യ-ദ മോദി ക്വസ്റ്റ്യന്‍ എന്ന ഒരു ഡോക്യുമെന്ററി ബിബിസി ഇന്ത്യയില്‍ സംപ്രേഷണം ചെയ്തത് വലിയ വിവാദമാവുകയുണ്ടായി. അതിനു പിന്നാലെ ബിബിസിയുടെ മുംബൈയിലെയും ദല്‍ഹിയിലെയും ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇത് മാധ്യമവേട്ടയായി ചിത്രീകരിച്ച് രാജ്യത്തെ ലെഫ്റ്റ് ലിബറലുകളും ചില മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവരികയും ചെയ്തു. മോദി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുകയാണെന്നായിരുന്നു വിമര്‍ശനം. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തടയാനാവില്ലെന്ന നിലപാടുമായി ബിബിസിയെ പിന്തുണച്ച് ബ്രിട്ടീഷ് സര്‍ക്കാരും രംഗത്തുവന്നു. എന്നാല്‍ രാജ്യത്തെ നിയമം അനുസരിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിബിസി തന്നെ ഇപ്പോള്‍ സമ്മതിച്ചിരിക്കുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ബിബിസിയെ പാടിപ്പുകഴ്ത്തിയവര്‍ ഇനി എന്തുപറയുമെന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്.
2016 മുതല്‍ 22 വരെയുള്ള ആറ് വര്‍ഷത്തെ നികുതിവെട്ടിപ്പു മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനു മുന്‍പുള്ള കാലയളവില്‍ ബിബിസി എത്രമാത്രം തട്ടിപ്പു നടത്തിയിട്ടുണ്ട് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ആറുവര്‍ഷത്തേക്ക് 40 കോടിയാണെങ്കില്‍ നികുതി വെട്ടിപ്പിന്റെ മുഴുവന്‍ കണക്കെടുക്കുമ്പോള്‍ എത്ര വലിയ അഴിമതിയാണ് ഈ മാധ്യമ ഭീമന് നടത്തിയിരിക്കുന്നതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഏറ്റവും വിചിത്രമായ കാര്യം 40 കോടിയുടെ നികുതി അടച്ചിട്ടില്ലെന്ന് സമ്മതിക്കേണ്ടി വന്ന ബിബിസി ഈ തുക അടയ്ക്കുകയോ അടയ്ക്കാമെന്ന് ഉറപ്പുനല്കുകയോ ചെയ്തിട്ടില്ല. രാജ്യത്തെ നിയമം അനുസരിക്കുന്നതിനുള്ള മടിയാണ് ഇതു കാണിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെങ്കിലും ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ എടുക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച സ്ഥാപനമാണ് ബിബിസി. ഇന്ത്യക്കാരെ അവഹേളിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പാരമ്പര്യമാണ് ഈ സ്ഥാപനം പിന്തുടരുന്നത്. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് ഇന്ത്യയില്‍ നടന്നിട്ടുള്ള അടിച്ചമര്‍ത്തലുകളെയും ജാലിയന്‍ വാലാബാഗ് ഉള്‍പ്പെടെയുള്ള കൂട്ടക്കൊലകളെയും കുറിച്ച് നിശ്ശബ്ദത പാലിക്കുന്ന ബിബിസിയുടെ സാമ്രാജ്യത്വ മനോഭാവം പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനൊന്നും കൃത്യമായ മറുപടിയില്ലാതെ ഇന്ത്യാ വിരോധം തുടരുകയാണ് ഈ സ്ഥാപനം ചെയ്യുന്നത്. ഇതിനെ സഹായിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന രാജ്യസ്നേഹമില്ലാത്ത ഒരുപറ്റം സാമ്രാജ്യത്വദാസന്മാര്‍ എന്നും ഇന്ത്യയിലുണ്ടായിരുന്നു. മോദി സര്‍ക്കാര്‍ ഇതൊന്നും അനുവദിക്കാത്തതാണ് ബിബിസി അതിന്റെ ദുര്‍മുഖം കാണിക്കാനുള്ള ഒരു കാരണം.
നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളില്‍ ലഭിക്കുന്ന പ്രാമുഖ്യവും, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി തന്നെ മൂന്നാമതും അധികാരത്തിലെത്തുമെന്നതും പല കേന്ദ്രങ്ങളെയും നിരാശപ്പെടുത്തുകയും അമര്‍ഷം കൊള്ളിക്കുകയും ചെയ്യുകയാണ്. ഇതുകൊണ്ടാണ് വസ്തുതാവിരുദ്ധവും ഏകപക്ഷീയവുമായ ഒരു ഡോക്യുമെന്ററി നിര്‍മിച്ച് മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ നടന്ന കലാപത്തില്‍ മോദിയെ കുടുക്കാന്‍ പത്ത് വര്‍ഷം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് കിണഞ്ഞു ശ്രമിച്ചതാണ്. അവര്‍ പരാജയപ്പെടുകയായിരുന്നു. നരേന്ദ്ര മോദി കുറ്റക്കാരനല്ലെന്നു മാത്രമല്ല, പ്രതിപോലുമല്ലെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തിയതാണ്. ഈ റിപ്പോര്‍ട്ട് സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു. എന്നിട്ടാണ് തികഞ്ഞ മുന്‍വിധിയോടെ കലാപത്തിന്റെ പേരില്‍ പ്രചരിക്കുന്ന ചില കഥകളെ വസ്തുതകളാക്കി അവതരിപ്പിച്ച് മോദിയെ കുറ്റപ്പെടുത്തുന്ന ഡോക്യുമെന്ററി ബിബിസി നിര്‍മിച്ചത്. ഇത് പ്രത്യക്ഷത്തില്‍ തന്നെ തികഞ്ഞ നിയമലംഘനവും രാജ്യത്തെ പരമോന്നത നീതിപീഠത്തോടുള്ള അനാദരവുമായിരുന്നു. എന്നിട്ടുപോലും ബിജെപിയോടും മോദിയോടുമുള്ള രാഷ്ട്രീയ വിരോധം മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സും മുസ്ലിം മതമൗലികവാദികളും ചില പ്രതിപക്ഷ കക്ഷികളും ബിബിസിയെ പിന്തുണയ്ക്കുകയായിരുന്നു. ബിബിസിയുടെ നികുതി വെട്ടിപ്പും തട്ടിപ്പും പുറത്തായതോടെ ഇക്കൂട്ടരുടെയും മുഖംമൂടിയാണ് അഴിഞ്ഞുവീണിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: