ആല്‍ബെനി: കാനഡയില്‍ കാട്ടുതീ പടരുന്നത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാസ്ക് ധരിക്കാന്‍ ന്യൂയോര്‍ക്കിന്റെ നിര്‍ദേശം. വായു നിലവാരം മോശമായതിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്കിലെ ജനങ്ങളോട് എന്‍ 95 മാസ്ക് ധരിക്കാന്‍ നിര്‍ദേശിച്ചതെന്ന് ന്യൂയോര്‍ക്കിലെ ആരോഗ്യ കമ്മിഷണര്‍ അശ്വിന് വാസന് അറിയിച്ചു. ഇന്നലെ മുതല്‍ ഇവിടെ സൗജന്യമായി മാസ്ക് വിതരണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്തരീക്ഷമാകെ പുക തിങ്ങി നിറഞ്ഞ് മഞ്ഞ നിറത്തിലാണിപ്പോള്‍. മോശം സാഹചര്യത്തില്‍ കായിക മത്സരങ്ങള്‍ മാറ്റിവച്ചു. വിമാനങ്ങള്‍ വൈകുന്നു. ജനങ്ങള്‍ കഴിവതും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും മേയര്‍ മുന്നറിയിപ്പ് നല്കി. അമേരിക്കയുടെ വടക്കുകിഴക്കുള്ള നഗരങ്ങള്‍ അറ്റ്ലാന്റ, ചിക്കാഗോ എന്നിവിടങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കാനഡയിലും ജനങ്ങള്‍ മാസ്ക് ധരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ സാഹചര്യം കൂടുതല്‍ രൂക്ഷമാകുമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മോശം കാട്ടുതീയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പറഞ്ഞു. കാനഡയില്‍ മാത്രം ഇതുവരെ ഇരുപതിനായിരത്തിലധികം ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. 38 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് കാട്ടുതീ പടര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: