കോട്ടയം: ശുചിത്വമുള്ളതും രുചികരവുമായ ഭക്ഷ്യസാധനങ്ങള്‍ വിളമ്പാന്‍ രാജ്യത്താകെ ഭക്ഷ്യവീഥികള്‍ ഒരുക്കാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലായി 100 ഭക്ഷ്യവീഥികള്‍ ആദ്യഘട്ടത്തില്‍ സ്ഥാപിക്കും. ആരോഗ്യകരമായ ഭക്ഷണം വിളമ്പും വിധം സുരക്ഷിതവും രുചികരവും പോഷകസമൃദ്ധവുമായ വിഭവങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി.
ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) ഭവന, നഗരകാര്യ മന്ത്രാലയവുമായി യോജിച്ച് എഫ്എസ്എസ്എഐയുടെ സാങ്കേതിക പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ഭക്ഷ്യവീഥിക്കും ഒരു കോടി രൂപ എന്ന നിലയില്‍ നല്‍കും. രാജ്യത്തുടനീളമുള്ള 100 ജില്ലകളിലായി ഇത്തരം 100 ഭക്ഷണ വീഥികള്‍ തുറക്കും. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ 60:40 അല്ലെങ്കില്‍ 90:10 എന്ന അനുപാതത്തില്‍ പദ്ധതിക്ക് സഹായം നല്‍കും.
സംസ്ഥാന തലത്തിലുള്ള മുനിസിപ്പല്‍, കോര്പ്പറേഷന്, വികസന അതോറിറ്റികള്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവരുടെ ഉത്തരവാദിത്വത്തിലാണ് പദ്ധതിയുടെ നടത്തിപ്പും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതും. എഫ്എസ്എസ്ഐഐയുടെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ഈ ഭക്ഷ്യവീഥികളെ ബ്രാന്‍ഡിങ് നടത്തും.
എക്സ്ക്ലൂസീവ് കാര്‍ട്ട്, ബ്രാന്‍ഡിങ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം, സുരക്ഷിതമായ കുടിവെള്ളം, കൈകഴുകല്‍, കക്കൂസ് സൗകര്യങ്ങള്‍, പൊതുവിടങ്ങളിലെ ടൈല്‍ പാകിയ തറകള്‍, ശരിയായ മാലിന്യ സംസ്കരണം, വെളിച്ചം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വഴിയോരങ്ങളില്‍ നിന്നുള്ള ഭക്ഷണ വ്യാപാരം ഇന്ത്യന്‍ ഭക്ഷ്യ സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നത്.
വേഗത്തിലുള്ള നഗരവല്‍ക്കരണത്തിന്റെ ഫലമായി ഇത്തരം ഭക്ഷ്യശാലകള്‍ വര്‍ധിച്ചെങ്കിലും ഭക്ഷ്യസുരക്ഷയും വൃത്തിയും ആശങ്ക സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് ഭക്ഷ്യവീഥി പദ്ധതി നടപ്പാക്കുന്നത്. സുരക്ഷിതമായ ഭക്ഷണരീതികള്‍, ഭക്ഷ്യസുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രാദേശിക ഭക്ഷ്യ ബിസിനസുകളുടെ ശുചിത്വ വിശ്വാസ്യത മെച്ചപ്പെടുത്തുകയും പ്രാദേശിക തൊഴില്‍, ടൂറിസം, സമ്പദ്വ്യവസ്ഥ എന്നിവ വര്‍ധിപ്പിക്കുന്നതിനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: