Categories: India

ഈ വര്‍ഷത്തെ ലോക സുന്ദരി മത്സരം ഇന്ത്യയില്‍; 130 രാജ്യങ്ങളില്‍ നിന്നുളള സുന്ദരിമാര്‍ പങ്കെടുക്കും

കഴിഞ്ഞ വര്‍ഷം മിസ് ഇന്ത്യ വേള്‍ഡ് കിരീടം നേടിയ സിനി ഷെട്ടിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുക്കുന്നത്.

Published by

മുംബയ് : ഈ വര്‍ഷത്തെ ലോക സുന്ദരി മത്സരം ഇന്ത്യയില്‍.മത്സരത്തിന്റെ ഏഴ് പതിറ്റാണ്ടിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് മിസ് വേള്‍ഡ് മതസരം രാജ്യത്ത് നടക്കുന്നത്. ന്യൂദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഇക്കാര്യം അറിയിച്ചത്. 71-ാമത് ലോകസുന്ദരി പട്ടത്തിനായുളള മത്സരം ഈ വര്‍ഷം അവസാനം നടക്കുമെങ്കിലും കൃത്യമായ തീയതിയും ഏത് നഗരത്തിലാണ് സംഘടിപ്പിക്കുകയെന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള സൗന്ദര്യമത്സരമായ ലോകസുന്ദരി മത്സരത്തില്‍ 130 രാജ്യങ്ങളില്‍ നിന്നുളള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. ഒരു മാസത്തോളം മത്സരം നീണ്ടുനില്‍ക്കും. മിസ് വേള്‍ഡ് ലിമിറ്റഡും പിഎംഇ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.  

കഴിഞ്ഞ വര്‍ഷം മിസ് ഇന്ത്യ വേള്‍ഡ് കിരീടം നേടിയ സിനി ഷെട്ടിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുക്കുന്നത്. പോളണ്ടിലെ ലോകസുന്ദരി കരോലിന ബിലാവ്സ്‌കയോടൊപ്പം സിനിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

1996-ല്‍ ബാംഗ്ലൂര്‍ ആതിഥേയത്വം വഹിച്ചപ്പോഴാണ് ഇന്ത്യയില്‍ അവസാനമായി ലോകസുന്ദരിപ്പട്ടം നടന്നത്. ഗ്രീസിന്റെ 18 കാരിയായ ഐറിന്‍ സ്‌ക്ലിവയാണ് ആ വര്‍ഷം കിരീടം നേടിയത്. മുന്‍ ലോകസുന്ദരി ഐശ്വര്യ റായ്, നടന്‍ ആമിര്‍ ഖാന്‍, വ്യവസായി വിജയ് മല്യ എന്നിവരാണ് വിധികര്‍ത്താക്കളായത്.

മത്സരത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ആറ് ഇന്ത്യന്‍ വനിതകളാണ്  ജേതാക്കളായത്. ആദ്യം 1966ല്‍ റീത്ത ഫാരിയ ആയിരുന്നു ജേതാവ്. അതിനുശേഷം 1994 ല്‍ ഐശ്വര്യ റായിയും 1997 ല്‍ ഡയാന ഹെയ്ഡനും 1999 ല്‍ യുക്ത മുഖിയും  2000-ല്‍ പ്രിയങ്കയും ജേതാവായി. 2017-ല്‍ മാനുഷി ചില്ലറാണ് അവസാനമായി ലോകസുന്ദരി പട്ടം നേടിയ ഇന്ത്യക്കാരി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക