അതിജീവനത്തിന്റെ പാതയിൽ – ഭാഗം 1
അതിജീവനത്തിന്റെ പാതയിൽ – ഭാഗം 2
അതിജീവനത്തിന്റെ പാതയിൽ – ഭാഗം 3
അതിജീവനത്തിന്റെ പാതയിൽ – ഭാഗം 4
അതിജീവനത്തിന്റെ പാതയിൽ – 16
April 15
മോഡിയുടെ ഏകീകൃത സിവിൽ കോഡ്…
എല്ലാ കുട്ടികളും വിദ്യാലയത്തിൽ ഒരുപോലെ ആയിരിക്കും എല്ലാവർക്കും ഒരേ നിയമം ആയിരിക്കും എന്ന് പറഞ്ഞപ്പോൾ അവർ ചോദിച്ച ചോദ്യം ഇതാണ്…. ഇവിടെ മോദിയുടെ ഏകീകൃത സിവിൽ കോഡ് നടപ്പിൽ ആക്കുകയാണോ ?… രാഷ്‌ട്രീയവും ബിജെപി ആർഎസ്എസ് എന്നിവയെ കുറിച്ച് യാതൊരു അറിവും ഇല്ലാതിരുന്ന എനിക്ക് മോദി ആരാണെന്നും അദേഹത്തിന്റെ സിവിൽ കോഡ് എന്താണെന്നും എന്തിനാണ് അതിനെ മറ്റുള്ളവർ എതിർക്കുന്നത് എന്ന് ചിന്തിക്കാനും കാരണമായി. അത് നടപ്പിലാക്കിയാൽ ഉള്ള ഗുണങ്ങൾ ഞാൻ വായിച്ചു മനസ്സിലാക്കി. അങ്ങിനെ ഉള്ളിന്റെ ഉള്ളിൽ നമ്മൾ ചിന്തിക്കുന്നത് പോലെ ലോകത്ത് ചിന്തിക്കുന്ന വേറെയും ആളുകൾ ഉണ്ട്. അത് ശരിയായ പാതയാണ് എന്നും ഞാൻ ഉറപ്പിച്ചു.
2013/14 കാലഘട്ടത്തിൽ ഒരു സ്കൂളിൽ എല്ലാവർക്കും തുല്യത നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ വലുതായിരുന്നു. ചെറിയ ചെറിയ സ്ഥലങ്ങളിൽ ഇത് പോലെ അവർ പ്രവർത്തിച്ചു വിജയിച്ചതിന്റെ ഉൽസാഹത്തിൽ ആണ് പിന്നിട് പൗരത്വ ഭേദഗതി നിയമവും കാർഷിക നിയമവും കൊണ്ട് വന്നപ്പോൾ അവർ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചത്. ഞങ്ങളെപ്പോലെ വിട്ട് വീഴ്ച ഇല്ലാതെ എല്ലാവരും നിന്നിരുന്നു എങ്കിൽ അവർക്ക് വളരാൻ സാധിക്കുക ഇല്ലായിരുന്നു.
എന്ത് തന്നെ ആയാലും PFI യുടെ അജണ്ട ഇവിടെ അവർക്ക് നടപ്പിലാക്കാൻ സാധിച്ചില്ല. എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അവരുടെ തീരുമാനങ്ങൾ ഇവിടെ നടപ്പിലാക്കാൻ സാധിക്കുകയില്ല എന്നും സമ്പത്തിനേക്കാളും മറ്റ് എന്തിനേക്കാളും വലുതാണ് ഞങ്ങള്ക്ക് ദേശീയത എന്നും അവർക്ക് മനസ്സിലായി.
ഒരു വിദ്യാലയം എങ്ങിനെ ആയിരിക്കണം എന്ന് ചിന്തിച്ചപ്പോൾ ആദ്യം മനസ്സിൽ ഉയർന്ന ചിന്ത… അത് ജാതി മത ചിന്തകള്ക്ക് അപ്പുറം ദേശീയതയെ നെഞ്ചില് ഏറ്റുന്നത് ആവണം. ചുറ്റും ഉള്ള ചില വിദ്യാലയങ്ങൾ അവരുടെ മതപരമായ കാര്യങ്ങള്‍ സ്കൂളുകളിൽ പരിശീലിപ്പിക്കുന്നത് എന്റെ കാഴ്ചപ്പാടിന് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
സ്കൂളുകളിൽ ദേശീയത മുൻനിർത്തി ഭാരതീയ സംസ്കാരവും ജാതി മത ഭേദമന്യേ ഉള്ള വിദ്യാഭ്യാസവും, വീടുകളിൽ അവരവരുടെ മതത്തിന് അനുസരിച്ചുള്ള പഠനവും ആണ് നടത്തേണ്ടത്. സ്കൂളുകൾ മത പഠനത്തിന് ഉള്ള സ്ഥലവും അല്ല…
Gayathri ..the manthra of learning. ഗായത്രി…. അറിവിന്റെ ആദ്യമന്ത്രം ആണ്… അത് ഒരു സമൂഹത്തിന്റെ മാത്രം സ്വന്തം അല്ല. അറിവ് എല്ലാവർക്കും ഉള്ളതാണ്. അവ ജാതി മത രാഷ്‌ട്രീയ ഭേദമന്യേ എല്ലാവർക്കും പകർന്ന് നൽകണം എന്ന കാഴ്ചപ്പാടിൽ നിന്നാണ് വിദ്യാലയത്തിന് ആ നാമം നൽകിയത്…
ഇന്ത്യ ഒരു ജനാധിപത്യ രാഷ്‌ട്രം ആണ്…
ഒരു സമൂഹത്തിനോ ഒരു വ്യക്തിക്കോ മുന്നോട്ട് വരണം എങ്കിൽ താഴെ തട്ടിൽ നിന്ന് തന്നെ ഉയർന്നു വരാവുന്നതാണ്… എപിജെ അബ്ദുൾ കലാമിനേ പോലെ രാജ്യത്തെ പ്രഥമ പൗരൻ വരെ ആർക്കും ആകാവുന്നതാണ്..
ഏത് തൊഴിലും ആദരണീയമാണ്… സ്വപ്നം കാണുമ്പോ ഏറ്റവും മികച്ചത് മാത്രമേ കാണാവൂ… ഒരു അധ്യാപകൻ ആകാൻ ആണ് ആഗ്രഹിക്കുന്നത് എങ്കിൽ പ്രധാന മന്ത്രിയിൽ നിന്ന് മികച്ച അധ്യാപകന് ഉള്ള അവാർഡ് നേടുന്ന അധ്യാപകൻ… ഒരു ഡോക്ടർ ആണെങ്കിൽ ലോകം ആദരിക്കുന്ന ഡോക്ടർ, അങ്ങിനെ ഏറ്റവും മികച്ച ആൾ ആവണം. അതിനായി ചെറിയ പ്രായത്തിൽ തന്നെ മൂല്യങ്ങൾ പകർന്നു നൽകണം… അത്തരം മൂല്യങ്ങൾ കുട്ടികളെ നേരായ മാർഗ്ഗത്തിൽ നയിക്കും…
എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും പ്രതിസന്ധികൾ വന്നാലും ഇതായിരിക്കണം അതിന്റെ പാത.
മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും ശരിയായിരുന്നു… എന്നിട്ടും ലക്ഷ്യത്തിൽ എത്താൻ സമയം അടുത്തപ്പോൾ ഞാൻ തോൽപ്പിക്കപ്പെട്ടു… ശരിയായ പാതയിൽ കൂടി സഞ്ചരിക്കുവാൻ ശ്രമിക്കുന്നവർക്ക് തടസ്സങ്ങൾ തീർച്ചയായും ഉണ്ടാവും… പക്ഷേ കുറച്ചു പേര് തടസ്സങ്ങൾ ഉണ്ടാകുവാൻ മുന്നിട്ട് ഇറങ്ങുകയും മറ്റുള്ളവർ ഭയം കൊണ്ട് നിശബ്ദരാവുകയും ഞങ്ങളെ ഒറ്റപ്പെടുത്തി പോവുകയും ചെയ്യും എന്ന് കാലം ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ജീവനും മതവും വലുതാണ് എന്ന് അവർ പറയാതെ പറഞ്ഞു…
ഞങ്ങൾ തോറ്റത് സാമ്പത്തികമായി അല്ല ധനം എപ്പോൾ വേണം എങ്കിലും വരാം പോകാം… പക്ഷേ അധ:പതനത്തിലേയ്‌ക്ക് പൊയ്‌ക്കൊണ്ടിരുന്ന ഒരു സമൂഹത്തെ ദേശീയതയിലൂടെ വളർത്തി ഉന്നത സ്ഥാനങ്ങളിൽ എത്തിക്കണം എന്ന ലക്ഷ്യത്തിൽ ആണ് ഞങ്ങൾ പരാജയപ്പെട്ടത്….
പക്ഷേ ഉദ്ദേശവും പ്രവർത്തനവും കൃത്യമായാൽ മനസ്സ് ലക്ഷ്യത്തിൽ തന്നെ ഉറപ്പിച്ചുവച്ചാൽ…. പ്രകൃതിയും ലോകവും നമുക്ക് ഒപ്പം വരും…. ഞാനും എന്റെ മനസ്സ് ഉറപ്പിച്ചു തന്നെ വെച്ചിരിക്കുകയാണ്… ഒരേ ഒരു ലക്ഷ്യത്തിലേയ്‌ക്ക്…..
അതിജീവനത്തിന്റെ പാതയിൽ -17
April 16
എന്റെ ഓർമ്മയിൽ മുസ്ലിം വിഭാഗത്തിന് മഫ്ത, ബൂർക്ക എന്നിങ്ങനെ ഉള്ള മത വസ്ത്രങ്ങൾ നിർബന്ധിതമാക്കിയത് അടുത്ത കാലത്താണ്… അതിനു മുൻപ് പ്രായ പൂർത്തിയായവർ മാത്രം തട്ടവും, സാരി ഉടുക്കുന്നവർ അതിന്റെ തുമ്പ് കൊണ്ട് തല മറക്കുകയും ചെയ്തിരുന്നു.
അവരുടെ ആവശ്യം മത വസ്ത്രം ധരിക്കണം എന്നല്ല… അവരുടെ മേൽക്കോയ്‌മ അനുവദിച്ചു കൊടുക്കുക എന്നതായിരുന്നു…. ഒരാള്‍ മതവസ്ത്രം ധരിക്കുന്നത് അയാളുടെ മൗലിക അവകാശം തന്നെ. പക്ഷേ അത് യൂണിഫോം നിബന്ധന ഉള്ള സ്ഥലങ്ങളിൽ അല്ല…. മതസ്ഥാപനങ്ങളിലോ ആരാധനാലയങ്ങളിലോ ആവാം…. പക്ഷേ അഡ്വക്കേറ്റ്, ഡോക്ടർ, എൻജിനീയർ, നഴ്സ്, അധ്യാപകർ തുടങ്ങി എല്ലാവരും മത വസ്ത്രം ധരിക്കണം എന്ന് നിർബന്ധം പിടിക്കുന്നത് അനുചിതമാണ്.
ആദ്യം മതവസ്ത്രം… പിന്നീട് വെള്ളിയാഴ്ച ഉച്ചയ്‌ക്ക് നിസ്കാരത്തിന് അനുസരിച്ച് സ്കൂൾ സമയം ക്രമീകരിക്കുക… കുട്ടികളെ വെള്ളിയാഴ്ച നിസ്കാരത്തിന് സ്കൂളിൽ നിന്നും പള്ളിയിലേക്ക് അയക്കുക… എന്നിങ്ങനെ ആവശ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി എത്തിതുടങ്ങി….
ആവശ്യങ്ങൾ എന്തു തന്നെ ആയാലും സ്കൂൾ നിയമങ്ങൾ കൃത്യമായി പാലിക്കുവാനും അവരുടെ ഒരു ആവശ്യവും അംഗീകരിക്കുവാൻ സാധിക്കുക ഇല്ലെന്നും വ്യക്തമായും ശക്തമായും ഞങ്ങൾ വ്യക്തമാക്കി…
പോപ്പുർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന തീവ്രവാദ സംഘടന നേരിട്ട് ഈ പ്രവർത്തനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും പോസ്റ്ററുകളും നോട്ടീസുകളും പ്രസിദ്ധപ്പെടുത്തുകയും നേരിട്ട് വന്ന് സ്കൂൾ management ന്റെ നിലപാട് അറിയുകയും ചെയ്തു…
2014 നവംബർ അവസാന ദിവസങ്ങളിൽ ആണ് ഗായത്രിക്ക് സംസ്ഥാന തലത്തിൽ മികച്ച വിദ്യാലയത്തിന് വേണ്ടി KPEB യുടെ പുരസ്കാരം ലഭിക്കുന്നത്… സ്കോളർ ഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് പ്രത്യേക പുരസ്കാരങ്ങളും ലഭിച്ചിരുന്നു… വിദ്യാർത്ഥികളും അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഇത്തരം ഒരു വിജയത്തിന്റെ ആഘോഷം വലിയ രീതിയിൽ നടത്തണം എന്ന് തീരുമാനിച്ചു… മുഖ്യ അതിഥി ആയി മന്ത്രി തിലോത്തമൻ മതി എന്ന് രക്ഷാകർതൃ സമിതി തീരുമാനിച്ചു.
വലിയ പ്രോഗ്രാം ആയത് കൊണ്ട് ഒരു auditorium തന്നെ ബുക്ക് ചെയ്യാൻ തയ്യാറായി. പൊതുസമ്മേളനം, കുട്ടികൾക്ക് ഉള്ള പുരസ്കാര വിതരണം അതിന് ശേഷം കുട്ടികൾക്കും രക്ഷകർത്താക്കളും ഉൾപ്പടെ ഉള്ളവർക്ക് വിഭവ സമൃദ്ധമായ ഭക്ഷണം തുടങ്ങി വിശദമായ പരിപാടികൾക്ക് തീരുമാനം ആയി. അതിന് വേണ്ട ചിലവുകൾ എല്ലാവരും ഒരുമിച്ച് പങ്ക് വെയ്‌ക്കുവാനും തീരുമാനം ആയി.
പിന്നെ ഉള്ള ദിവസങ്ങൾ തിരക്ക് പിടിച്ചവ ആയിരുന്നു…കുട്ടികളുടെ കലാപരിപാടികൾ, അവയ്‌ക്കുള്ള പരിശീലനം… അതിഥികളെ സ്വീകരിക്കുവാൻ ബാൻഡ് സംഘം തുടങ്ങി കുട്ടികൾ എല്ലാം തിരക്കിൽ ആയി… വിവിധ തരത്തിൽ ഉള്ള എക്സ്ട്രാ കരികുലർ അധ്യാപകർ തുടർച്ചയായി സ്കൂളിൽ എത്തി പരിപാടി കുറ്റമറ്റതാക്കുവാൻ ഉള്ള പരിശീലനം തുടങ്ങി.
അങ്ങിനെ ഉള്ള ഒരു ഉച്ച സമയത്ത് ആണ് ഒന്നാം റാങ്ക് കിട്ടിയ കുട്ടിയുടെ മാതാവ് കൂടെ ചെറിയ ഒരു പെൺകുട്ടിയും ആയി എത്തിയത്. ഞാൻ അവരെ സ്നേഹപൂർവം സ്വീകരിക്കുകയും കുഞ്ഞിനോട് സംസാരിക്കുകയും ചെയ്തു… മാം പുതിയ വർഷത്തെ അഡ്മിഷൻ ആരംഭിച്ചുവോ… മോൾക്ക് അടുത്ത വർഷം play school ൽ അഡ്മിഷൻ വേണം. മൂത്ത കുട്ടി വർഷങ്ങൾ ആയി ഇവിടെ പഠിക്കുകയും കുടുംബത്തെ നേരത്തെ തന്നെ പരിചയം ഉള്ളത് കൊണ്ടും സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അവർ അപ്പോള് തന്നെ ഫോം പൂരിപ്പിയ്‌ക്കുകയും ഫീസ് അടയ്‌ക്കുകയും ചെയ്തു… എപ്പോഴും എന്ന പോലെ പുതുതായി വരുന്ന കുട്ടികൾക്ക് ഞാൻ കൊടുക്കാറുള്ള സമ്മാനം നൽകി യാത്രയാക്കുകയും ചെയ്തു.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആ ലേഡി തിരിച്ചു വരികയും മൂന്ന് വയസ്സിൽ താഴെ മാത്രം പ്രായമുള്ള മുട്ടിന് മുകളിൽ ഉടുപ്പ് ഇട്ടു നടക്കുന്ന കുഞ്ഞിന് മഫ്ത ധരിക്കുവാൻ അനുവാദം തരണം എന്ന് ആവശ്യപ്പെട്ടു…
ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആർക്കും ഒരു പരിഗണനയോ ആനുകൂല്യമോ വേർതിരിവോ ഉണ്ടാകുവാൻ ഉള്ള യാതൊരു പ്രവർത്തനവും എനിക്ക് പ്രോത്സാഹിപ്പിക്കുവാൻ സാധ്യമല്ലാത്തത് കൊണ്ട് എനിക്ക് അത് അനുവദിച്ചു കൊടുക്കുവാൻ ആയില്ല…എന്ത് കൊണ്ടാണ് ഇത്രയും പ്രായമുള്ള നിങ്ങൾ ഉപയോഗിക്കാത്ത മഫ്ത എന്ന മതവസ്ത്രം സ്കൂളിൽ ധരിക്കുവാൻ ആവശ്യപ്പെടുന്നത് എന്ന ചോദ്യത്തിന് അത് ഉസ്താദ് ആവശ്യപ്പെട്ടു എന്ന് അവർ മറുപടി പറഞ്ഞു.
സ്കൂളിന് വ്യക്തമായ നിയമങ്ങൾ ഉള്ളത് കൊണ്ടും എല്ലാവർക്കും യൂണിഫോം നിർബന്ധം ആയത് കൊണ്ടും എനിക്ക് ഇത്തരം മതവസ്ത്രങ്ങൾ സ്കൂളിൽ ധരിക്കുവാൻ അനുവാദം നൽകുവാൻ നിർവാഹമില്ല എന്ന് ഞാൻ അവർക്ക് മറുപടി നൽകി.
പക്ഷേ പ്രശ്നം അവിടെ തീരുക ഉണ്ടായില്ല. കൂടുതൽ കൂടുതൽ പേര്‍ ഇതേ ആവശ്യവുമായി എത്തിത്തുടങ്ങി.
സാധാരണ ജീവിതത്തിൽ പ്രായപൂർത്തി ആകുന്നത് വരെ യാതൊരു വിധ മത ചിഹ്നങ്ങൾ ധരിക്കാതെ അത്തരം കാര്യങ്ങള്‍ നിർബന്ധിതമല്ലാത്ത ഒരു സമൂഹം പെട്ടന്ന് ഇത്തരത്തിൽ ഒരു നിലപാട് എടുക്കാൻ ഉണ്ടായ കാരണം ദുരൂഹമായി തോന്നി. എങ്കിലും അത് അനുവദിച്ചു കൊടുക്കേണ്ടതില്ല എന്ന തീരുമാനത്തിൽ ആണ് ഞങ്ങള്‍ എത്തി ചേർന്നത്.
അതോടു കൂടി പുറകിൽ നിന്ന് പ്രവർത്തിച്ചിരുന്ന പോപുലർ ഫ്രണ്ട് എന്ന ഭീകര സംഘടന നേരിട്ട് പ്രവർത്തനം ആരംഭിച്ചു. പോസ്റ്ററുകൾ പതിച്ചും സ്കൂളിന് എതിരായി മുന്നിൽ ഉള്ള മദ്രസ പള്ളിയിൽ ഞങ്ങൾക്ക് എതിരായി ഫത്വ പുറപ്പെടുവിച്ചും കുട്ടികളെ നിർബന്ധിതമായി ഇവിടെ നിന്ന് മാറ്റിച്ചും തുറന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടു.
ജോസഫ് മാഷിന്റെ കൈ വെട്ടിയ ഭീകര സംഘടന പാവപ്പെട്ട സാധാരണക്കാരായ മുസ്ലിം കുടുംബങ്ങളെ അവരുടെ കീഴിൽ ഭീഷണിപ്പെടുത്തിയും ഒറ്റപ്പെടുത്തിയും വളര്‍ന്നു വന്നു… ഒറ്റയ്‌ക്ക് പഞ്ചായത്ത് ഇലക്ഷന് നിൽക്കാനും അവരുടെ പ്രതിനിധി തന്നെ വിജയിച്ച് വരാനും സാധ്യമാകുന്ന നിലയിൽ അവർ വളർന്നു.
അതിജീവനത്തിന്റെ പാതയിൽ – 18
April 17
മതത്തിന്, നന്നായി ഉയർന്ന് ചിന്തിക്കുന്ന ഒരു സമൂഹത്തെ പുരാതന രീതിയിൽ എത്തിക്കാൻ സാധിക്കും എന്നതിന് തെളിവ് ആണ് മണ്ണഞ്ചേരി എന്ന ഗ്രാമം.
നിലവിൽ ഈ ഗ്രാമത്തിൽ ആശുപത്രിയിൽ പോകാതെ വീട്ടിൽ തന്നെ പ്രസവിക്കുന്ന സ്ത്രീകൾ ഉണ്ട്. കൊറോണ മൂലം ലക്ഷങ്ങൾ മരിച്ചിട്ടും vaccination ചെയ്യാത്തവർ ഉണ്ട്. അസുഖം വന്നാൽ hospital ല്‍ പോകാതെ ജപിച്ച് വെള്ളം കുടിക്കുന്നവർ ഉണ്ട്. പരസ്പരം തിരിച്ചറിയാത്ത വിധത്തിൽ കറുത്ത മതവസ്ത്രം കൊണ്ട് മുഴുവനും മൂടി നടക്കുന്ന സ്ത്രീകൾ ഉണ്ട്. ഗവര്‍മെന്റ അനുശാസിക്കുന്ന വിദ്യാഭ്യാസം പഠിക്കാതെ മതം മാത്രം പഠിക്കുന്ന വിദ്യാർഥികൾ ഉണ്ട്. അവർ ഗവര്‍മെന്റ സ്കൂളുകളിൽ ചേർന്നിരിക്കും… ആനുകൂല്യങ്ങൾ എല്ലാം കൃത്യമായി വാങ്ങിയിരിക്കും… പക്ഷേ പഠിക്കുന്നത് മദ്രസകളിൽ ആയിരിക്കും.
ഇതിന് എല്ലാം ഉപരി ആയുധപരിശീലനം നേടിയ കുട്ടികൾ ഉണ്ട്, അവരിൽ പെൺകുട്ടികൾ വരെ ഉണ്ട് എന്നതാണ് ഏറ്റവും വലിയ സങ്കടം.
ഈ കുറിപ്പുകൾ എഴുതാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ ഒരു ആമുഖം എഴുതിയിരുന്നു. ഈ വിദ്യാലയം മണ്ണഞ്ചേരിയില്‍ തന്നെ തുടങ്ങുന്നതിന്റെ ആവശ്യകതയെ പറ്റി… അതെ സാഹചര്യം തന്നെയാണ് ഇത്തരം ഒരു ഭീകരവാദ സംഘടന ഇവിടെ വളർന്നു വരാനും കാരണമായി തീർന്നത്.
ശരിയായ വിദ്യാഭ്യാസത്തിന്റെ അഭാവം ഒരു സമൂഹത്തെ ഒന്നടങ്കം ഇരുട്ടിൽ തള്ളും അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്.
ഈ സംഭവങ്ങൾ നടക്കുന്ന സമയത്ത് ഇവിടുത്തെ മുസ്ലിം സമൂഹം ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. സ്വാഭാവികം ആയും ചെറുപ്പക്കാരായ വിവാഹിതരായ പെൺകുട്ടികളുടെ മേൽ വീടിന്റെ ഉത്തരവാദിത്വം വന്ന് ചേരും. രണ്ടും മൂന്നും കുട്ടികൾ ഉള്ള അതും പ്രായത്തിൽ അധികം വ്യത്യാസം ഇല്ലാത്ത അമ്മമാർക്ക് അവരെ നിയന്ത്രിക്കുക ബുദ്ധിമുട്ടായിരുന്നു.
കുട്ടികളെ ശരിയായ ദിശയിൽ നയിക്കുന്ന വിദ്യാലയം അവർക്ക് വളരെ വലിയ ആശ്വാസം ആയിരുന്നു. കുട്ടികളുടെ പഠനവും വിലയിരുത്തലും വലിയ മാറ്റമാണ് സമൂഹത്തിൽ കൊണ്ട് വന്നത്. പക്ഷേ അത് PFI പോലുള്ള സംഘടനയുടെ വളർച്ചയ്‌ക്ക് തന്നെ ആദ്യഘട്ടത്തിൽ തടസ്സമായി. സ്ത്രീകളും കുട്ടികളും ഇതിന് എതിരായിരുന്നു… പക്ഷേ ഗൾഫ് രാജ്യങ്ങളിൽ ഉള്ള അവരുടെ ഭർത്താക്കന്മാരെ കൊണ്ട് നിർബന്ധിച്ചും മതപണ്ഡിതന്മാരെ കൊണ്ട് വന്ന് ക്ലാസ്സുകൾ നൽകിയും എന്നിട്ടും വഴങ്ങാത്തവരെ വീടുകളിൽ ചെന്ന് നിർബന്ധിച്ചുമാണ് മതനിയമങ്ങൾ അടിച്ചേൽപിച്ചത്.
അവരിൽ പലരും നേരിട്ട് വന്നു കാണുകയും ഈ പ്രതിസന്ധി മറികടക്കാൻ മാർഗ്ഗം ആരായുകയും ചെയ്തു… മനസ്സില്ലാ മനസ്സോടെ ആണ് അവർ കുട്ടികളെ ഇവിടെ നിന്ന് മാറ്റുകയുണ്ടായത്.
ഒരു തരത്തിൽ പറഞ്ഞാൽ കുട്ടികളെ മുന്നിൽ നിർത്തിയാണ് അവർ യുദ്ധം ചെയ്തത്… എങ്ങിനെ കൈകാര്യം ചെയ്താലും മുറിവേൽക്കുന്നതും നഷ്ടം സംഭവിക്കുന്നതും കുഞ്ഞുങ്ങള്‍ക്ക് തന്നെ…നാളത്തെ ഐഎഎസ് / ഐപിഎസ് ഉദ്യോഗസ്ഥൻ ആവേണ്ട കുഞ്ഞുങ്ങൾ സാധാരണക്കാരിൽ ഒന്ന് മാത്രം ആയി വളരുവാൻ കാരണം ആവും…
ഞങ്ങളെ സംബന്ധിച്ച് വിട്ട് വീഴ്ച ചെയ്യുക എന്നത് കുട്ടികളെ ഞങ്ങളുടെ മുന്നിൽ വച്ച് ഞങ്ങളുടെ അനുവാദത്തോടെ മതത്തിന് വിട്ട് കൊടുക്കുക എന്നത് ആണ്…
അവരുടെ ലോകം മണ്ണഞ്ചേരിയിൽ ഒതുക്കപ്പെടുക എന്നതാണ്…അതിന് ഒരിക്കലും ഞങ്ങള്ക്ക് അനുവാദം കൊടുക്കാൻ സാധ്യമല്ല.
അത് കൊണ്ട് തന്നെ സാമ്പത്തിക സാമൂഹിക ഒറ്റപ്പെടുത്തൽ ഉണ്ടായിട്ടും ഞങ്ങള്‍ ഇവിടെ തുടർന്നു
അതിജീവനത്തിന്റെ പാതയിൽ -19
April 18
നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദു സംസ്കാരം കാലാ കാലങ്ങളിൽ ഉണ്ടായ മുഗൾ അധിനിവേശങ്ങളെ എല്ലാം പരാജയപ്പെടുത്തി ഇന്നും നിലനിൽക്കുന്നത് അതിന്റെ സവിശേഷത കൊണ്ട് തന്നെ ആണ്… അഫ്ഗാനിസ്ഥാൻ, കാബൂൾ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഒടുവിൽ കശ്മീർ, ഗോവ എന്നിടങ്ങളിൽ നിന്നും വീടും നാടും എല്ലാം ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിൽ അഭയം തേടാൻ അവരെ പ്രേരിപ്പിച്ചത് എന്തായിരിക്കും… ആ സംസ്കാരത്തിന്റെ മൂല്യം അവർക്ക് അറിയാവുന്നത് കൊണ്ട് തന്നെ അല്ലേ ? തലമുറകൾ പലത് മറഞ്ഞ് പോയിട്ടും അത് തിരികെ വരുന്നത് എന്ത് കൊണ്ടായിരിക്കും ? ജീവൻ കൊടുത്തും അവർ ആ സംസ്കാരം മുറുകെ പിടിക്കാൻ കാരണം എന്താവും ?
അറിയില്ല… പക്ഷേ അതിന് ജീവൻ ഉണ്ട്… അശാന്തമായ കഠിനമായ പ്രകൃതിയിൽ നിശബ്ദരായി ഉൾ വലിഞ്ഞു നിൽക്കുകയും അനുകൂല പരിതസ്ഥിതിയിൽ പടർന്നു വലുതാവുകയും ചെയ്യുന്ന ജീവൻ… അത് ചുറ്റും നടക്കുന്നത് അറിയുന്നു. കാണുന്നു… പ്രവർത്തിക്കുന്നു…എന്നിലൂടെയും നിങ്ങളിലൂടെയും… ഓരോ വ്യക്തിയിലൂടെയും….
അത്കൊണ്ട് തന്നെ ആണ് ഇത്രയും കാലത്തെ ജീവിതത്തിൽ ഹിന്ദു എന്ന് ഉറക്കെ ഒരിക്കൽ പോലും ഉച്ചരിക്കാത്ത ഞാൻ ഹിന്ദുവാണ് എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് സ്വന്തം സംസ്കാരത്തിന്റെ രക്ഷക്കായി ഉറച്ചു നിന്നത്… കൂടെ ഉളളവർ എല്ലാവരും ഒഴിഞ്ഞു പോയിട്ടും ബാധ്യതകൾ കുമിഞ്ഞു കൂടിയിട്ടും വിട്ട് വീഴ്ചകൾക്ക് തയ്യാറാവാതെ മുന്നോട്ട് പോയത്.
സ്വന്തം സ്വത്വമോ പാരമ്പര്യമോ അജ്ഞാതമായ ആളുകൾ സമയം വരുമ്പോൾ അത് അന്വേഷിച്ചു കണ്ടെത്തുകയും പ്രകൃതിയും സമൂഹവും അതിന് വേണ്ട സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യും എന്ന് അനുഭവങ്ങൾ എനിക്ക് കാണിച്ചു തന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ഉള്ള പൂർവിക പൈതൃകം അന്വേഷിച്ചു കണ്ടെത്തുകയും അതിലെ നഷ്ടപ്പെട്ട കണ്ണികൾ കൂട്ടിച്ചേർക്കാൻ ഉള്ള നിയോഗം എന്നിലേയ്‌ക്ക് എത്തി ചേരുകയും ചെയ്തു… അറിഞ്ഞോ അറിയാതെയോ ഞാൻ അതിന്റെ ഭാഗം ആവുകയും ജീവിതം ഒഴുകി നീങ്ങുകയും ചെയ്തു.
കടന്ന് പോയ പത്ത് വർഷങ്ങൾ കഠിനം തന്നെ ആയിരുന്നു. നിരന്തരമായ പോരാട്ടം അത് ഇപ്പോഴും തുടരുകയാണ്…
ഏതെങ്കിലും ഒരു സമയത്ത് പ്രകൃതിയിൽ മാറ്റം ഉണ്ടാവുകയും ഞങ്ങൾ എന്താണ് അവരുടെ കുഞ്ഞുങ്ങള്ക്ക് വേണ്ടി ചെയ്യാൻ ശ്രമിച്ചത് എന്ന് അവർ തിരിച്ചറിയുകയും എന്റെ കുഞ്ഞുങ്ങളെ എനിക്ക് തിരിച്ചു തരികയും ചെയ്യുന്ന ഒരു കാലം ഉണ്ടാവും. അത് അതി വിദൂരമല്ല. ഞങ്ങള് അതിനായി കാത്തിരിക്കുകയാണ്.
അതിജീവനത്തിന്റെ പാതയിൽ – 20
April 19
ഒരു വശത്ത് മഫ്ത വിഷയം ചൂട് പിടിക്കുകയും മറുവശത്ത് കുട്ടികൾക്ക് ഇരിക്കുവാൻ പുതുതായി നിർമ്മിച്ച ക്ലാസ്സ് മുറികൾ മതിയാകാതെ വരികയും നാലിന് മുകളിൽ ഉള്ള ക്ലാസുകൾ നടത്തുന്നതിന് അംഗീകാരം നേടി എടുക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്തു. പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ട പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങുകയും വീണ്ടും ലോണിന് വേണ്ടി അപേക്ഷ വെക്കുകയും ചെയ്തു.
സ്കൂളിന് അംഗീകാരം ലഭിക്കുന്നതിന് കെട്ടിടവും ക്ലാസ്സ് റൂം കളിസ്ഥലം എന്നിവ ഒരുക്കേണ്ടതായി വന്നു. വലിയ ഒരു തുക തന്നെ ലോണായി എടുക്കേണ്ടിവന്നു…ഒരു വശത്ത് സാമ്പത്തികം, സ്ഥലം, പേപ്പറുകൾ എന്നിവ തയ്യാറാക്കേണ്ട അതെ സമയം തന്നെ പോപുലർ ഫ്രണ്ടിന്റെ അജണ്ടയോട് ഏറ്റുമുട്ടേണ്ട അവസ്ഥയും വന്നു ചേർന്നു.
ആദ്യം ഒരു രക്ഷകർത്താവാണ് ആവശ്യപ്പെട്ടത് എങ്കിൽ പിന്നീട് മറ്റുള്ളവരും ആവശ്യപ്പെടാൻ നിർബന്ധിതരായി. ആദ്യം മഫ്ത ആവശ്യവും ആയി മൂന്ന് വയസ്സുകാരിയുടെ അമ്മയാണ് വന്നത് എങ്കിൽ പിന്നിട് ഉള്ള ദിവസങ്ങളിൽ മറ്റ് രക്ഷകർത്താക്കളും ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് എത്തി. സ്കൂളിൽ യൂണിഫോം നിർബന്ധിതമായ അവസരത്തിൽ അത് കുട്ടികളിൽ സാമ്പത്തിക സാമൂഹിക ജാതി മത വേർതിരിവ് ഉണ്ടാവാതിരിക്കാൻ വേണ്ടി നടപ്പിലാക്കുന്നത് ആയത് കൊണ്ട് ഒരു മതത്തിന്റെ മാത്രമായ വസ്ത്രം ധരിക്കാൻ അനുവാദം നൽകുവാൻ നിർവാഹമില്ല എന്ന് അവരേ അറിയിക്കേണ്ടതായി വന്നു…
വിഷയം അവിടെ തീരുക ഉണ്ടായില്ല… അടുത്ത ദിവസം തന്നെ പോപുലർ ഫ്രണ്ടിന്റെ ചുമതലയിൽ ഉള്ള കുറച്ചു പ്രവര്‍ത്തകര്‍ ഒരുമിച്ച് കാണാൻ വരികയും അവർ ഇവിടെ മോഡിയുടെ uniform civil code അജണ്ട നിങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണോ എന്ന് ചോദിക്കുകയും ചെയ്തു. അവർ അവരുടെ ആവശ്യങ്ങൾ പറഞ്ഞു.
മോദി, യൂണിഫോം സിവിൽ കോഡ് എന്നത് ഒക്കെ എന്നെ സംബന്ധിച്ച് പുതിയ വാക്കുകൾ ആയിരുന്നു. എത്രയോ ദൂരെ ഉള്ള പ്രധാനമന്ത്രി മോദി എന്റെ ജീവിതത്തില് സ്വാധീനം ചെലുത്തും എന്നും ഞാൻ പ്രതീക്ഷയോടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും മുന്നോട്ട് ഉള്ള ജീവിതത്തിന് അത് വെളിച്ചം ആയി തീരുകയും ചെയ്യും എന്ന് അന്ന് എനിക്ക് ഒട്ടും മനസ്സിലായില്ല.
പിന്നീട് സ്കൂൾ നടത്തി കൊണ്ട് പോകാനും ഇവിടെ ജീവിക്കാനും പറ്റാത്ത രീതിയിൽ ജിഹാദികൾ ഭീഷണി മുഴക്കിയപ്പോൾ മോദിജിക്ക് പരാതി നൽകാനും എന്നെ പ്രേരിപ്പിച്ചത് ഇത് തന്നെ ആണ്.
കാശ്മീരിനെ കേന്ദ്രം ഏറ്റെടുത്ത്, ജനങ്ങള്ക്ക് സ്വതന്ത്രമായി ജീവിക്കുവാൻ ഉള്ള സാഹചര്യം ഉണ്ടാക്കി… എന്നാല് കേരളമോ… ? ഇന്നും ജിഹാദികൾ ഭരിക്കുന്നു. പത്രങ്ങളും ചാനലുകളും എന്തിന് പോലീസും നിയമവും അവർക്ക് ഒപ്പം തന്നെ…..
പരാതി അന്വേഷിക്കാൻ വന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞത് നിങ്ങള് ഇവിടെ ഒറ്റയ്‌ക്ക് നിന്നിട്ട് എന്ത് ചെയ്യാൻ ആണ്… ? അത് കൊണ്ട് ഇവിടം വിറ്റ് പോകൂ എന്നാണ്….
കേരളം പൂർണ്ണമായും ജിഹാദികളുടെ കൈയ്യിൽ ആയി എന്ന് അവരുടെ വാക്കുകൾ തെളിയിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: