കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് മുമ്പൊരിക്കലും ലഭിച്ചിട്ടില്ലാത്ത സഹായമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്ന് ധനമന്ത്രി ബജറ്റില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. റവന്യൂ കമ്മി പരിഹരിക്കാന്‍ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റടക്കമുള്ള കേന്ദ്രസഹായം ഉണ്ടായിരുന്നില്ലെങ്കില്‍ ഇതിനകം കേരളം ശ്രീലങ്കയായി മാറിയേനെ എന്ന് പ്രമുഖ സാമ്പത്തികവിദഗ്ധര്‍ ചൂണ്ടികാണിച്ചിട്ടുമുണ്ട്. കേരളത്തിന്റെ റവന്യൂ വരുമാനവും ചെലവും തമ്മില്‍ വലിയ അന്തരമാണുള്ളത്.
1.17 ലക്ഷം കോടിയാണ് വാര്ഷികചെലവായി ബജറ്റില്‍ സൂചിപ്പിച്ചത്. റവന്യൂ വരുമാനം 74000 കോടി രൂപയാണ്. ഇതില്‍ 71000 കോടി രൂപ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പലിശയ്ക്കുമായി ചെലവാക്കുന്നു. വരുമാനത്തെക്കാള്‍ ചെലവ് കൂടുമ്പോഴാണ് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ഇന്ത്യയില്‍ 16 സംസ്ഥാനങ്ങള്‍ക്ക് നല്കിയ ഈ ഗ്രാന്റില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് കേരളത്തിനാണ്. അടിസ്ഥാന സൗകര്യവികസനത്തില്‍ നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിന് 58000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ ചെലവിട്ടത്. ഇതിനു പുറമെ മോദി സര്‍ക്കാരിന്റെ നിരവധി പദ്ധതികള്‍ പ്രകാരം 40000 കോടി രൂപയോളം ഒരു വര്‍ഷം കേരളത്തിന് നല്‍കുന്നുമുണ്ട്. 2014നു ശേഷം കൊച്ചിന് ഷിപ്പ്യാര്ഡിലെ വികസനവുമായി ബന്ധപ്പെട്ട് 310 അടി നീളമുള്ള ഡ്രൈഡോക്ക് നിര്‍മ്മാണത്തിനടക്കം 3000 കോടി രൂപയാണ് അനുവദിച്ചത്. ജിഎസ്ടിയുടെ വര്‍ദ്ധനയില്‍ 39000 കോടി രൂപ യഥാസമയത്ത് സംസ്ഥാനത്തിന് ലഭിക്കുന്നു. തൊഴില്‍ ഉറപ്പുപദ്ധതി പ്രകാരം തൊഴിലാളികളുടെ കൂലി കേന്ദ്രസര്‍ക്കാര്‍ രണ്ടിരട്ടി വര്‍ദ്ധിപ്പിച്ച് 333/- രൂപ ആക്കിയതോടെ കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന് വലിയ ഫണ്ടാണ് ലഭിക്കുന്നത്. ഫണ്ട് തിരിമറി ചെയ്ത് വക മാറ്റി ചെലവ് ചെയ്യുന്ന കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ നല്കുന്ന സാമ്പത്തിക സഹായത്തെ വസ്തുനിഷ്ഠമായി വിലയിരുത്തി ധവളപത്രം പ്രസിദ്ധീകരിച്ചാല്‍ കേന്ദ്രസര്‍ക്കാരാണ് കേരളത്തെ താങ്ങിനിറുത്തുന്നതെന്ന് വ്യക്തമാകും.
ധനമന്ത്രിയുടെ പുതിയ കള്ളക്കണക്ക്
കണക്കു ചോദിച്ചാല്‍ സംസ്ഥാന ധനമന്ത്രി രാഷ്ട്രീയം പറയും. രാഷ്ട്രീയം തിരിച്ചു പറഞ്ഞാല്‍ ധനമന്ത്രി കള്ളക്കണക്ക് പറയും. ജിഎസ്ടി വിഹിതമായി നാലായിരം കോടി കേരളത്തിന് കിട്ടാനുണ്ടെന്നായിരുന്നു ധനമന്ത്രി വാദിച്ചിരുന്നത്. ശശി തരൂരും പ്രേമചന്ദ്രനും കേരളത്തിന് നാലായിരം കോടി നല്കാത്തതെന്തുകൊണ്ടെന്ന ചോദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചു. കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ഉത്തരം സ്പഷ്ടവും കേരള സര്‍ക്കാരിന്റെ കള്ളം പൊളിക്കുന്നതുമായിരുന്നു. നല്‍കാനുള്ള എല്ലാ വിഹിതവും കേരളത്തിന് നല്കി എന്നും കണക്കു ലഭിക്കാത്തതിനാല്‍ 879 കോടി രൂപ കൊടുക്കാന്‍ ബാക്കിയുണ്ടെന്നും അതു കണക്ക് കിട്ടിയാലുടന്‍ കൊടുക്കാമെന്നും നിര്‍മ്മല സീതാരാമന് വ്യക്തമാക്കി. കേന്ദ്രധനമന്ത്രിയുടെ ഉത്തരം കേട്ടപ്പോഴാണ് കേരള സര്‍ക്കാരിന്റെ കള്ളത്തരം കേരളത്തിലെ എംപിമാര്‍ക്ക് ബോദ്ധ്യമായത്.
കേരള ധനമന്ത്രി ബാലഗോപാലിന്റെ പുതിയ കള്ളമാണ് കേന്ദ്രസര്‍ക്കാര്‍ കടം എടുക്കാനുള്ള പരിധി വെട്ടിക്കുറച്ച് കേരളത്തെ ഞെരുക്കുന്നു എന്ന വാദം. കേരള സര്‍ക്കാരിന്റെ പുത്തന്‍ കള്ളപ്രചാരണത്തെ പൊളിക്കേണ്ടത് അനിവാര്യമാണ്. ബജറ്റിലെ കണക്കു പ്രകാരം കേരളത്തിന് എടുക്കാന്‍ കഴിയുന്ന വായ്പതുക കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച് 15932 കോടി രൂപ മാത്രമാണ് നല്‍കിയതെന്ന് വാദിച്ച ധനമന്ത്രി ബാലഗോപാല്‍ ഈ തുക ഈ സാമ്പത്തികവര്ഷത്തേക്കുള്ളതാണോയെന്ന മാധ്യമചോദ്യത്തില്നിന്ന് ഉത്തരം പറയാതെ ഒഴിഞ്ഞുമാറുമ്പോള്‍ സിപിഎം പാര്‍ട്ടി നേതാക്കള്‍ ഈ സാമ്പത്തികവര്‍ഷത്തെ ആകെത്തുകയായി വ്യാഖ്യാനിക്കുന്നു. പതിനഞ്ചാം ധനകാര്യകമ്മീഷന് ശുപാര്‍ശ പ്രകാരം കേരളത്തിന് അനുവദിച്ച കടമെടുപ്പ് പരിധി 32442 കോടിയാണ്. സംസ്ഥാന ജിഡിപിയുടെ മൂന്നര ശതമാനമാണ് ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് കടം എടുക്കാനുള്ള പരിധിയായി റിസര്‍വ്വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് ബജറ്റിനകത്തുള്ള കണക്ക് പ്രകാരമാണ് ഈ തുക പരിധിയായി നിശ്ചയിച്ചിട്ടുള്ളത്. ബജറ്റിന് പുറമെ റിപ്ലെയ്സ്മെന്റ് ബോറോയിങ്ങ് വഴി വിദേശരാജ്യങ്ങളില്‍ നിന്നും മറ്റും കടപ്പത്രത്തിലൂടെയും അല്ലാതെയും എടുക്കുന്ന കടബാദ്ധ്യത സംസ്ഥാനത്തിന്റെ സഞ്ചിത കടമായി കാണണമെന്ന ഭരണഘടനാസ്ഥാപനമായ 15-ാംധനകാര്യകമ്മീഷന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്നത്.
കിഫ്ബിയിലൂടെയും കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് കമ്പനി മുഖേനയും കേരള ഗവര്‍മ്മെണ്ട് എടുത്ത മൊത്തം കടബാദ്ധ്യത കണക്കാക്കിക്കൊണ്ടാണ് കേരളത്തിന്റെ വായ്പപരിധി ധനകാര്യകമ്മീഷന് നിശ്ചയിച്ചത്. കേരളം ഇതിനകം തന്നെ 34661 കോടി രൂപ പല പേരുകളിലായി എടുത്തു കഴിഞ്ഞതായും വിലയിരുത്തി. അങ്ങനെ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ബജറ്റ് വിഹിതമായ 32442 കോടിയും, റിപ്ലെയ്സ്മെന്റ് ബോറോയിങ്ങ് ഇനത്തില്‍ 20985 കോടി രൂപയും, നാഷണല്‍ പെന്ഷന് സ്കീമിനായി 1755 കോടിയും അടക്കം 55182 കോടി രൂപയാണ് കേരളത്തിന് കടമെടുക്കുവാനുള്ള അനുവാദം നല്‍കിയത്. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കും സമാന മാനദണ്ഡമായിട്ടാണ് കടമെടുക്കുവാനുള്ള പരിധി ധനകാര്യകമ്മീഷന് തീരുമാനിച്ചിട്ടുള്ളത്. 55182 കോടി രൂപയില്‍നിന്ന് കേരളം ഇതിനകം കടമെടുത്ത 34661 കോടി കിഴിച്ചാല്‍ കേരളത്തിന് നിയമപരമായി കിട്ടേണ്ടത് 20521 കോടിയാണ്. ഇതില്‍ ആദ്യഓമ്പത് മാസത്തെ ഗഡുവായിട്ടാണ് കേരളത്തിന് 15390 കോടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ശേഷിച്ച 5131 കോടി രൂപ 2024 ജനുവരിയില്‍ നല്‍കും.
ഇതുവരെയുള്ള സാമ്പത്തികവര്‍ഷങ്ങളില്‍ തുടര്‍ന്നു പോന്നിട്ടുള്ള രീതിയും ഇങ്ങനെതന്നയാണ്. കിഫ്ബി അടക്കം ബജറ്റിന് പുറത്തുള്ള കടബാദ്ധ്യത സംസ്ഥാന കടമായി കാണേണ്ടതില്ലെന്നാണ് ധനമന്ത്രി ബാലഗോപാലിന്റെ വാദം. അര്‍ത്ഥശൂന്യവും ഐസക്കിന്റെ കുബുദ്ധിയുടെ തനിയാവര്ത്തനവുമാണത്. സിപിഎം നേതാക്കള്‍ ഒരു പടികൂടി കടന്ന് കേന്ദ്രത്തിന് വിദേശ കടമെടുക്കാമെങ്കില്‍ കേരളത്തിനും വിദേശ കടമെടുക്കാനവകാശമുണ്ടെന്നാണ് പറയുന്നത്. കേരളം ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ ഒന്നുമാത്രമാണെന്ന യാഥാര്‍ത്ഥ്യം ഇന്ത്യയെക്കുറിച്ചോര്ക്കാത്ത സിപിഎം നേതാക്കള്‍ മറക്കുന്നു എന്നത് പരിഹാസ്യമാണ്. തോമസ് ഐസക്കിന്റെ മാതൃഭൂമിയിലെ ലേഖനത്തില്‍ 2019 ല്‍ കേന്ദ്രസര്‍ക്കാര്‍ ഓഫ് ബജറ്റ് ബോറോയിങ്ങ് ആയി 3.17 ലക്ഷം കോടി രൂപ കടം എടുത്തിട്ടുണ്ടെന്നും അതുപോലെ കേരളത്തിനും കടം എടുക്കാമെന്നുമാണ് വാദിക്കുന്നത്. ഈ വാദം നിയമവിരുദ്ധമാണ്. കേന്ദ്രസര്‍ക്കാരിന് ബാദ്ധ്യതയുള്ള ഏതു സംസ്ഥാന വായ്പയും ഓഫ് ബജറ്റ് വായ്പയാണ്. മറ്റൊരു വാദം ഇവര്‍ ഉന്നയിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍നിന്ന് പിരിക്കുന്ന സെസ്സിന്റെയും സര്ച്ചാര്ജിന്റെയും വിഹിതം കേരളത്തിന് നല്‍കണമെന്നാണ്. ഇതും ഭരണഘടനാ വിരുദ്ധവാദമാണ്. ഭരണഘടനയിലെ 271-ാംവകുപ്പു പ്രകാരം സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രം പിരിക്കുന്ന സെസ്സിനും സര്ച്ചാര്ജ്ജിനും സംസ്ഥാന സര്‍ക്കാരിന് ഒരവകാശവുമില്ലെന്ന് വ്യക്തമാണ്.
മന്ത്രിമാര്‍ക്ക് ഉപ്പേരിയും പുളിശ്ശേരിയും കണ്ണടയും കാറും നല്കി ധൂര്‍ത്ത് നടത്തുകയും കെ.വി. തോമസിനെയും സമ്പത്തിനെയും ലക്ഷങ്ങള്‍ കൊടുത്ത് തീറ്റിപ്പോറ്റി അനാവശ്യ ചെലവുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന കേരള സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തികക്രമക്കേടാണ് സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ഇന്നത്തെ ഗുരുതരധനപ്രതിസന്ധിയുടെ പ്രധാന കാരണം. ഇത് മറച്ചുവച്ച് മോദി സര്‍ക്കാരിനെതിരെ കലി തുള്ളുന്ന പിണറായി സര്‍ക്കാരിന്റെ കാപട്യവും കള്ളവും തിരിച്ചറിയേണ്ടത് അനിവാര്യമാണ്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: