മലപ്പുറം: പാര്‍ട്ടിയിലെ ഗ്രൂപ്പു ഘടന മാറിയതും വെട്ടിനിരത്തലും മലപ്പുറത്ത് കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷമാക്കി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ തെരഞ്ഞെടുത്തതിന്റെ തുടര്‍ച്ചയാണിത്. ജില്ലയിലെ എ ഗ്രൂപ്പ് നേതാവായ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്തിനൊപ്പം നിന്നവര്‍ക്ക് പരിഗണന ലഭിച്ചില്ലെന്നതാണ് പ്രധാന കാരണം.
നേതൃത്വത്തെ വെല്ലുവിളിച്ച് ആര്യാടന് ഷൗക്കത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മലപ്പുറം കോട്ടപ്പടിയിലെ മുഹമ്മദ് അബ്ദുറഹിമാന് സ്മാരക ട്രസ്റ്റ് ഓഫീസില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നു. കെപിസിസി അംഗങ്ങളും ഡിസിസി ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാരും ബ്ലോക്ക് പ്രസിഡന്റുമാരും ഭാരവാഹികളുമടക്കം ജില്ലയിലെ മുന്നൂറോളം നേതാക്കള്‍ യോഗത്തിനെത്തി. ശക്തി തെളിയിക്കാനാണ് എ ഗ്രൂപ്പിന്റെ ആദ്യനീക്കം. ഇതിനായി മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മൗലാനാ അബുള്‍കലാം അസാദിന്റെ 100-ാം ജന്മവാര്ഷികദിനത്തിന്റെ ഭാഗമായി 22ന് മലപ്പുറത്ത് ചരിത്ര സെമിനാര്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. അതേസമയം ഗ്രൂപ്പ് യോഗമല്ലെന്നും ആര്യാടന് മുഹമ്മദ് ഫൗണ്ടേഷന്റെ യോഗമാണ് ചേര്‍ന്നതെന്നുമാണ് ആര്യാടന് ഷൗക്കത്തിന്റെ വിശദീകരണം.
മലപ്പുറത്തെ 32 ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ പട്ടികയില്‍ 11 പേരെയാണ് എ ഗ്രൂപ്പിന് നല്‍കിയത്. കഴിഞ്ഞ തവണ 24 ബ്ലോക്ക് പ്രസിഡന്റുമാരാണുണ്ടായിരുന്നത്. എ.പി. അനില്‍കുമാര്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും ചേര്‍ന്ന പുതിയ ഗ്രൂപ്പാണ് കൂടുതല്‍ പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കിയത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനൊപ്പം നില്ക്കുന്നവര് നാല് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം നേടി. ഐ ഗ്രൂപ്പിലെ രമേശ് ചെന്നിത്തല വിഭാഗമായ പി.ടി. അജയ്മോഹനൊപ്പമുള്ളവര്ക്ക് രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരാണുള്ളത്.
സംഘടനാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എ ഗ്രൂപ്പിന് 24 ബ്ലോക്ക് പ്രസിഡന്റുമാരെ ലഭിച്ചിരുന്നു. തുടര്‍ന്ന് സംഘടനാ തെരഞ്ഞെടുപ്പ് നടത്താതെ സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കുമ്പോഴും എ ഗ്രൂപ്പിന് സംഘടനാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ആനുപാതികമായുള്ള പ്രസിഡന്റുമാരെയും ഭാരവാഹികളെയും കിട്ടിയിരുന്നു.
എ ഗ്രൂപ്പ് പ്രതിനിധിയായിരുന്ന ഡിസിസി പ്രസിഡന്റായ വി.എസ്. ജോയിയും ഐ ഗ്രൂപ്പിനൊപ്പമുണ്ടായിരുന്ന എ.പി. അനില്‍കുമാര്‍ എംഎല്‍എയും ചേര്‍ന്നാണ് പുതിയ ഗ്രൂപ്പിന് രൂപം നല്‍കിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പിന്തുണയും ലഭിച്ചതോടെയാണ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയില്‍ എ ഗ്രൂപ്പിനെ വെട്ടിനിരത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: