കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി കേരളത്തെ ഞെരുക്കി കൊല്ലുകയാണെന്നും വര്‍ഗ്ഗീയതക്കെതിരെ കേരളം സ്വീകരിക്കുന്ന ശക്തമായ നിലപാടാണ് മോദി സര്‍ക്കാരിന്റെ വിരോധത്തിന് കാരണമെന്നും പറയുന്ന ധനമന്ത്രി ബാലഗോപാല്‍ ഇതിനെതിരെ പ്രതിഷേധിക്കാന്‍ കേരളത്തിലെ ജനങ്ങളെ ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിനെതിരെ 1000 കേന്ദ്രങ്ങളില്‍ സിപിഎം ധര്‍ണ്ണ സംഘടിപ്പിച്ചിട്ടുള്ളതുമാണ്. വാസ്തവത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് വിരോധം കാട്ടി, ഭരണഘടനാപരമായി നല്‍കേണ്ട സാമ്പത്തികവിഹിതം തടയുന്നുണ്ടോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ധനമന്ത്രി ബാലഗോപാലും കേന്ദ്രമന്ത്രി വി. മുരളീധരനും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തപ്പോള്‍ കേരളത്തിലെ പ്രതിപക്ഷം നിശബ്ദമായി നിന്ന് കേന്ദ്രസര്‍ക്കാരിനെതിരെ ഒളിയമ്പെയ്തു. ആരാണ് കള്ളം പറയുന്നതെന്ന ചോദ്യത്തിന് ഉത്തരം കാണാന്‍ പ്രതിപക്ഷവും ശ്രമിച്ചില്ല.
കേരളവും കടബാദ്ധ്യതയും
പിണറായി സര്‍ക്കാരിന്റെ ഏഴ് വര്‍ഷത്തെ ഭരണത്തില്‍ കേരളത്തിന്റെ കടബാദ്ധ്യത 80% വര്‍ദ്ധിച്ചു. 1998-2000 കാലത്തെ ധന പ്രതിസന്ധിയെക്കാള്‍ രൂക്ഷമാണ് ഇന്നത്തെ പ്രതിസന്ധി. കേരളത്തില്‍ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനും പതിനായിരക്കണക്കിന് രൂപയുടെ കടബാദ്ധ്യത ഉണ്ടാക്കിയത് മോദിസര്ക്കാരോ അതോ കേരളത്തില്‍ ഇതുവരെ ഭരിച്ച ഇടതുവലതു മുന്നണികളോ? ഉല്‍പ്പാദനമില്ലാതെ ഉപഭോഗ കമ്പോളമായി കേരളം അധഃപതിച്ചതിന്റെ പ്രധാന ഉത്തരവാദിത്വം കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാര്‍ക്കു മാത്രം അവകാശപ്പെട്ടതാണ്. ഒരു പെട്ടിപ്പീടികയില്‍ ട്രാന്‍സിസ്റ്റര്‍ റേഡിയോ വച്ച് പാട്ടുകേട്ടവരെ ബൂര്‍ഷ്വാസി എന്നു മുദ്രകുത്തി കട അടപ്പിച്ച് ഉല്‍പ്പാദനം മുതലാളിത്ത സൃഷ്ടിയാണെന്നും ചൂഷണവിരുദ്ധ സമരത്തിന്റെ പടയോട്ടം ബൂര്ഷ്വാസിക്കെതിരെ നടത്തുമ്പോഴാണ് സമത്വസുന്ദരസോഷ്യലിസം ഉണ്ടാകുന്നതെന്നും പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിന്റെ വ്യാവസായിക കാര്‍ഷിക ഉല്‍പ്പാദനത്തെ ഉന്മൂലനം ചെയ്തു. ഇതിനിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കേരള മോഡല്‍ വികസന നയം നിലനില്‍പ്പിന്റെ ആശ്രയമായി സര്‍വ്വീസ് സെക്ടറില്‍ മാത്രമായി കേന്ദ്രീകരിച്ചു. 1957 മുതല്‍ ആരംഭിച്ച ഈ വികലനയത്തിന്റെ ബാക്കിപത്രമാണ് അപകടകരമായി തകര്‍ന്ന കേരളത്തിന്റെ സാമ്പത്തികസ്ഥിതി.
2023ലെ ബജറ്റില്‍ ധനമന്ത്രി ബാലഗോപാല്‍ കേരളത്തിന്റെ പൊതുകടമായി സൂചിപ്പിച്ചത് 3,71,692 (മൂന്ന് ലക്ഷത്തി എഴുപത്തി ഒന്നായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റി രണ്ട്) കോടി രൂപയാണ്. ബജറ്റിലെ കടത്തിനു പുറമെ കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ഫണ്ട് കമ്പനി (ഗടടജഇ) യും വാങ്ങിയ കടമടക്കം ആകെ സഞ്ചിതകടം കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ 39% ത്തിലെത്തിയിരിക്കുന്നു എന്നതാണ് ഗുരുതരമായ പ്രതിസന്ധി. 2003 ലെ ഫിസിക്കല്‍ റെസ്പോണ്‍സ് ആന്റ് മാനേജ്മെന്റ് ആക്ട് പ്രകാരം സംസ്ഥാനത്തിന്റെ സഞ്ചിതകടം മൊത്തം വരുമാനത്തിന്റെ 29%നു മുകളിലാവാന്‍ പാടില്ല എന്ന വ്യവസ്ഥയുണ്ട്. സംസ്ഥാന ജിഡിപിയുടെ മൂന്നര ശതമാനമാണ് പൊതുവായ്പയെടുക്കാനായി റിസര്‍വ്വ് ബാങ്ക് നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത് 5 ശതമാനമാക്കി വായ്പ പരിധി വര്‍ദ്ധിപ്പിച്ചെങ്കിലും നാലു കോര്‍ സെക്ടറുകളില്‍ പണം ചെലവാക്കുന്നതിന് ചില നിബന്ധനകളും വച്ചിരുന്നു. എന്നാല്‍ കോര്‍ സെക്ടറിലെ നിബന്ധനകള്‍ കേരളം പാലിച്ചില്ല.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാമ്പത്തികതകര്ച്ചയുണ്ടാകരുതെന്ന കാഴ്ചപ്പാടിലാണ് 2003 ലെ നിയമം നിലവില്‍ വന്നത്. കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളായ കര്‍ണ്ണാടകത്തില്‍ 25.8%വും തമിഴ്നാട്ടില്‍ 26.6%വുമാണ് സഞ്ചിതകടം. 39 ശതമാനമായി കേരളത്തിന്റെ കടബാദ്ധ്യത വര്‍ദ്ധിച്ചപ്പോഴും ധനപ്രതിസന്ധിയെ മറികടന്ന് കടബാദ്ധ്യത കുറയ്ക്കാനുള്ള പരിഹാരം കണ്ടെത്താന്‍ കേരളത്തിലെ ഇടതു വലതു മുന്നണികള്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നു മാത്രമല്ല വരവിനെക്കാള്‍ കൂടുതല്‍ ചെലവ് ചെയ്ത് ധൂര്‍ത്തു നടത്താന്‍ മടിക്കാറുമില്ല. നികുതിയിനത്തില്‍ പിരിച്ചെടുക്കേണ്ട പണത്തിന്റെ കാര്യത്തിലും ഇവര്‍ ശ്രദ്ധ കാണിക്കാറില്ല. 2023 ലെ ബജറ്റില്‍ 15000 കോടി രൂപ നികുതി ഇനത്തില്‍ തര്‍ക്കമില്ലാതെ കേരളസര്‍ക്കാരിന് പിരിച്ചെടുക്കാന്‍ കഴിയുമെന്ന് പ്രസ്താവിച്ചെങ്കിലും ഇതുവരെ നടപടികളെടുക്കുകയോ നികുതി പിരിക്കുകയോ ചെയ്തിട്ടില്ല. ആയിരക്കണക്കിന് ഏക്കര്‍ പാട്ടഭൂമി കരംപിരിക്കാതെയും, പാട്ടക്കരാര്‍ പുതുക്കാതെ തുച്ഛമായ കരത്തോടുകൂടി സ്വകാര്യകമ്പനികളുടെ അധീനതയിലുമാണ്. കേരള സര്‍ക്കാരിനു വേണ്ടി സ്വകാര്യകമ്പനിക്കെതിരെ ശക്തമായി കോടതിയില്‍ വാദിച്ച പ്രോസിക്യൂട്ടര്‍മാരെ ട്രാന്‍സ്ഫര്‍ ചെയ്ത് സ്വകാര്യ ഉടമകള്‍ക്ക് മുമ്പില്‍ പരാജയപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. നികുതി പിരിക്കാതെ കടം വാങ്ങി ദൈനംദിന ചെലവുകള്‍ നിര്‍വ്വഹിക്കുകയും ധനധൂര്‍ത്ത് നടത്തുകയും ചെയ്യുന്ന കേരളം റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുന്ന ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ്. കടം പെരുകുന്നതിന്റെ മൂലകാരണം വികല നയങ്ങളും ധൂര്‍ത്തും ദുര്‍വ്യയവും അനാവശ്യ സാമ്പത്തികബാദ്ധ്യതകളുമാണ്. റവന്യൂ വരുമാനത്തിന്റെ 82%വും ശമ്പളവും പെന്‍ഷനും പലിശയും കൊടുക്കാനാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്.
കിഫ്ബി വായ്പയുടെ പൊള്ളത്തരം
ബജറ്റിന് പുറമെ ആരുമറിയാതെ കടം വാങ്ങാനുള്ള തോമസ് ഐസക്കിന്റെ കുബുദ്ധിയാണ് കിഫ്ബി കടവായ്പ. പ്രവാസികളെ ലക്ഷ്യം വെച്ച് ഐസക്ക് തുടങ്ങിയ കെഎസ്എഫ്ഇ പ്രവാസി ചിട്ടി പൊട്ടിപ്പൊളിഞ്ഞ് മുടക്കു മുതല്‍ പോലും കിട്ടാതെ അവതാളത്തിലായി. കടപ്പത്രം ഇറക്കി ലണ്ടന്‍ എക്സ്ചേഞ്ചില്‍നിന്ന് ഉന്നത പലിശയ്ക്ക് പണം കടം വാങ്ങിയാല്‍ 2003 ലെ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന തോമസ് ഐസക്കിന്റെ വാദത്തെ വളരെ ആവേശത്തോടെയാണ് മാര്‍ക്സിസ്റ്റ് സാമ്പത്തികവിദഗ്ധര്‍ പ്രകീര്‍ത്തിച്ചത്. എന്നാല്‍ ഇത് വികലവും സാമ്പത്തികക്രമക്കേടും നിറഞ്ഞ നിയമവിരുദ്ധ വായ്പയാണെന്ന് വസ്തുതകള്‍ നിരത്തി സിഎജി (കണ്ട്രോളര് & ഓഡിറ്റര്‍ ജനറല്‍) വ്യക്തമാക്കിയപ്പോള്‍ നിയമസഭയില്‍ പ്രമേയം പാസ്സാക്കി പ്രതിഷേധം നടത്തി സിഎജിയെ നാടുകടത്താനാണ് പിണറായിയുടെ ഭരണകൂടം ശ്രമിച്ചത്. സംസ്ഥാനം സ്വീകരിക്കുന്ന ഏതു വിദേശകടവും സംസ്ഥാന കടമായി പരിഗണിക്കേണ്ടതും സംസ്ഥാനം തിരിച്ചടച്ചില്ലെങ്കില്‍ മയീെഹൗലേ ീെ്ലൃശഴി എന്ന നിലയില്‍ ഈ വായ്പ തിരിച്ചടക്കേണ്ട ബാദ്ധ്യത കേന്ദ്രസര്‍ക്കാരിനുമാണ്. അതുകൊണ്ട് തന്നെ വിദേശത്തുനിന്ന് സംസ്ഥാനം സ്വീകരിക്കുന്ന ഏതു സാമ്പത്തിക ഇടപാടിനും കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണ്ടതും ഈ കാര്യം എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും അറിയിച്ചിട്ടുള്ളതുമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായ നിയമത്തില്‍ ഏതെങ്കിലും ഒരു സംസ്ഥാനത്തിനു മാത്രമായി ഇളവുകള്‍ അനുവദിക്കാറുമില്ല. കിഫ്ബി വായ്പയിലൂടെ വികസനം നടത്തി കേരളത്തിന്റെ സാമ്പത്തികവളര്‍ച്ച പടിപടിയായി ഉയരുമെന്ന് മുന്‍ ധനമന്ത്രി തോമസ്ഐസക്ക് സ്വപ്നം കണ്ടെങ്കിലും യാഥാര്‍ത്ഥ്യം വ്യത്യസ്തമായിരുന്നു. കടം വാങ്ങി മുടിഞ്ഞ് പരിതാപകരമായ സ്ഥിതിയിലായിട്ടും വീണ്ടും കടംകൊണ്ട് ദൈനംദിന ചെലവുകളും ധൂര്‍ത്തും നടത്തുന്ന പിണറായി സര്‍ക്കാര്‍ കേരളത്തെ മറ്റൊരു ശ്രീലങ്കയാക്കി മാറ്റുകയാണെന്നുള്ളതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത.
കിഫ്ബി ഓഫ് ബജറ്റ് വായ്പ പരിപാടിയല്ലെന്നും കിഫ്ബിയുടെ ഒരു പ്രോജക്ടും ബജറ്റ് അക്കൗണ്ടില്‍ ഉള്പ്പെടുത്തിയിട്ടില്ലെന്നുമുള്ള ഐസക്കിന്റെ വാദം പൊള്ളയാണ്. കിഫ്ബി വായ്പ എക്സ്ട്രാ ബജറ്റ് വായ്പയാണെന്നു പറയുന്ന മുന്‍ധനമന്ത്രി തോമസ് ഐസക്ക് ഈ വായ്പകള്‍ക്ക് കേന്ദ്രസര്‍ക്കാരിന് ബാദ്ധ്യതയുള്ളതാണോ എന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഏതു പേരില്‍ കടം എടുത്താലും അത് സംസ്ഥാന കടവും ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനുമാണ്.
നാളെ: കേന്ദ്രസര്‍ക്കാര്‍ ഞെരുക്കിയോ? അതോ സഹായിച്ചോ?
(ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: