ഭുവനേശ്വര്‍: ബാലാസോറിലെ ദുരന്തഭൂമിയില്‍ വിശ്രമമില്ലാത്ത അന്‍പത് മണിക്കൂറിന് ശേഷം ട്രാക്കുകള്‍ ക്രമീകരിച്ച് ആദ്യ ട്രെയിന്‍ കണ്മുന്നിലൂടെ പാഞ്ഞുപോകുമ്പോള്‍ അശ്വിനി വൈഷ്ണവ് കൈകൂപ്പി നിന്നു. ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് അദ്ദേഹം ഭാരത് മാതാ കി ജയ് വിളിച്ചു. ദുരന്തത്തില്‍ തകര്‍ന്നുപോയ ജീവിതങ്ങളെ ചേര്‍ത്തുപിടിച്ച് മൂന്ന് പകലും രാത്രിയും ബാലാസോറില്‍ ഉറക്കമില്ലാതെ നിലകൊണ്ട ഒരു കേന്ദ്രമന്ത്രിയെ അവിശ്വസനീയതയോടെയാണ് മാധ്യമങ്ങളും കണ്ടത്.
വെള്ളിയാഴ്ച ഗോവയില്‍ പഞ്ജിം- മുംബൈ വന്ദേഭാരത് എക്സ്പ്രസിന്റെ ഫഌഗ് ഓഫ് ചടങ്ങിനെത്തിയതിന് പിന്നാലെയാണ് ബാലാസോര്‍ ദുരന്തവാര്‍ത്ത അശ്വിനി വൈഷ്ണവിനെ തേടിയെത്തിയത്. പ്രാര്‍ത്ഥന എന്ന് ട്വീറ്റ് ചെയ്ത് അദ്ദേഹം വന്ന അതേ വിമാനത്തില്‍ ദല്‍ഹിക്ക് മടങ്ങി. പുലര്‍ച്ചെ മൂന്നിന് ഒഡീഷയിലേക്ക്. ഉറക്കം നഷ്ടമായ രാത്രി പിന്നിട്ട് വിശ്രമമില്ലാത്ത പകലിലേക്ക്. രക്ഷാപ്രവര്‍ത്തനത്തിലടക്കം കേന്ദ്രമന്ത്രിയുടെ നേതൃത്വം. റെയില്‍വെയിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണ ജീവനക്കാരെ വരെ ഒപ്പം കൂട്ടി എന്തിനുമിറങ്ങാന്‍ പ്രചോദിപ്പിച്ച്… ആകെ ആശയക്കുഴപ്പത്തിലും ആശങ്കയിലുമായിരുന്ന അവര്‍ അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തില്‍ ആത്മവിശ്വാസം വീണ്ടെടുത്തു… അര്‍ധരാത്രി പിന്നിട്ടപ്പോള്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ അടിയന്തരമായി വിളിച്ച് അടുത്ത പകലിന്റെ പ്രവര്‍ത്തനത്തിന് ആസൂത്രണം ചെയ്തു.
വിവരങ്ങള്‍ അന്വേഷിച്ച് പ്രധാനമന്ത്രിയുടെ വിളികള്‍, മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണങ്ങള്‍, ഉറ്റവരെ കണ്ടെത്താന്‍ അലമുറയോടെ എത്തുന്ന ബന്ധുക്കളുടെ ആശങ്കകള്‍…. എല്ലാവര്ക്കും മറുപടിയായി, ആശ്വാസമായി അശ്വിനി വൈഷ്ണവ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം റെയില്‍വെ ട്രാക്ക് ക്രമപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കും അദ്ദേഹം തന്നെ ചുക്കാന്‍ പിടിച്ചു. ഒപ്പമുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ക്ഷീണം മാറ്റാന്‍ ഷിഫ്റ്റ് എടുത്തോളാന്‍ ഉപദേശിച്ചു.
വെള്ളിയാഴ്ച അര്‍ധരാത്രി പിന്നിട്ടപ്പോള്‍ പ്രദേശത്തെത്തിയ മന്ത്രി ബാലാസോറില്‍ത്തന്നെ സജ്ജമാക്കിയ താത്കാലിക ഓഫീസിലേക്ക് പോലും മടങ്ങിയത് ഞായറാഴ്ച വൈകിട്ട് ഏഴിന്. ദുരന്തമുണ്ടായി 51 മണിക്കൂര്‍ പിന്നിട്ടപ്പോള്‍, രാത്രി 10.40ന് വിശാഖപട്ടണത്തുനിന്ന് റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്റിലേക്ക് കല്‍ക്കരിയുമായി അശ്വിനി വൈഷ്ണവിന്റെ മുന്നിലൂടെ ആദ്യ ചരക്കുതീവണ്ടി പാഞ്ഞു. ‘സാധാരണഗതിയിലേക്ക്’ എന്ന അദ്ദേഹത്തിന്റെ ട്വീറ്റ് എല്ലാവര്ക്കും ആശ്വാസമായി.
ദുരന്തഭൂമി സന്ദര്‍ശിച്ച മമത ബാനര്‍ജിയടക്കമുള്ള നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് റെയില്‍വെ മന്ത്രിയുടെ പിഴവുകളെണ്ണി രാഷ്ട്രീയാരോപണങ്ങളുന്നയിക്കുമ്പോള്‍ അധികം അകലെയല്ലാതെ തെന്നിമാറിപ്പോയ ബോഗികളില്‍ കുടുങ്ങിക്കിടക്കുന്ന ജീവനുകളെ രക്ഷപ്പെടുത്തുന്നവര്‍ക്കൊപ്പം കഠിനപരിശ്രമത്തിലായിരുന്നു അദ്ദേഹം. ആരോപണങ്ങളും വ്യാജവാര്‍ത്തകളും നിറച്ച് രാഷ്ട്രീയ എതിരാളികള്‍ നടത്തിയ നാടകങ്ങളെ അദ്ദേഹം അവഗണിച്ചു. രാജിവയ്ക്കണമെന്ന് മുദ്രാവാക്യം വിളിച്ചവരെ പരിഗണിച്ചതേയില്ല. ഞങ്ങളുടെ ഉത്തരവാദിത്വം തീര്‍ന്നിട്ടില്ല എന്നു മാധ്യമപ്രവര്‍ത്തകരോട് പറയുമ്പോള്‍ അദ്ദേഹം വിതുമ്പി.
ഒഡീഷ കേഡറിലെ ഐഎഎസ് ഓഫീസറായ അശ്വിനി വൈഷ്ണവ് മുമ്പ് ഇതേ ബാലാസോറില്‍ കളക്ടറായിരുന്നു. വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെ പിഎംഒയില്‍ ഡയറക്ടറായിരുന്നു. ഈ കാലത്ത് ബാലാസോറില്‍ ചുഴലി ദുരന്തം വിതച്ചപ്പോഴും അശ്വിനി വൈഷ്ണവിനായിരുന്നു ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ചുമതല.
പിന്നീട് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ അദ്ദേഹം വാജ്പേയി ചുമതലയൊഴിയും വരെ ആ സ്ഥാനത്ത് തുടര്‍ന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ആരോപണങ്ങളില്‍ കൂസാതെ ആക്ഷേപങ്ങളോട് നിസംഗനായി അശ്വിനി വൈഷ്ണവ് പുലര്‍ത്തിയ സമാനതകളില്ലാത്ത പരിശ്രമങ്ങളാണ് മൂന്ന് നാള് പിന്നിടുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ നിറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: