കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തിരവനും തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി എംപിയുടെ ഭാര്യ റുജിറ നരുല ബാനര്‍ജിയെ വിമാനത്താവളത്തില്‍ തടഞ്ഞു. ദുബായ്യിലേക്ക് പോകാനായി കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇവരെ തടഞ്ഞു വച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് നടപടി.
കല്‍ക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനായാണ് റുജിറയെ തടഞ്ഞുവച്ചത്. രണ്ട് ദിവസത്തിന് ശേഷം ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിലെത്തിയ റുജിറയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുനിര്‍ത്തി ബോര്‍ഡിങ് നിഷേധിക്കുകയായിരുന്നു. ഇഡിയുടെ ലുക്ക് ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് റുജിറയെ തടഞ്ഞത്. ഇന്നലെ രാവിലെ ഏഴുമണിക്ക് രണ്ടുമക്കളോടൊപ്പമാണ് വിമാനത്താവളത്തില്‍ എത്തിയത്.
ലീപ്സ് ആന്‍ഡ് ബൗണ്ട് പ്രൈവറ്റ് ലിമിറ്റഡ്, ലീപ്സ് ആന്‍ഡ് ബൗണ്ട് മാനേജ്മെന്റ് സര്‍വീസസ് എല്‍എല്‍പി എന്നീ കമ്പനികള്‍ അഭിഷേക് ബാനര്‍ജിയുമായും കുടുംബവുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇ ഡി വ്യക്തമാക്കി. കേസില്‍ അന്വേഷണം നേരിടുന്ന പ്രതികള്‍ മുഖേന ഈ സ്ഥാപനങ്ങള്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്ന് 4.37 കോടി രൂപ സംരക്ഷണ ഫണ്ട് കൈപ്പറ്റിയെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. അഭിഷേകിന്റെ അച്ഛന് അമിത് ബാനര്‍ജി ലീപ്സ് ആന്‍ഡ് ബൗണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ്. റുജിറയും ലീപ് ആന്‍ഡ് ബൗണ്ട് മാനേജ്മെന്റ് സര്‍വീസസ് ലിമിറ്റഡിന്റെ ഡയറക്ടറാണ്.
റുജിറയെ കേന്ദ്ര ഏജന്‍സികള്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു.കേസില്‍ 2020ല്‍ സിബിഐ സമര്‍പ്പിച്ച എഫ്ഐആറുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ബംഗാളിലെ അസന്‍സോളിനടുത്തുള്ള കുനുസ്റ്റോറിയ, കജോറ പ്രദേശങ്ങളിലെ ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സിലെ പാട്ടത്തിനെടുത്ത ഖനികളില്‍ അനധികൃത കല്‍ക്കരി ഖനനം നടത്തിയെന്നാണ് ആരോപണം. 1,300 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: