(ദാമാദ്യുപാഖ്യാനം തുടര്‍ച്ച)
മാനസത്തെ ജയിക്കെന്നതല്ലാതെ ഈ സംസാരസാഗരത്തില്‍ ഗതിയില്ല. ഈ ഭൂമിയില്‍ തന്റെ ചേതസ്സിനാല്‍ ജിതന്മാരായീടാതെകണ്ട് ആരു വാണീടുന്നുവോ അവരെ ആണുങ്ങളായിട്ടു ഗ്രിഹിക്കേണ്ടതാണെന്ന് നീ ഓര്‍ക്കുക. മഹാന്മാരും അവരാകുന്നു. സൈ്വരമായി ഹൃദയരന്ധ്രത്തില്‍ കിടക്കുന്നതും വളരെ കലനാവിഷമുള്ളതുമായ മാനസഭംഗിയെ കൊന്ന മഹാനായ മാനവശ്രേഷ്ഠനെ ഞാന്‍ കൈവണങ്ങുന്നു. നരകക്കൂട്ടമാകുന്ന സാമ്രാജ്യവും വളരെ ദുഷ്‌ക്കൃതന്മാരായ മദയാനകളും ആകാംക്ഷാശരങ്ങളും ചേര്‍ന്നു വാഴുന്ന രൂക്ഷത്വമാര്‍ന്ന ഇന്ദ്രിയങ്ങളായ ശത്രുക്കള്‍ രഘുനന്ദന! അതിമാത്രം ദുര്‍ജ്ജയങ്ങളാണെന്നോര്‍ക്കുക. ചിത്തദര്‍പ്പത്തെക്കളഞ്ഞ് ഇന്ദ്രിയശത്രുക്കളെ സംഹരിച്ച ധീരന്റെ ഭോഗങ്ങളില്‍ ഹേമന്തകാലമെത്തുമ്പോള്‍ ആശകള്‍ ചെന്നീടുന്നു. അവ താമരപ്പുഷ്പങ്ങളെന്നപോലെ നശിക്കുകയും ചെയ്യും.
ഹേ പൃത്ഥീനന്ദന! കേട്ടീടുക. ഏകാത്മതത്ത്വത്തില്‍ വളരെ ഉറച്ച അഭ്യാസത്താല്‍ ചിത്തത്തെ നന്നായി ജയിക്കാതെകണ്ട് എത്രകാലത്തോളം വര്‍ത്തിച്ചുകൊള്ളുന്നു, രാത്രിയില്‍ പിശാചെന്നപോലെ ശുഭ്രകീര്‍ത്തേ! വാസനാസഞ്ചയം അത്രകാലത്തോളം ഉള്‍ത്താരില്‍ നല്ലവണ്ണം നര്‍ത്തനം ചെയ്തുകൊള്ളുന്നുവെന്ന് നിര്‍ണയിച്ചു ഉറയ്‌ക്കുക. മാനസം സ്വാധീനമായി വന്നുവെങ്കില്‍ പിന്നെ വരേണ്ടതൊന്നുമില്ലെന്നു ബോധിക്കുക. നിത്യവും ഇഷ്ടമായുള്ളതു ചെയ്യുന്നതുകൊണ്ട് വിദ്വാന്റെ മാനസം ഭൃത്യനായീടുന്നു സത്തായ കാര്യം ചെയ്യുന്നതുകൊണ്ട് ഉത്തമമായ മന്ത്രിയായീടുന്നു. ആ മനസ്സ് ഇന്ദ്രിയങ്ങളെ ജയിക്കകൊണ്ട് സാമന്തനെന്നു പറയപ്പെടുന്നു. ഉത്തമമായ വിദ്യയെ നല്‍കുന്നതുകൊണ്ട് സമര്‍ത്ഥനായ ഒരാചാര്യാനാകുന്നു. ലാളനം ചെയ്കകൊണ്ട് സുന്ദരിയാകുന്നു. പാലനം ചെയ്യുന്നതുകൊണ്ട് നല്ല പിതാവാകുന്നു. വിശ്വസിക്കാവുന്നതുകൊണ്ട് നല്ല ചങ്ങാതിയായിട്ടും ഭവിക്കുന്നു. ശാസ്ത്രദൃഷ്ട്യാ സമാലോകിതനായി തന്റെ ബുദ്ധികൊണ്ട് അനുഭാവിതനായി ചിത്തതാതന്‍ തന്നെ ത്യജിച്ച് ഏറ്റവും ഉത്തമമായ സിദ്ധിയെ നല്‍കുന്നു. സ്വച്ഛം, സുദൃഷ്ടം, സുകാന്തം, നിജഗുണോര്‍ജിതവുമായ അതിനെ ചിന്തിച്ചാല്‍ അതു നല്ലവണ്ണം അറിയപ്പെടുന്നതാണ്. അത് ഹൃദ്യവും ഹൃദിമനോരത്‌നവും സുദൃഢം വിളങ്ങുന്നതുമാണ്. അളവറ്റ കല്മഷം പറ്റിക്കിടക്കും മയോമണിതന്നെ നീ പാരം തെളിഞ്ഞ വിവേകമായീടുന്ന ജലത്തെക്കൊണ്ടു കഴുകിയിട്ട് സിദ്ധിലഭിക്കാനായി അലോകവാനായി ഭവിക്കുക. നല്ല വിവേകത്തെ സമാശ്രയിച്ച് ആദ്യന്തഹീനം ആത്മാവിനെ അറിഞ്ഞ് ഇന്ദ്രിയങ്ങളാകുന്ന ശത്രുക്കളെ ജയിച്ച് നീ സംസാരസമുദ്രത്തെ നല്ലരീതിയില്‍ മറുകര കടക്കുക. ഇവന്‍, ഞാന്‍ എന്നുള്ളത് വെറുതെയുള്ള നിശ്ചയമാണ്, അതില്‍ സംശയിക്കേണ്ടതില്ല. ശ്രീരാമ! നീ സ്വബുദ്ധികൊണ്ട് എല്ലാറ്റിനെയും അകലെക്കളയണം. ഞാനെന്നൊരു ഭാവമില്ലാത്ത ആര്യപദം ആനന്ദത്തോടെ കൈവരിച്ച് നിര്‍മ്മാനസനായി നീ വേണ്ടുന്നതൊക്കെയും ചെയ്തു വാഴുക. ഒന്നുകൊണ്ടും ബദ്ധനാവുകയില്ലെന്നാല്‍ ഹേ രാമ! നിന്റെ ‘ദാമവ്യാളകടന്യായം’ ഒന്നും ഭവിക്കുകയില്ല. നീ കേള്‍ക്കുക, ‘ഭീമഭാസദൃഢസ്ഥിതി’കൊണ്ടു നിനക്ക് എന്നും വിശോകത സംഭവിച്ചിടേണം.
ഇതുകേട്ടപ്പോള്‍ ശ്രീവസിഷ്ഠനോട് രാമന്‍ ചോദിച്ചു- ‘ക്ലേശങ്ങളൊക്കെയും അകറ്റുന്ന ഗുരോ! ദാമവ്യാളകട
ന്യായമെന്നു പറഞ്ഞതും ഭീമഭാസദൃഢസ്ഥിതി എന്നു പറഞ്ഞതും എന്തെന്നറിഞ്ഞില്ല.’ ഇതുകേട്ട മുനീശ്വരന്‍ ശ്രീരാമനോട് സഹര്‍ഷം ഇങ്ങനെ പറഞ്ഞു. എന്നാല്‍ പറയാം. അതുകേട്ടിട്ട് നീ പിന്നെ യഥേഷ്ടം നടന്നുകൊള്ളുക. ഐശ്വര്യപൂര്‍ണമായി വളരെ വിളങ്ങുന്ന പാതാളലോകത്തില്‍ അത്യന്ത ഘോരനായി ശബരനെന്നു പേരായ ഒരു അസുരന്‍ മുമ്പുണ്ടായിരുന്നു. മായാമണികള്‍ക്ക് നല്ല പൊയ്കയായിരിക്കുന്നവനാണവന്‍. ഇടയ്‌ക്കിടെ ദേവന്മാരെ ഉപദ്രവിക്കുന്ന ഒരു സൈന്യം ആ അസുരനുണ്ടായിരുന്നു. അമിതമായ മഹാബലമുണ്ടായിരുന്ന, അസുരനായകനായ ശബരന്‍ ഉറങ്ങുമ്പോഴും ദേശാന്തരങ്ങളില്‍ യാത്രചെയ്യുമ്പോഴും ദേവന്മാര്‍ അവന്റെ സൈന്യത്തെ തരംപോലെ ചെന്നു കൊല്ലും. അതുകൊണ്ട് മായാവിയായ അസുരന്‍ മുണ്ഡി, കനങ്കന്‍, ദ്രുമന്‍ മുതലായി ശണ്ഠയ്‌ക്കു സമര്‍ത്ഥരായ മന്ത്രിമാരെയും സാമന്തന്മാരെയും അനേകം സൈന്യത്തെയും സ്വയം സൃഷ്ടിച്ചു. അവരുമായിച്ചെന്ന് ദേവന്മാരെ തരംനോക്കി ഒന്നൊഴിയാതെ കൊന്നുകളഞ്ഞു. അസുരന്മാര്‍ ഈ വാര്‍ത്തകേട്ടിട്ട് ഉള്ളിലെ കോപം മുഴുത്ത് കാട്ടിക്കൊടുക്കുന്നുണ്ടെന്നു പറഞ്ഞുകൊണ്ട് ഒരു കൂട്ടം പടകളെക്കൂട്ടി പെട്ടെന്നു ദേവലോകത്തേക്കു ചെന്നു. അപ്പോള്‍ ദേവകളൊക്കെയും പേടിച്ച് മേരുവനത്തിലെ വള്ളിക്കാടുകളില്‍ ഭയത്തോടെ ചെന്നൊളിച്ചിരുന്നു. നീചവൃന്ദാരകന്മാര്‍ ഒരുമിച്ച് കൂക്കിവിളിച്ചുകൊണ്ടിരുന്നു. ദേവസ്ത്രീ സമൂഹം കണ്ണുനീര്‍വാര്‍ത്ത് മുഖം വാടി കഴിഞ്ഞുകൂടി. പ്രളയകാലത്തുമുടിഞ്ഞ ലോകം കണക്ക് സ്വര്‍ഗം ശൂന്യമായിക്കണ്ടു. അസുരന്‍ ക്രുദ്ധനായി മദിച്ച് കൂത്താടിത്തുടങ്ങി. കല്പവൃക്ഷങ്ങളൊക്കെ അവന്‍ പെട്ടെന്നു വലിച്ചുപറിച്ചെറിഞ്ഞു. സനല്ല ദിക്പാലകമന്ദിരങ്ങളൊക്കെയും ആ ദുര്‍മ്മതി ഭസ്മമാക്കി. ആ മുഷ്‌കുള്ളവന്‍ അക്രമമേവം പലതും നടത്തിയിട്ട് സ്വന്തം ഗൃഹത്തില്‍ പോയി വാണു. ദേവാസുരന്മാര്‍ക്കു പരസ്പരം വൈരം ഇക്കണക്കിനു വര്‍ദ്ധിച്ചുവന്നു. ദേവന്മാര്‍ സ്വര്‍ഗമുപേക്ഷിച്ച് പലവഴിക്ക് ഒളിച്ചു നടന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക