Categories: Samskriti

ജീവിതം ഒന്നു മാത്രം; ദശകള്‍ പലതും

കേരളത്തില്‍ സാര്‍വ്വത്രികമായിട്ടുള്ള ദശാസമ്പ്രദായം 'വിംശോത്തരി' എന്നറിയപ്പെടുന്നതാണ്. മനുഷന്റെ പരമായുസ്സ് 120 വയസ്സ് എന്ന് സങ്കല്പിച്ചുകൊണ്ടുള്ളതാണിത്. 'കാലചക്രദശ' എന്ന പേരില്‍ ഒരു ദശയുണ്ട്. അതും പരാമര്‍ശിക്കപ്പെടാറുണ്ട്, നമ്മുടെ നാട്ടില്‍. എന്നാല്‍ രണ്ട് ഡസനിലധികം ദശാവിധാനങ്ങള്‍ പ്രമാണഗ്രന്ഥങ്ങളില്‍ ഒട്ടാകെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് എന്ന് അഭിജ്ഞന്മാര്‍ വ്യക്തമാക്കുന്നു! പക്ഷേ പ്രചാരത്തിലുള്ളത് ആദ്യം പറഞ്ഞ രണ്ടുദശകള്‍ മാത്രം.

ജ്യോതിഷ ഭൂഷണം

എസ്. ശ്രീനിവാസ് അയ്യര്‍

കേരളത്തില്‍ സാര്‍വ്വത്രികമായിട്ടുള്ള ദശാസമ്പ്രദായം ‘വിംശോത്തരി’ എന്നറിയപ്പെടുന്നതാണ്. മനുഷന്റെ പരമായുസ്സ് 120 വയസ്സ് എന്ന് സങ്കല്പിച്ചുകൊണ്ടുള്ളതാണിത്. ‘കാലചക്രദശ’ എന്ന പേരില്‍ ഒരു ദശയുണ്ട്. അതും പരാമര്‍ശിക്കപ്പെടാറുണ്ട്, നമ്മുടെ നാട്ടില്‍. എന്നാല്‍ രണ്ട് ഡസനിലധികം ദശാവിധാനങ്ങള്‍ പ്രമാണഗ്രന്ഥങ്ങളില്‍ ഒട്ടാകെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് എന്ന് അഭിജ്ഞന്മാര്‍ വ്യക്തമാക്കുന്നു! പക്ഷേ പ്രചാരത്തിലുള്ളത് ആദ്യം പറഞ്ഞ രണ്ടുദശകള്‍ മാത്രം.

‘അഷ്ടോത്തരീദശ’ ഏതാണ്ട് വിംശോത്തരീ ദശ പോലെയാണ്. 120 വര്‍ഷങ്ങള്‍ക്ക് പകരം പൂര്‍ണായുസ്സ് 108 വര്‍ഷങ്ങളാണ്, ഇതില്‍. ഗ്രഹങ്ങള്‍ക്ക് തന്നെയാണ് ദശാധിപത്യം. എന്നാല്‍ കേതുവില്ല, മറ്റ് എട്ടു ഗ്രഹങ്ങള്‍ക്കാണ് ദശാധിപത്യമുള്ളത്. എട്ട് ഗ്രഹങ്ങളില്‍ മൂന്ന് ഗ്രഹങ്ങള്‍ക്ക് നാലു നക്ഷത്രങ്ങളുടെയും (സൂര്യന്‍, ചൊവ്വ, രാഹു എന്നിവയ്‌ക്ക്), അഞ്ച് ഗ്രഹങ്ങള്‍ക്ക് മൂന്ന് നക്ഷത്രങ്ങളുടെയും (ചന്ദ്രന്‍, ബുധന്‍, ശനി, വ്യാഴം, ശുക്രന്‍ എന്നിവയ്‌ക്ക്), ആധിപത്യമുണ്ട്. എന്നാല്‍ വിംശോത്തരി ദശയില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും മൂന്ന് നക്ഷത്രങ്ങളുടെ വീതം തുല്യമായ അവകാശം നല്‍കപ്പെട്ടിരിക്കുന്നു.ഇനി നമുക്ക് അഷ്ടോത്തരീ ദശയില്‍ എങ്ങനെയാണ് ദശാകാലം, ഗ്രഹാധിപത്യം എന്നിവ കണക്കാക്കുന്നത് എന്നുകാണാം.

തിരുവാതിര, പുണര്‍തം,  

പൂയം, ആയില്യം എന്നീ നാലുനക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് ആദ്യം സൂര്യദശയാണ്. ദശാകാലം 6 വര്‍ഷം. (വിംശോത്തരിയിലും സൂര്യദശ 6 വര്‍ഷമാണ്. പക്ഷേ നക്ഷത്രങ്ങള്‍ ഇവയല്ല)

മകം, പൂരം, ഉത്രം എന്നീ മൂന്നു നാളുകാര്‍ക്ക് ആദ്യം ചന്ദ്രദശ. അത് 15 വര്‍ഷം. (വിംശോത്തരിയില്‍ ചന്ദ്രദശ 10 വര്‍ഷമാണ്.)

അത്തം, ചിത്തിര, ചോതി, വിശാഖം എന്നീ നാല് നാളുകളില്‍ ജനിച്ചവര്‍ക്ക് ആദ്യം ചൊവ്വാദശ. അതാകട്ടെ 8 വര്‍ഷവും. (വിംശോത്തരിയില്‍ ചൊവ്വ 7 വര്‍ഷമാണ്.)

അനിഴം, തൃക്കേട്ട, മൂലം എന്നിവര്‍ക്ക് ആദ്യം ബുധദശ. 17 വര്‍ഷമാണ് ദശാകാലം. (വിംശോത്തരിയിലും ബുധദശാകാലം 17 വര്‍ഷം തന്നെയാണ്.)

പൂരാടം, ഉത്രാടം, തിരുവോണം എന്നീ നാളുകളില്‍ ജനിച്ചവര്‍ക്ക് ആദ്യം ശനിദശയാണ്, 10 വര്‍ഷം. (വിംശോത്തരിയില്‍ ശുക്രന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ദശ ശനിയാണ്, 19 വര്‍ഷം.)

അവിട്ടം, ചതയം, പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ആദ്യം വ്യാഴദശയാണ്, 19 വര്‍ഷം. (വിംശോത്തരിയില്‍ വ്യാഴം 16 വര്‍ഷമാണ്.)

ഉത്രട്ടാതി, രേവതി, അശ്വതി, ഭരണി എന്നീ നാലുനാളുകളില്‍ ജനിച്ചവര്‍ക്ക് ആദ്യം രാഹുദശയാണ്, 12 വര്‍ഷം. (വിംശോത്തരിയില്‍ രാഹു 18 വര്‍ഷമാണ്.)

കാര്‍ത്തിക, രോഹിണി, മകയിരം എന്നീ മൂന്നു നാളുകാര്‍ക്ക് ആദ്യം ശുക്രദശയാണ്. 21 വര്‍ഷം. (വിംശോത്തരിയിലും ഏറ്റവും വലിയ ദശ ശുക്രദശ തന്നെയാണ്. പക്ഷേ ഇതിലും ഒരു വര്‍ഷം കുറവ് (20) എന്നു മാത്രം.)

അങ്ങനെ 27 നാളുകാര്‍ക്കും കൂടിയുള്ള 8 ദശകളുടെ പൂര്‍ണവര്‍ഷം 108 ആകുന്നു. അഷ്ടോത്തരി എന്നതിന്റെ അര്‍ത്ഥം 108 എന്നാണല്ലോ?ഇവയുടെ ക്രമവും ഒന്നിനു പിറകെ ഒന്നായിട്ടാണ്. തിരുവാതിര മുതല്‍ നാലു നാളുകാരുടെ ജനനം സൂര്യദശയിലാണെന്ന് നാം കണ്ടു. അവരുടെ രണ്ടാം ദശ അടുത്ത മൂന്നു നക്ഷത്രങ്ങളുടെ ദശാധിപനായ ചന്ദ്രന്റെ ദശയാകുന്നു. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, ശനി, വ്യാഴം, രാഹു, ശുക്രന്‍ എന്നതാണ് ക്രമം. ഇത് ആവര്‍ത്തിക്കും. ഓരോ ദശയിലെയും അപഹാരങ്ങളുടെ ക്രമവും ഇതു തന്നെയാണ്.

1, 10, 19 എന്നീ ക്രമത്തില്‍ വരുന്ന നക്ഷത്രങ്ങളെ ഒന്നാമതും (അശ്വതി, മകം, മൂലം) 2 11,20 എന്നിവയെ രണ്ടാമതും (ഭരണി, പൂരം, പൂരാടം), 3,12,21 എന്നിവയെ മൂന്നാമതും (കാര്‍ത്തിക, ഉത്രം, ഉത്രാടം), 4,13,22 എന്നിവയെ നാലാമതും (രോഹിണി, അത്തം, തിരുവോണം), 5, 14, 23 എന്നിവയെ അഞ്ചാമതും (മകയിരം, ചിത്തിര, അവിട്ടം), 6,15,24 എന്നിവയെ ആറാമതും (തിരുവാതിര, ചോതി, ചതയം), 7,16,25 എന്നിവയെ ഏഴാമതും (പുണര്‍തം, വിശാഖം, പൂരുരുട്ടാതി), 8,17,26 എന്നിവയെ എട്ടാമതും (പൂയം, അനിഴം, ഉത്രട്ടാതി), 9, 18, 27 എന്നിവയെ ഒമ്പതാമതും (ആയില്യം, തൃക്കേട്ട, രേവതി) പരിഗണിച്ചു കൊണ്ടാണ് കേരളീയര്‍ പിന്‍തുടരുന്ന വിംശോത്തരീ ദശയുടെ ഘടന നിജപ്പെടുത്തിയിരിക്കുന്നതും . കേതു (7), ശുക്രന്‍(20), സൂര്യന്‍ (6), ചന്ദ്രന്‍ (10), ചൊവ്വ (7), രാഹു (18), വ്യാഴം (16), ശനി(19), ബുധന്‍ (17) എന്നിങ്ങനെയാണ് ദശകളുടെ ക്രമവും വര്‍ഷങ്ങളും വിംശോത്തരിയില്‍ കണക്കാക്കുന്നത്.360 ഡിഗ്രി ദൈര്‍ഘ്യത്തിലുള്ള രാശിചക്രത്തെ 53 ഡിഗ്രി 20 മിനിറ്റ് വീതവും (നാലു നക്ഷത്രങ്ങള്‍, ഒരു നക്ഷത്രമേഖലയുടെ ദൈര്‍ഘ്യം 13 ഡിഗ്രി 20 മിനിറ്റ് ആണ്) 40 ഡിഗ്രി വീതവും (3 നക്ഷത്രമേഖല) എന്ന വിധാനമാണ് അഷ്ടോത്തരിയില്‍ കൈക്കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയില്‍ ചിലയിടത്ത് ഇത് ഉപയോഗത്തിലുണ്ട്. നമ്മുടെ നാട്ടിലും ഇത് സ്വീകാര്യമാണ്. എന്താണ് തടസ്സമെന്ന് ആചാര്യന്മാര്‍ വ്യക്തമാക്കിയിട്ടില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക