ഭോപാല്‍: മധ്യപ്രദേശില്‍ പരശുരാമജയന്തി പൊതു അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അറിയിച്ചു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൊതുപരിപാടിയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ സമുദായങ്ങളെയും സര്‍ക്കാരിലേയ്ക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പ്രഖ്യാപനം. പരശുരാമന് മഹാവിഷ്ണുവിന്റെ അവതാരമാണ്. പരശുരാമന്റെ ജീവിതം സ്കൂളുകളിലെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും ഭോപ്പാലിലെ ഭെല്‍ ടൗണ്‍ഷിപ്പിലെ ജാംബോറി ഗ്രൗണ്ടില്‍ ബ്രാഹ്മണ മഹാകുംഭിനെ അഭിസംബോധന ചെയ്ത ചൗഹാന് അറിയിച്ചു.
ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്ക് ഓണറേറിയം നല്‍കുമെന്നും സംസ്കൃത സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സെന്റീവ് നല്‍കുമെന്നും ചൗഹാന് വ്യക്തമാക്കി. പരശുരാമ ജയന്തി ദിനത്തില്‍ പൊതു അവധി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് 8,000 രൂപയും ആറു മുതല്‍ പ്ലസ്ടു വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 10,000 രൂപയും നല്കാന് മുന്‍കൈയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
നേരത്തെ വിക്രമാദിത്യ മഹാരാജവിനും സമാനമായ അംഗീകാരം മധ്യപ്രദേശ് നല്‍കിയിരുന്നു. ഉജ്ജയിനിയിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തിനു സമീപം ക്ഷിപ്ര നദീ തീരത്ത് വിക്രമോത്സവിന്റെ സമാപന സമ്മേളനത്തില്‍ മധ്യപ്രദേശില്‍ ഇനിമുതല്‍ പിന്തുടരുന്നത് വിക്രമാദിത്യ കലണ്ടര്‍ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ചൗഹാന് പുതിയ കലണ്ടറും പ്രകാശനം ചെയ്തിരുന്നു.
വിക്രമാദിത്യന്റെ കാലം മുതല്‍ പ്രിഥ്വിരാജ് ചൗഹാന്റെ കാലം വരെ ഭാരതത്തില്‍ ഉപയോഗിച്ചിരുന്ന കലണ്ടര്‍ ഇതായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഉജ്ജയിനി സര്‍വ്വകലാശാലയില്‍ നടത്തിയ ഗവേഷണത്തില്‍ വിക്രമാദിത്യന് നല്കിയ സംഭാവനകളെക്കുറിച്ച് നിരവധി തെളിവുകള്‍ ശേഖരിക്കാനായിട്ടുണ്ടെന്ന് അറിയിച്ച ചൗഹാന് വിക്രമാദിത്യ വേദിക് ക്ലോക്കും പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: