ഭുവനേശ്വര്‍: ബാലസോറിലെ ദുരന്തഭൂമിയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ച് ഇന്ത്യന്‍ റെയില്‍വേ. 275 പേരുടെ ജീവനെടുത്ത അപകടം നടന്ന് 51 മണിക്കൂറിനുള്ളിലാണ് ട്രെയിന്‍ ഗതാഗതം വീണ്ടും ആരംഭിച്ചത്. ഒഡീഷയിലൂടെ കടന്നുപോകുന്ന കോല്‍ക്കത്ത-ചെന്നൈ പ്രധാന പാതയാണിത്.
ബാലസോറിലെ അപകടം നടന്ന രണ്ട് ട്രാക്കുകളും പൂര്‍ണമായും പുനഃസ്ഥാപിച്ചതായും റെയില്‍ ഗതാഗതം വീണ്ടും ആരംഭിച്ചെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മന്ത്രിയുടെ സാന്നിധ്യത്തിലാണ് ദുരന്തത്തിന് ശേഷം ആദ്യമായി ബാലസോര്‍ മേഖലയിലൂടെ ഒരു തീവണ്ടി കടന്നുപോയത്. ബഹാനഗ സ്‌റ്റേഷന് സമീപത്ത് കൈകള്‍ കൂപ്പി നിന്ന മന്ത്രിയെ അഭിവാദനം ചെയ്തുകൊണ്ട് ലോക്കോ പൈലറ്റ് ചരക്കുതീവണ്ടിയെ മുന്നോട്ട് ചലിപ്പിക്കുകയായിരുന്നു.
ആയിരത്തോളം തൊഴിലാളികള്‍ രാപ്പകല്‍ അധ്വാനിച്ചാണ് നാല് ലൈനുകളുള്ള പാതയിലെ രണ്ട് ലൈനുകള്‍ ഇത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കിയത്. ഞായറാഴ്ച രാവിലെയോടെ ട്രാക്കുകളില്‍ തകര്‍ന്നുകിടന്നിരുന്ന ബോഗികള്‍ പൂര്‍ണമായി മാറ്റി പാളങ്ങള്‍ വീണ്ടും സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചിരുന്നു. ഏഴ് പോക്കറ്റിങ് മെഷീനുകൾ, 140 ടൺ റെയിൽവേ ക്രെയിൻ, 4 റോഡ് ക്രെയിനുകൾ എന്നിവയുടെ സഹായത്തോടെയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായത്. ബുധനാഴ്ച പുലർച്ചെയോടെ എല്ലാ സർവീസുകളും പുനഃസ്ഥാപിക്കാനാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: