പട്ന: ബീഹാറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം ഞായറാഴ്ച തകര്‍ന്നുവീണു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിതീഷ്കുമാര്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി. ബീഹാറിലെ ഭഗല്‍പൂരിലാണ് പാലം തകര്‍ന്ന് വീണത്.
ആളപായമുണ്ടായില്ലെങ്കിലും അഗുവാനി-സുല്തങ്ഗജ് പാലത്തിന്റെ മൂന്ന് തൂണുകള്‍ തകര്‍ന്നതോടെ പാലം ഒന്നടങ്കം ഗംഗാനദിയിലേക്ക് പതിക്കുകയായിരുന്നു. 100 മീറ്റര്‍ ഉയരമുള്ളതായിരുന്നു ഈ പാലം. അത് പാടെ നദിയിലേക്ക് തകര്‍ന്ന് വീണു. ചിലര്‍ ഇതിന്റെ വീഡിയോ പകര്‍ത്തിയിരുന്നു. ഇതാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
പാലം നടുവില്‍ തകര്‍ന്നതിന് ശേഷം രണ്ടുവശത്തേക്കുമായി പിളര്‍ന്നാണ് ഗംഗയിലേക്ക് നിലംപൊത്തുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ഞായറാഴ്ച വൈകുന്നേരം 7.15നാണ് സംഭവം ഉണ്ടായത്.
ഈ പാലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് 2022 ഏപ്രിലില്‍ തന്നെ സംശയം പ്രകടിപ്പിക്കപ്പെട്ടിരുന്നു. പാലം തകര്‍ന്നതിനെക്കുറിച്ച് അന്വേഷണത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടു.
നിതീഷ്കുമാറിന്റെ അഴിമതിയുടെ പാലമെന്ന് ബിജെപി
നിതീഷ്കുമാറിന്റെ സ്വപ്നപദ്ധതിയാണ് തകര്‍ന്നത്. ഇത് നിതീഷ്കുമാറിന്റെ അഴിമതിയുടെ പാലമാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു. ജനങ്ങളുടെ 1750 കോടിയുടെ നികുതിപ്പണമാണ് ജലസമാധിയായതെന്ന് ഷെഹ്സാദ് പൂനവാല കുറ്റപ്പെടുത്തി. 2022ലും ഈ പാലം തകര്‍ന്ന് വീണിരുന്നു.
2014ലാണ് പാലം പണി ആരംഭിച്ചത്. നിതീഷ് കുമാറാണ് തറക്കല്ലിട്ടത്. ഭഗല്‍പൂരിലെ സുല്തങ്ഗജ് പ്രദേശത്തെയും ഖഗാരിയ ജില്ലയിലെ അഗുവാണി ഘട്ടിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. കാരണം എന്താണെന്ന് അറിവായിട്ടില്ല.
ഉയര്‍ന്ന തലത്തിലുള്ള അന്വേഷണസമിതിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: