ന്യൂദല്‍ഹി: റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ പുതിയ റിക്കാര്‍ഡിട്ട് ഇന്ത്യ. ഒരു ദിവസം 1.96 ദശലക്ഷം ബാരല്‍ എണ്ണയാണ് മെയ് മാസത്തില്‍ ഇറക്കുമതി ചെയ്തത്. ഏപ്രിലില്‍ ഇറക്കുമതി ചെയ്തതിനേക്കാള്‍ 15 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ വര്‍ഷം മെയ് മാസത്തേക്കാള്‍ 162 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. എന്‍ജി കാര്‍ഗോ ട്രാക്കറായ വോര്ട്ടെക്സിന്റെതാണ് പുതിയ വിവരങ്ങള്‍.
കഴിഞ്ഞ മാസം രാജ്യം ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ 42 ശതമാനവും റഷ്യയില്‍ നിന്നാണ്. അതായത് ഇന്ത്യയുടെ പരമ്പരാഗത എണ്ണ ഇറക്കുമതി രാഷ്ട്രങ്ങളായ ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ റഷ്യ പിന്തള്ളിയതായാണ് റിപ്പോര്‍ട്ട്. മുന്‍പ് ഇറാഖിനെയും സൗദി അറേബ്യയേയുമായിരുന്നു ഇന്ത്യ ക്രൂഡ് ഓയിലിനായി കൂടുതല്‍ ആശ്രിച്ചിരുന്നത്.
മെയിലെ കണക്കുകള്‍ പ്രകാരം ഇറാഖില്‍ നിന്ന് ഒരു ദിവസം 0.83 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്തത്. മൊത്തം എണ്ണ ഇറക്കുമതിയുടെ 18 ശതമാനം. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 12 ശതമാനമാണ് നിലവില്‍ സൗദി അറേബ്യയില്‍ നിന്നുള്ളത്, ദിവസം 0.56 ദശലക്ഷം ബാരല്‍. യുഎഇയില്‍ നിന്ന് ഒരു ദിവസം 0.203 ദശലക്ഷം ബാരല്‍. ഇത് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ നാല് ശതമാനം മാത്രമായി.
ഉക്രൈന് അധിനിവേശത്തെ തുടര്‍ന്ന് റഷ്യ ക്രൂഡ് ഓയില്‍ വില കുറച്ചതോടെയാണ് ഇന്ത്യ അവിടെ നിന്ന് വന്‍ തോതില്‍ എണ്ണ ഇറക്കുമതി ആരംഭിച്ചത്. കൂടാതെ 2023ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ഏറ്റവും വലിയ അഞ്ചാമത്തെ വ്യാപാര പങ്കാളിയായും റഷ്യ മാറി. 41.5 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് റഷ്യയില്‍ നിന്ന് ഇന്ത്യ നടത്തിയത്. 2020-21ല്‍ 5.4 ബില്യണ്‍ ഡോളറായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: