തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കാലവര്‍ഷം(ഇന്ത്യന്‍ മണ്‍സൂണ്‍) എത്തുമെന്നാണ് ഐഎംഡി അറിയിച്ചിരുന്നതെങ്കിലും വൈകുമെന്ന് സൂചന. വെള്ളിയാഴ്ച മിനിക്കോയി ദ്വീപിലെത്തിയ കാലവര്‍ഷം ഇന്നലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. അതേ സമയം ഐഎംഡി നിശ്ചയിച്ചിരിക്കുന്ന പ്രധാന മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ കാലവര്‍ഷം എത്തിയതായി പ്രഖ്യാപിക്കാനാകും. എന്നാലും തുടക്കത്തില്‍ ദുര്‍ബലമായിരിക്കും മഴക്കാലം.
നേരത്തെ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും അവ ഇന്നലെ പിന്‍വലിച്ചു. കാലവര്‍ഷക്കാറ്റ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്താന്‍ പ്രധാനമായും തടസ്സമാകുന്നത് അന്തരീക്ഷച്ചുഴികളാണ്. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മ്യാന്‍മര്‍ തീരത്തായി അന്തരീക്ഷച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
ഇതിനൊപ്പം നാളെ അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ മേഖലയില്‍ പുതിയ അന്തരീക്ഷച്ചുഴി രൂപമെടുക്കുന്നുണ്ട്. ഇതിന് 7ന് ന്യൂനമര്‍ദമായി മാറുകയും ചെയ്യും. ന്യൂനമര്‍ദം രൂപമെടുത്ത ശേഷം ഇതിന്റെ സഞ്ചാരപദമടക്കം വിലയിരുത്തിയാകും കേരളത്തില്‍ വരും ദിവസങ്ങളിലെ മഴ പ്രവചിക്കാനാകൂ.
ഇവ രണ്ടിന്റേയും സ്വാധീനം കാറ്റിന്റെ ഗതി മാറ്റുന്നതാണ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ വൈകാന്‍ കാരണം. അതേ സമയം എന്ന് കാലവര്‍ഷം കൃത്യമായി എത്തുമെന്നത് സംബന്ധിച്ച് ഐഎംഡി ഇന്നലെ പുറത്തുവിട്ട അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുമില്ല. പരമാവധി എട്ടിനകം കാലവര്‍ഷം എത്തുമെന്നാണ് പ്രവചനം.
ഈ തീയതി കടന്ന് പോകാനുള്ള സാധ്യതയും നിലവില്‍ വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. വരും ദിവസങ്ങളിലും കേരളത്തിലടക്കം ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കടലില്‍ 55 കി.മീ. വരെ വേഗത്തിലുള്ള ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഇന്ന് അര്‍ദ്ധരാത്രി വരെ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: