ബാലസോര്‍: ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ വെളളിയാഴ്ച രാത്രി മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 275 പേര് മരിച്ച സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ. സി ബി ഐ അന്വേഷണത്തിന് റയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ട്രെയിന്‍ അപകടത്തിന് പിന്നില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ് സംവിധാനത്തിലെ പിഴവാണെന്നാണ് പ്രാഥമിക നിഗമനമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. അപകടത്തിന് ഉത്തരവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.അപകടത്തെ കുറിച്ച് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അന്വേഷണം നടത്തുകയാണ്.
അപകടം നടന്ന സ്ഥലത്ത് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനുളള നീക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണ്. എത്രയും വേഗം ഗതാഗതം പുനസ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
അപകടസ്ഥലത്തും പരിക്കേറ്റവര്‍ ചികിത്സയിലുളള ആശുപത്രികളിലും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. ചികിത്സയിലുളളവര്‍ക്ക് സാധ്യമായ എല്ലാ സഹായവും എത്തിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: