ഭുവനേശ്വര്‍ : മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ട്രെയിന്‍ മുന്നോട്ട് പോയതെന്ന് കൊറമണ്ഡല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ്. ഒഡീഷ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് ഇയാള്‍. ഗ്രീന്‍ സിഗ്നല്‍ ലഭിച്ച ശേഷമാണ് ട്രെയിന്‍ മുന്പോട്ട് പോയതെന്നാണ് പരിക്കേറ്റ് ചികിത്സയിലുള്ള ലോക്കോ പൈലറ്റിന്റെ മൊഴി. ട്രെയിനിന്റെ വേഗത കൂട്ടിയിട്ടില്ല. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പലിച്ചാണ് മുന്നോട്ട് പോയതെന്നും റെയില്‍വേയെ ലോക്കോ പൈലറ്റ് അറിയിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ സിഗ്നല്‍ സംവിധാനവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ കണ്ടെത്തിയതായി റെയില്‍വേ ബോര്‍ഡ് ഓപ്പറേഷന് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് അംഗം ജയ വര്‍മ സിന്‍ഹ പ്രതികരിച്ചു. കോറമണ്ഡല്‍ എക്സ്പ്രപസ് മാത്രമാണ് അപകടത്തില്‍പ്പെട്ടത്. മണിക്കൂറില്‍ 128 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ട്രെയിനെന്നും അവര്‍ വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ചരക്കു തീവണ്ടി പാളം തെറ്റിയിട്ടില്ല. കോറമാണ്ഡല്‍ എക്സ്പ്രസ്സുമായി കൂട്ടിയിടിച്ചപ്പോള്‍ ചരക്കുതീവണ്ടിയില്‍ ഇരുമ്പയിര് ഉണ്ടായത് അപകടത്തെ കൂടുതല്‍ രൂക്ഷമാക്കി. മരണസംഖ്യ ഉയരാനുള്ള കാരണം ഇതാണ്. അപകടത്തില്‍ ഏറ്റവുമധികം പരിക്കേറ്റതും കോറമണ്ഡല്‍ എക്സ്പ്രസിലെ യാത്രക്കാര്‍ക്കായിരുന്നു. പാളം തെറ്റിയ കോറമണ്ഡല്‍ എക്സ്പ്രസിന്റെ ബോഗികള്‍ സമീപത്തെ ട്രാക്കിലൂടെ കടന്നുപോകുകയായിരുന്ന യശ്വന്ത്പൂര്‍ എക്സ്പ്രസിന്റെ അവസാന രണ്ട് ബോഗികളില്‍ ഇടിക്കുകയായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് കാരണം ഇലക്ട്രോണിക് ഇന്റര്‍ ലോക്കിങ് സംവിധാനത്തിലെ പിഴവാണെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിക്കുന്നത്. ട്രെയിനിന്റെ റൂട്ട് നിശ്ചയിക്കല്‍, പോയിന്റ് ഓപ്പറേഷന്, ട്രാക്ക് നീക്കം അടക്കം സിഗ്നലിങ്ങുമായി ബന്ധപ്പെട്ട നിര്‍ണ്ണായക സംവിധാനമാണ് ഇലക്ട്രോണിക് ഇന്റര്‍ ലോക്കിങ്. പോയിന്റ് ഓപ്പറേഷനില്‍ ഗുരതര വീഴ്ച സംഭവിച്ചുവെന്ന് സൈറ്റ് ഇന്സ്പെക്ഷന് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. സിഗ്നല്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗവും, സ്റ്റേഷന് മാസ്റ്ററുമാണ് പോയിന്റിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. റയില്‍വേ സേഫ്റ്റി കമ്മീഷണര്‍ ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: