നമ്മുടെ നാടിനു വേണ്ടി, അടുത്ത തലമുറകള്‍ക്കു വേണ്ടി ഒറ്റയാള്‍ പട്ടാളം പോലെ ഇന്നും പൊരുതിക്കൊണ്ടിരിയ്‌ക്കുന്ന പ്രിയാ വിശ്വനാഥ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച തന്റെ അനുഭവ കഥ.
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഗ്രാമത്തില്‍ സ്വന്തം പരിശ്രമം കൊണ്ട് മികച്ച നിലവാരമുള്ള ഒരു വിദ്യാലയം കെട്ടിപ്പടുത്ത് വിജയിപ്പിച്ച വനിതയാണ് പ്രിയാ വിശ്വനാഥ്. കേരളത്തിലെ പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ നടത്തിയ സ്കോളർ ഷിപ്പ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം നേടിയ സ്കൂളാണ് ഗായത്രി. അത്തരം ഒരു സ്കൂളിന്റെ നിലനില്‍പ്പിനു മുന്നില്‍ ഉയരുന്ന വെല്ലുവിളികളെ കുറിച്ചാണ് ഈ പോസ്റ്റുകള്‍ സംസാരിയ്‌ക്കുന്നത്.
അതിജീവനത്തിന്റെ പാതയിൽ – 2
April 1
രാവിലെ സ്കൂളിൽ വന്നിട്ട് മരിച്ച വീട് പോലെ തോന്നി… ക്ലാസ്സുകൾ പതിവു പോലെ നടക്കുന്നുണ്ട്… ടീച്ചർമാർ എല്ലാവരും ക്ലാസ്സിൽ ഉണ്ട്. കുട്ടികൾ പാഠങ്ങൾ പഠിക്കുന്നുണ്ട്. സ്കൂൾ വാൻ കുട്ടികളെ ഇറക്കി കഴിഞ്ഞു. ഡീസൽ അടിക്കുവാൻ പോകുന്നു. ആന്റി മുറ്റം വൃത്തിയാക്കുന്നു…
നവംബർ ഒൻപതിന് അയോധ്യവിധി വന്നതിന് ശേഷം സ്കൂൾ പൂർണ്ണമായി നിശബ്ദമായിരുന്നു. ഡിസംബർ മാസത്തെ അവധിക്കാലം അടുത്തു… കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്കൂളിൽ നിന്ന് മുഴുവൻ മുസ്ലിം കുട്ടികളും മാറ്റപ്പെട്ടു കഴിഞ്ഞു… നിറഞ്ഞ് നിന്ന ക്ലാസ്സ് മുറികളും പരിസരവും ഒഴിഞ്ഞു കിടക്കുന്നു…. വാനിൽ കലപില വച്ച് വന്നിരുന്ന കുട്ടികൾ മൂകരായി…
എന്തോ സംഭവിക്കാൻ പോകുന്നത് പോലെ… ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങൾ ആയി… ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല… മറ്റുള്ളവരുടെ മുന്നിൽ ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഭാവിക്കുമ്പോഴും ഉള്ളിൽ തകർന്നടിയുന്നത് സ്വയം മനസ്സിലാവുന്നു…
കഴിഞ്ഞ കുറെ വർഷങ്ങളായി ദിവസവും മാസവും വർഷവും കടന്ന് പോകുന്നത് അറിഞ്ഞിട്ടില്ല… വീട്ട് ജോലിയും സ്കൂളും ജീവിതത്തിന്റെ ഭാഗം തന്നെ ആയി…
ഒരുവിധം തിരിച്ചറിവ് ആയ കാലത്ത് ഉള്ളിൽ വന്ന ആഗ്രഹം ആണ് കുട്ടികളും ആയി കളിച്ചു ചിരിച്ചു പഠിപ്പിക്കുക എന്നത്… ആ സ്വപ്നം യാഥാർത്ഥ്യം ആയപ്പോൾ അതിൽ സ്വയം മറന്ന് മുഴുകിയിരുന്നു… അധ്യാപികയായും ഹെൽപ്പർ ആയും പ്രിൻസിപ്പൽ ആയും പല വേഷങ്ങൾ… എല്ലാം ആസ്വദിച്ചു തന്നെയാണ് ചെയ്തത്… ആര് ലീവ് എടുത്താലും പകരം ചെയ്യുന്നത് ഹരമായിരുന്നു. പക്ഷേ ഇപ്പോൾ…..
രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി മോദിജി രാജ്യത്തിലെ എല്ലാവർക്കും വേണ്ടി ഒരു ആഹ്വാനം ചെയ്തിരുന്നു… വർഷങ്ങൾ ആയി നീണ്ടുനിന്ന രാമജന്മഭൂമി വിഷയത്തിൽ സുപ്രീം കോടതി വിധി പറയുകയാണ്… വിധി എന്ത് തന്നെ ആയാലും അത് ആഘോഷിക്കുക പാടില്ല… മറ്റ് സമൂഹത്തെ വേദനിപ്പിക്കുന്ന ഒരു പ്രവർത്തനവും ഉണ്ടാവാൻ പാടില്ല എന്നൊക്കെ… അതൊന്നും എന്നെ ബാധിക്കുന്ന വിഷയമായി പോലും അപ്പോൾ തോന്നിയിരുന്നില്ല…
പക്ഷേ… ഒരുമിച്ച് നിന്നിരുന്ന ഭാരതീയ സമൂഹം രണ്ടായി വേർപെടുകയും പിന്നീട് അത് ഒരിക്കലും ഒരുമിച്ച് ചേരാൻ പറ്റാത്ത രീതിയിൽ അകന്ന് പോകുന്നതും നോക്കി നിസ്സഹായയായി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ…ഇന്നലെ വരെ കൊഞ്ചിച്ച് കളിപ്പിച്ചു ഒന്നിച്ചിരുന്ന് പഠിപ്പിച്ചിരുന്ന കുഞ്ഞുങ്ങൾ വിട്ട് പിരിഞ്ഞത് സഹിക്കാൻ വയ്യാത്ത കാഴ്ച ആയിരുന്നു.
BTech പൂർത്തിയാക്കി ട്രെയിനിയായി ജോലി ചെയ്യുന്ന മോനും പ്ലസ് ടൂ വിന് പഠിക്കുന്ന മോളും പ്രായമായ അമ്മയും ഭർത്താവും അടങ്ങുന്ന കുടുംബത്തെ എങ്ങിനെ മുന്നോട്ട് കൊണ്ട് പോകും…
പുതിയ സ്കൂൾ ബിൽഡിംഗ് നിർമ്മിക്കാൻ എടുത്ത വലിയ ലോൺ തുക എങ്ങിനെ അടയ്‌ക്കും… അമ്പലപ്പുഴയിൽ പ്രവർത്തിക്കുന്ന play school ന്റെ വാടക… ചേർത്തല ജൂനിയർ സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ… വാഹനങ്ങളുടെ മാസ തവണകൾ…. അധ്യാപകരുടെ… മറ്റ് ജോലിക്കാരുടെ ശമ്പളം… വീട്ട് ചിലവുകൾ… പണയം വെച്ച ആഭരണങ്ങൾ… എല്ലാം മുന്നിൽ വെല്ലുവിളിയായി നിരന്നു നിന്നു…
എല്ലാ ഹിന്ദു വനിതകളെയും പോലെ വൈകിട്ട് വിളക്ക് കൊളുത്തലും ആഴ്‌ചയിൽ ഒരിക്കൽ മാത്രം ഉള്ള ക്ഷേത്രദർശനവും വിശ്വാസത്തിന്റെ ഭാഗമായി പിന്തുടർന്ന ഞാൻ അറിയാതെ തീവ്ര ഹിന്ദുത്വത്തിലെയ്‌ക്ക് വലിച്ചെറിയപ്പെട്ടു…
ലോകത്ത് എവിടെയും നടക്കുന്ന, ഹിന്ദു സമൂഹത്തിന് എതിരായി ചെയ്യുന്ന പ്രവർത്തനങ്ങൾ എന്നെ വല്ലാതെ രോഷം കൊള്ളിച്ചു…
നീതിയും ന്യായവും നിയമവും ഒരു സമൂഹത്തിന് മാത്രം എതിരായി പ്രവർത്തിക്കുന്നതായി എനിക്ക് കാണപ്പെട്ടു… ഭൂരിപക്ഷം എന്ന പേരിൽ ഹിന്ദുക്കൾ എല്ലാ കാര്യത്തിലും പിന്തള്ളപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നത് എനിക്ക് അസഹ്യമായി തോന്നി…
ഇന്ന് എനിക്ക് എതിരായി ഹിന്ദു എന്ന പേരിൽ ഉയർന്ന വാക്കുകളും ബഹിഷ്കരണവും നാളെ മുഴുവൻ ഹിന്ദു സമൂഹത്തിനും കേൾക്കേണ്ടതും അനുഭവിക്കേണ്ടതായും വരും എന്ന് എനിക്ക് തിരിച്ചറിവ് ഉണ്ടായി….
പക്ഷേ അതിനെ പ്രതിരോധിക്കാൻ എന്ത് ചെയ്യണം എന്ന് എനിക്ക് മനസ്സിലായില്ല…. ഈശ്വരൻ അല്ലാതെ ആരും തന്നെ തുണയ്‌ക്കുവാൻ ഇല്ല എന്ന് ഉറച്ച ബോധ്യം ഉള്ളിൽ ഉണ്ടാവുകയും രാത്രിയും പകലും നാമജപത്തിൽ മുഴുകയും ചെയ്ത് ഈ മോശം കാലഘട്ടം കടന്നു പോവാൻ ഞാൻ പ്രയത്നിച്ചു…
ഇടയ്‌ക്കിടെ സ്വയം തകർന്ന് ഉറക്കെ കരയുകയും അത് കുട്ടികളും കുടുംബവും അറിയാതിരിക്കാൻ ശ്രമിക്കുകയും ചെയ്തു…
രാവിലെ നാലു മണിക്ക് എഴുന്നേറ്റ് കുളിച്ച് നാമം ജപിക്കുകയും ആറു മണിക്ക് മുൻപ് ഒരു ദിവസത്തേക്ക് വേണ്ടത് എല്ലാം ഒരുക്കി വെയ്‌ക്കുകയും… വെളിച്ചം തെളിയുമ്പോൾ നീണ്ട വടിയുടെ അറ്റത്ത് പിടിപ്പിച്ച പ്ലാസ്റ്റിക് ചൂലുമായി പുരയിടം മുഴുവൻ തൂത്ത് വൃത്തിയാക്കുകയും ചെയ്ത് ചിന്തകളെ നിയന്ത്രിക്കുവാൻ ഞാൻ ശ്രമിച്ചു…
ഉറക്കക്കുറവും അമിതമായ അധ്വാനവും ശരിയായ വിധത്തിൽ ആഹാരം കഴിക്കാത്തതും എന്റെ ആരോഗ്യത്തെ തകർക്കുകയും അത് എന്നെ ആറു മാസത്തോളം നീണ്ട വിശ്രമത്തിലേയ്‌ക്ക് നയിക്കുകയും ചെയ്തു.
അതിജീവനത്തിന്റെ പാതയിൽ – 3
April 2
രാവിലെ ഓഫീസിന് മുൻപിൽ അഫ്സലിന്റെയും അനസിന്റെയും രക്ഷകർത്താക്കൾ നിന്നിരുന്നു… ഞാൻ ഓഫീസിൽ ഇരുന്നിട്ട് അവരെ അകത്തോട്ടു വിളിച്ചു… അഫ്സലിന്റെ അമ്മ കരഞ്ഞ് വിങ്ങിയ മുഖവുമായി തല കുനിച്ച് ഇരുന്നു… എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന അവർ നിശബ്ദരായിരുന്നു…
അവർ ആദ്യമായി സ്കൂളിൽ വന്നത് രണ്ടാമത്തെ കുട്ടിയുടെ അഡ്മിഷന് വേണ്ടിയായിരുന്നു. സംസാരത്തിന് ഇടയിൽ മൂത്ത കുട്ടിയെ ഇത് വരെ സ്കൂളിൽ ചേർത്തില്ല എന്ന് പറഞ്ഞു… എന്ത് കൊണ്ട് ആണ് എന്ന ചോദ്യത്തിന് സംസാര പ്രശ്നങ്ങളും ആശയ വിനിമയം ചെയ്യാൻ ഉള്ള കഴിവും കുറവാണ്. അതാണ് വിഷയം… ഫീസിലും അഡ്മിഷനും വളരെ അധികം ഇളവുകൾ നൽകി ആ കുട്ടികളെ അഡ്മിഷൻ എടുക്കുകയാണ് ചെയ്തത്.
മാസം തോറും കുട്ടികളുടെ പഠനവും മറ്റും വിലയിരുത്താൻ അവർ വന്നിരുന്നു. .കുട്ടികളുടെ മാറ്റത്തിൽ വളരെ സന്തോഷിക്കുകയും ചെയ്തിരുന്നു. കുറച്ചു മാസങ്ങൾ കൊണ്ട് തന്നെ മോൻ സാധാരണ പോലെ സംസാരിക്കുകയും സ്വല്പം പുറകിൽ ആണെങ്കിലും അക്ഷരങ്ങളും പാഠങ്ങളും പഠിച്ചു തുടങ്ങുകയും ചെയ്തിരുന്നു. മോൻ ഒരു ഇംഗ്ലീഷ് കവിത പൂർണ്ണമായി ചൊല്ലിയ ദിവസം അവർ എന്റെ രണ്ട് കൈകളും കൂട്ടി പിടിച്ചു കരഞ്ഞു…. “ഇവിടെ കൊണ്ടുവന്നില്ലായിരുന്നു എങ്കിൽ എന്റെ മോൻ ഒന്നും അറിയാത്തവൻ ആയി വളര്ന്നു പോയേനെ…” എന്ന് പറഞ്ഞു.
അവരാണ് മുന്നിൽ കരഞ്ഞ് വിങ്ങിയ മുഖവും ആയി നിൽക്കുന്നത്.
കുറച്ചു നേരം നിശബ്ദനായി ഇരുന്ന് ആഫ്സലിന്റെ പപ്പ സംസാരിച്ചു തുടങ്ങി.
“മാം എന്റെ രണ്ട് കുഞ്ഞുങ്ങളുടെയും ടി സി വേണം… ഞങ്ങള് കുഞ്ഞുങ്ങളെ ഇവിടെ നിന്ന് മാറ്റുകയാണ്… എന്ത് തന്നെ ബുദ്ധിമുട്ട് വന്നാലും കുഞ്ഞുങ്ങൾ ഇവിടെ പഠിക്കണം എന്ന് തന്നെയായിരുന്നു ഞങ്ങളുടെ ആഗ്രഹം… ഇപ്പൊ വീട്ടിലും പ്രശ്മായി… മരിച്ചു കഴിഞ്ഞാൽ എന്റെ മാതാപിതാക്കളുടെ ശരീരം സംസ്കരിക്കാൻ അനുവദിക്കില്ല എന്നാണ് അവർ പറയുന്നത്… അത് കേട്ട് വയസ്സായ അവർ ഭീതിയിൽ ആണ്…കുട്ടികൾ പഠിക്കാൻ ഉളളവർ ആണെങ്കിൽ എവിടെ ആയിരുന്നാലും പഠിക്കും… എന്നാണ് അവർ പറയുന്നത്… ഇനി ഞങ്ങള്ക്ക് പിടിച്ചു നിൽക്കാൻ സാധിക്കില്ല… മതത്തിൽ നിന്ന് പുറത്താക്കിയാൽ മരിച്ചു പോയാൽ പോലും സമാധാനം കിട്ടില്ല… എന്റെ മാതാപിതാക്കൾക്ക് അവരുടെ വിശ്വാസം അനുസരിച്ച് കർമ്മം ചെയ്തു കൊടുക്കാൻ സാധിക്കാതെ വന്നാൽ എന്ത് ചെയ്യും…”
ഈ ചോദ്യങ്ങൾക്ക് ഒന്നും എനിക്ക് ഉത്തരം ഇല്ലായിരുന്നു….
മതത്തിന്റെ പേരിൽ വെട്ടി മുറിക്കപ്പെട്ട രാജ്യത്തിന് ഉള്ളിൽ മനസ്സ് കൊണ്ട് വെട്ടി മുറിക്കപ്പെട്ടവൾ ആയി ഞാൻ ഇരുന്നു…വല്ലാത്ത നിസ്സഹായത തോന്നി…. എന്താണ് എനിക്ക് ചുറ്റും നടക്കുന്നത്… ആരോ ഒരാള് എനിക്ക് എതിരായി കളത്തിൽ കരുക്കൾ നീക്കുന്നു… ഓരോരുത്തരെയും വെട്ടി മാറ്റി മാറ്റി… ഒടുവിൽ ഞാനും… തടവിൽ….
എനിക്ക് ഉറക്കെ കരയണം എന്ന് തോന്നി… പടി ഇറങ്ങി പോകുന്ന കുഞ്ഞുങ്ങളുടെ കാഴ്ച എന്റെ ഹൃദയത്തെ ചുട്ടു പൊള്ളിച്ചു….
കുളിമുറിയിൽ ചെന്ന് വെള്ളം തുറന്ന് വിട്ട് ഉറക്കെ കരഞ്ഞു…. തളരുന്നത് വരെ….
എന്ത് തന്നെ സംഭവിച്ചാലും മറ്റുള്ളവരുടെ മുന്നിൽ നമ്മൾ തകരാൻ പാടില്ല. യുദ്ധത്തിൽ നമ്മളെ ശത്രു തോൽപ്പിക്കുന്നത് നമ്മുടെ ഏറ്റവും ദുർബലമായ ഭാഗം ആക്രമിച്ചു കീഴടക്കിയാണ്.
അത് തന്നെ ആണ് അവർ ഇവിടെയും ചെയ്തത്… എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ ഓരോരുത്തരെ ആയി ഇവിടെ നിന്ന് മാറ്റി…ഹൃദയം തകർക്കപ്പെട്ടിട്ടും ഒരിക്കൽ പോലും മറ്റുള്ളവരുടെ മുന്നിൽ കരയുകയോ അവർ എടുത്ത തീരുമാനം പുനർ വിചിന്തനം ചെയ്യണം എന്ന് ഞാൻ അപേക്ഷിക്കുകയോ ചെയ്തില്ല…യോദ്ധാക്കൾ അങ്ങിനെ ആണ് അവസാന നിമിഷം അവർ പൊരുതിക്കൊണ്ട് ഇരിക്കും… ഒന്നുകിൽ മരിച്ചു വീഴുന്നത് വരെ. അല്ലെങ്കിൽ വിജയിക്കുന്നത് വരെ…..
ഞാൻ രണ്ടാമത്തെ മാർഗ്ഗം തിരഞ്ഞെടുത്തു
അതിജീവനത്തിന്റെ പാതയിൽ – 4
April 3
ഡിസംബർ മാസത്തെ അവധിക്കാലം അടുത്തു… വർഷങ്ങളായി വിദേശത്ത് താമസിക്കുന്ന അനിയനും കുടുംബവും നാട്ടിൽ വരികയാണ്…. പൂനയിൽ ഉള്ള അനിയനും ചെന്നെയിൽ വിവാഹം കഴിഞ്ഞ് താമസിക്കുന്ന അനിയത്തിയും ഉൾപ്പടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും ക്രിസ്തുമസ് അവധിക്ക് മാള വീട്ടിൽ ഒത്തുകൂടാൻ തീരുമാനം ആയി….
ഇടയ്‌ക്കിടെ ഉള്ള ശ്വാസം മുട്ടലും പടികൾ കയറുമ്പോഴും നടക്കുമ്പോഴും ഉള്ള കിതപ്പും ദൂര യാത്രയിൽ ഉണ്ടാവുന്ന വണ്ടി ചൊരുക്കും മനസ്സിന്റെ ആകുലതകളും വീട്ടിൽ പോകുന്ന ചിന്ത തന്നെ മടുപ്പുളവാക്കി… കുനിഞ്ഞു എന്തെങ്കിലും എടുക്കുമ്പോൾ ഉണ്ടാവുന്ന നെഞ്ച് വേദന കഠിനമാണെങ്കിലും അത് ആരും അറിയാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു.
ചുറ്റും താമസിക്കുന്ന കുടുംബങ്ങൾ പരസ്പരം കണ്ടാൽ തിരിച്ചറിയില്ല എന്ന് ഭാവിക്കുകയും സ്കൂളിൽ പഠിച്ചിരുന്ന കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും പുറത്ത് വച്ച് കണ്ടാൽ ഒഴിവാക്കുകയും ചെയ്യുന്നത് സഹിക്കാൻ പറയുന്നതിലും അധികമായ കാര്യങ്ങള് ആയിരുന്നു. അതു കൊണ്ട് തന്നെ കഴിയുന്നതും പുറം യാത്രകൾ… പൊതു സ്ഥലങ്ങൾ… വിവാഹം പോലുള്ള ചടങ്ങുകൾ എല്ലാം ഒഴിവാക്കി.
ഒരു കോടതിവിധി തലമുറകളായി സഹകരിച്ച് ജീവിച്ച കുടുംബങ്ങൾ തമ്മിൽ പരസ്പരം ശത്രുക്കൾ ആകുന്ന വിധം മാറ്റപ്പെട്ടത് അവിശ്വസനീയമായി തോന്നി… ക്രിസ്തുമസ് അവധി ആരംഭിച്ചപ്പോൾ ആശ്വാസം ആണ് തോന്നിയത്… ഇനി കുറച്ച് ദിവസം വീട്ടിൽ വിശ്രമിക്കാമല്ലോ… പക്ഷേ കാര്യങ്ങള് കൂടുതൽ വഷളാകുകയായിരുന്നു…. രാവിലെ എഴുന്നേറ്റ് നിൽക്കാൻ ആവാത്ത രീതിയിൽ ക്ഷീണം എന്നെ കീഴടക്കി.
ഭക്ഷണം ഇറക്കാനോ മറ്റ് ജോലികൾ ചെയ്യാനോ ആവാത്ത വിധം വേദന അനുഭവപ്പെട്ടു… രണ്ട് പ്രാവശ്യം ഹോസ്പിറ്റലിൽ ചെന്നെങ്കിലും അവർക്ക് എന്താണ് വിഷയം എന്ന് മനസ്സിലായില്ല… രക്ത കുറവിന് iron ഗുളികകൾ കഴിക്കാനും വിശ്രമിക്കാനും അവർ നിർദ്ദേശിച്ചു…
ചുറ്റും നടക്കുന്നത് ഒന്നും എന്നെ ബാധിക്കുന്ന വിഷയമല്ലെന്നും മോന് ജോലി ആയത് കൊണ്ട് കുടുംബം അവൻ നോക്കും… മോളുടെ കാര്യവും ഭർത്താവിന്റെ കാര്യവും അവൻ ഭംഗിയായി കൈകാര്യം ചെയ്യും, എന്നെക്കൊണ്ട് ഇനി ഒരു ആവശ്യവും ആർക്കും ഇല്ല എന്നൊരു തോന്നലും മനസ്സിനെ നിർവികാരമായ അവസ്ഥയിൽ എത്തിച്ചു…
നാമജപം ഉറക്കം എന്നിവമാത്രമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു എങ്കിലും ഈ അവസ്ഥയിലും വീട്ടിലെ ജോലികൾ ചെയ്യാൻ നിർബന്ധിതയായി…
ഒട്ടും സഹിക്കാൻ വയ്യാതെ വന്നപ്പോൾ എന്നെ വീട്ടിൽ കൊണ്ടുപോയി ആക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു… മനസ്സില്ലാ മനസ്സോടെ അദ്ദേഹം എന്നെ വീട്ടിൽ കൊണ്ടുപോയി ആക്കി.
അമ്മയുടെ ഒപ്പം ഉള്ള താമസവും കൃത്യസമയത്ത് ഉള്ള ഭക്ഷണവും എനിക്ക് കുറച്ച് ആശ്വാസം നൽകി. എങ്കിലും നടക്കുമ്പോൾ വരുന്ന നെഞ്ച് വേദനയ്‌ക്ക് ഒരു കുറവും വന്നില്ലെന്ന് മാത്രമല്ല ഒരു പത്ത് ഇരുപത് സ്റ്റെപ് വെയ്‌ക്കുമ്പോൾ തന്നെ വേദന അനുഭവപ്പെട്ടു തുടങ്ങി…. വീണ്ടും അത് എന്നെ മുറിയിൽ തന്നെ ഒതുക്കാൻ കാരണമായി…
മുന്നോട്ട് ഉള്ള ജീവിതത്തിന് ഒരു ലക്ഷ്യവും ഇല്ലാത്തത് പോലെ മനസ്സ് പൂർണ്ണമായും കൈവിട്ട് പോവുകയായിരുന്നു… ശരീരം അതിന് കൂട്ട് നിന്നു…
എന്നിട്ടും മരണത്തെ അതിജീവിച്ച് ഞാൻ തിരിച്ചു വന്നു… ഇനി ഒരിക്കൽക്കൂടി പരിശ്രമിക്കുവാൻ തയ്യാറായി തന്നെ. ഞാൻ തോറ്റു പോയാൽ എന്നെ പോലെ അനുഭവിക്കുന്ന ഒരുപാട് പേര് മനസ്സ് നഷ്ടപ്പെടുത്തും… എനിക്ക് വിജയിക്കുക തന്നെ വേണം…
വിജയം അല്ലാതെ വേറെ ഒന്നും എന്റെ മുന്നിൽ ഇല്ല…
അതിജീവനത്തിന്റെ പാതയിൽ – 5
April 4
ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി രണ്ട് ദിവസം കഴിഞ്ഞു… മോൻ ജോലിസ്ഥലത്ത് ആയത് കൊണ്ട് മോളും അദ്ദേഹവും കൂടെ ഉണ്ട്. ടെസ്റ്റുകൾ പലത് നടത്തി എങ്കിലും എന്താണ് പ്രശ്നം എന്ന് അവർക്ക് കണ്ടുപിടിക്കാൻ ആയില്ല… രണ്ട് പ്രാവശ്യം അതി ശക്തമായ വേദന വന്ന് ബോധം നഷ്ടപ്പെട്ട അവസ്ഥയിൽ എത്തുകയും തളർന്ന് വീഴുകയും ചെയ്തതു കൊണ്ട് തൊട്ട് അടുത്തുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണ് അഡ്മിറ്റ് ആക്കിയത്… പ്രത്യേകിച്ച് മരുന്നുകൾ ഒന്നും അവർക്ക് നിർദ്ദേശിക്കാൻ ആയില്ല… ബിപി യും ഷുഗറും എല്ലാം നോർമൽ ആയിരുന്നു…
ഭക്ഷണം കഴിക്കാൻ ഒട്ടും രുചിയോ മണമോ തോന്നുന്നില്ലായിരുന്നു… അതുകൊണ്ടു തന്നെ അത് കഴിക്കുന്ന കാര്യം സങ്കടകരം ആയിരുന്നു. ശരീരത്തിലെ ഹീമോഗ്ലോബിൻ ലെവൽ അപകടകരമായി കുറഞ്ഞപ്പോൾ അവർ എനിക്ക് ബ്ലഡ് കുത്തിവച്ചു തുടങ്ങി… പക്ഷേ ശരീരം സ്വീകരിക്കാൻ വിസമ്മതിച്ചു.
ഒടുവിൽ മറ്റ് വഴികൾ ഒന്നും ഇല്ലാതെ അവസാന ശ്രമം എന്ന നിലയിൽ MRI scan ചെയ്യാൻ തീരുമാനം ആയി.
സ്കാനിങ് റിപ്പോർട്ട് കിട്ടിയശേഷം ഡോക്ടർ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് വിളിക്കുന്നു എന്ന് നഴ്സ് വന്ന് പറഞ്ഞു… എന്നെ കൊണ്ട് പോകാൻ വീൽ ചെയറുമായി ഒരു സഹായിയും ഉണ്ടായിരുന്നു… അത് കണ്ടപ്പോൾ തന്നെ എന്തോ ഒരു വിഷമം തോന്നി… എങ്കിലും ഒന്നും മിണ്ടാതെ അതിൽ കയറിയിരുന്നു… ലിഫ്റ്റ് വഴി അയാള് എന്നെ ഡോക്ടറുടെ മുറിയിൽ എത്തിച്ചു…
പക്ഷേ അവിടെ എന്റെ സാന്നിധ്യം പോലും മറന്ന് ആശുപത്രിയിലെ പ്രധാന ഡോക്ടര്‍മാർ എല്ലാം തർക്കത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നു… എന്നെ ചികിത്സിച്ചു കൊണ്ടിരുന്ന ഡോക്ടർ ഇനി എന്റെ ചികിത്സ അദ്ദേഹത്തിന് മുന്നോട്ട് കൊണ്ടു പോകാൻ കഴിയില്ല എന്ന് പറഞ്ഞു ദേഷ്യപ്പെട്ട് പുറത്ത് പോയി… മറ്റ് മൂന്ന് പേര് തമ്മിൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും എന്ന് കാര്യത്തിൽ ഊന്നി വാഗ്വാദങ്ങൾ തുടർന്നു… സത്യത്തിൽ എന്റെ അവസ്ഥ ഒരു പ്രതീക്ഷയും ഇല്ലാത്തത് ആണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു… ശാന്തമായി അവരുടെ തീരുമാനം കാത്ത് ഞാൻ അവിടെ ഇരുന്നു.
മരണഭയത്തെ അതിജീവിച്ചവർ മഹാദേവനെ അറിയുന്നു….
അവന്റെ മുൻപിൽ കൈകൂപ്പുന്നു… അഭയത്തിനായി യാചിക്കുന്നു…അവൻ തന്നെ രക്ഷ… അവൻ തന്നെ അഭയം….
അവൻ തന്നെ ആനന്ദം… അവൻ തന്നെ ശിക്ഷയും… മൃത്യുവും…..
ശംഭോ മഹാദേവ
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: