കുടിവെള്ളം വറ്റുന്നു. പാടങ്ങള്‍ ഉണങ്ങി വരളുന്നു. കാലികള്‍ തീറ്റയില്ലാതെ വലയുന്നു. കത്തുന്ന സൂര്യനു കീഴില്‍ വഴിയോരത്തെ കുഴല്‍കിണറിന്റെ ഹാന്‍ഡിലില്‍ വിയര്‍പ്പൊഴുക്കുകയാണ് വീട്ടമ്മമാര്‍. ഇത്തരമൊരവസ്ഥ നമ്മുടെ നാട്ടിലാണുണ്ടാകുന്നതെങ്കില്‍ നാം എന്തുചെയ്യും? പത്രത്തില്‍ വാര്‍ത്ത കൊടുക്കും. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പരത്തും മന്ത്രിയെ പഴിക്കും. ഇതൊന്നും കൊണ്ട് കാര്യം നടന്നില്ലെങ്കില്‍ കിട്ടിയ കാശിന് പറമ്പ് വിറ്റ് പമ്പകടക്കാന്‍ നോക്കും!
പക്ഷേ സര്‍ജുബായി മീണ എന്ന വീട്ടമ്മ ചെയ്തത് അതൊന്നുമല്ല. വല്ലാത്ത വരള്‍ച്ച വന്നപ്പോള്‍ കൂട്ടുകാരുമൊത്ത് അവര്‍ അതിന്റെ കാരണം തേടി. അത് കണ്ടെത്തി. ഗ്രാമത്തില്‍ നിരനിരയായി കുഴിച്ചുവച്ച കുഴല്‍ക്കിണറുകളാണ് വരള്‍ച്ചയുടെ കാരണം. അവ കുടിവെള്ളം വലിച്ചുകുടിക്കുന്നു. ആ വെള്ളത്തെ കുത്തകക്കാരന്റെ കൃഷിയിടത്തിലേക്കും മാഫിയക്കാരന്റെ ഖനികളിലേക്കും ഒഴുക്കുന്നു. ഗ്രാമീണര്‍ വെള്ളത്തിനായി വലയുന്നു.
അങ്ങനെയൊരിക്കല്‍ ചൂടുകാറ്റില്‍ മണല്‍പരത്തി ഒരു ബോര്‍വെല്‍ യന്ത്രം അമര്‍ത്യ ഗ്രാമത്തിന്റെ അതിര്‍ത്തിയിലേക്ക് പാഞ്ഞുവന്നു. വരണ്ടുണങ്ങിയ മണ്ണില്‍ അടുത്ത കുഴല്‍ കിണര്‍ കുത്താന്‍. പെട്ടെന്നാണ് ഒരു സംഘം വീട്ടമ്മമാര്‍ റോഡിനു നടുവിലേക്ക് ചാടി വീണത്. അവരുടെ നേതാവ് സര്‍ജുബായ് മീണ. അവര്‍ വാഹനം തടഞ്ഞു. ചീത്ത വിളിയും ഭീഷണിയും വകവച്ചില്ല. ഒടുവില്‍ സന്ധ്യമയങ്ങിയപ്പോള്‍ കുഴല്‍ക്കിണര്‍ യന്ത്രവും പ്രവര്‍ത്തിക്കാരും നിരാശയോടെ നഗരത്തിലേക്ക് മടങ്ങി.
രാജസ്ഥാനിലെ ബില്‍വാര ജില്ലയിലെ മണ്ഡല്‍ഗഢ് ബ്ലോക്കിലെ അമര്‍ത്യ ഗ്രാമത്തില്‍ പിന്നീടൊരിക്കലും കുഴല്‍ക്കിണര്‍ വണ്ടി വന്നിട്ടില്ല. ബോര്‍ കിണറുകള്‍ കുത്തിയിട്ടില്ല. നന്ദി പറയേണ്ടത് സര്‍ജുബായ് എന്ന വീട്ടമ്മയോട്!
പക്ഷേ കുഴല്‍ കിണര്‍ വണ്ടി തടഞ്ഞശേഷം വെറുതെ ഇരിക്കുകയായിരുന്നില്ല, അവര്‍.
ഒരിക്കല്‍ ജലസമൃദ്ധമായിരുന്നു അമര്‍ത്യ ഗ്രാമം. ഗോതമ്പും ചോളവും കൃഷി ചെയ്തും കാലി വളര്‍ത്തിയും കാലംകഴിച്ച ഗ്രാമീണരായിരുന്നു അവിടത്തെ താമസക്കാര്‍. പക്ഷേ ജലക്ഷാമമുണ്ടായത് പെട്ടെന്നായിരുന്നു. നിറഞ്ഞ കിണറുകള്‍ കാണക്കാണെ വറ്റിവരണ്ടു. പാടങ്ങള്‍ ഉണങ്ങി. തീറ്റയില്ലാതെ കാലികള്‍ വലഞ്ഞു. ഇതിന്റെ കാരണമായിരുന്നു സര്‍ജുവിന് അറിയേണ്ടിയിരുന്നത്. അതിന് പഠനപരിപാടികളില്‍ പങ്കെടുത്തു. കൂട്ടുകാരെ കൂട്ടി ജല വികസന സമിതി ഉണ്ടാക്കി. ഒടുവില്‍ അവര്‍ സത്യം കണ്ടെത്തി. നാട്ടിലെ ജലസമൃദ്ധിയുടെ കടക്കല്‍ കത്തിവച്ചത് നിരനിരയായി കുത്തിയിറക്കിയ കുഴല്‍ക്കിണറുകള്‍.
കുഴല്‍ കിണറുകള്‍ വെള്ളമൂറ്റുന്നതിനൊപ്പം ഭൂഗര്‍ഭ ജലവിതാനത്തിന്റെ അളവില്‍ ഗണ്യമായ കുറവ് വരുത്തുമെന്നും അവര്‍ നാട്ടുകാരെ മനസ്സിലാക്കിച്ചു. നാട്ടിലുണ്ടാക്കിയ ജലവികാസ് സമിതിയുടെ സഹായത്തോടെ മലയോരങ്ങളിലെ മണ്ണൊലിപ്പ് തടയാന്‍ മുന്നിട്ടിറങ്ങി. തടയണ കെട്ടി ഒഴുക്കുവെള്ളത്തെ പിടിച്ചുനി
ര്‍ത്തി. അങ്ങനെ ഗ്രൗണ്ട് വാട്ടര്‍ റീചാര്‍ജ് ചെയ്തു. അപൂര്‍വമായെത്തുന്ന മഴയില്‍ കാലിപ്പുല്ലുകളുടെ വിത്തുകള്‍ മലമുകളില്‍ വാരി വിതറി. കാലാവസ്ഥയ്‌ക്കു ചേര്‍ന്ന മരങ്ങള്‍ ഗ്രാമത്തിലെങ്ങും നട്ടുപിടിപ്പിച്ചു. കുഴല്‍ക്കിണര്‍ കുത്തുന്നതിന് സ്വയം പ്രഖ്യാപിത നിരോധനം ഏര്‍പ്പെടുത്തി. മൂന്നേ മൂന്ന് വര്‍ഷം. അതിനോടകം അത്ഭുതങ്ങള്‍ സംഭവിച്ചു തുടങ്ങി. കിണറുകളില്‍ വെള്ളം വന്നു. വേനലിലും കിണറുകള്‍ വറ്റാന്‍ മടിച്ചു. തടയണകളില്‍ നനവ് വറ്റാതെ നിന്നു. മലയോരത്തെ പുല്ലുകള്‍ കാലികള്‍ക്ക് അമൃത് പകര്‍ന്നു. അമര്‍ത്യയില്‍ ഹരിതദേവതയുടെ നടനം തുടങ്ങിക്കഴിഞ്ഞിരുന്നു.
ഭൂജലം ഉയര്‍ന്ന് ഭൂനിരപ്പിന് കേവലം ആറ് മീറ്റര്‍ താഴെയെത്തി. അതേസമയം അയല്‍ഗ്രാമങ്ങളിലെ ഭൂഗര്‍ഭ ജല വിതാനം ഭൂനിരപ്പില്‍നിന്ന് 60 മീറ്റര്‍ താഴെയായിരുന്നു. ക്രമേണ തടയണകള്‍ നിറഞ്ഞു. ഗോതമ്പ് വിളവിറക്കി. കര്‍ഷകര്‍ പച്ചക്കറി കൃഷിയും പുഷ്പകൃഷിയും തുടങ്ങി. ചിലര്‍ കോഴിവളര്‍ത്തലിലേക്ക് തിരിഞ്ഞു. കിണറുകളില്‍ വെള്ളവും വലകളില്‍ മീനും സുലഭമായതോടെ ഗ്രാമീണരുടെ ജീവിതം മെച്ചപ്പെട്ടു. ഗ്രാമത്തിലെ വനസമ്പത്ത് സംരക്ഷിക്കണമെന്നും കാലിമേച്ചിലിനായി നിശ്ചിത സ്ഥലം മാറ്റിവയ്‌ക്കണമെന്നുമുള്ള സര്‍ജുബായിയുടെ നിര്‍ദേശം ഗ്രാമീണര്‍ അംഗീകരിച്ചു.
പദ്ധതികള്‍ക്ക് സഹായവുമായി സന്നദ്ധ സംഘടനകളും ഗ്രാമത്തിലെത്തി. അതോടെ ഗ്രാമീണ വികസനസംരംഭങ്ങള്‍ക്ക് വേഗത വര്‍ധിച്ചു. വീടുകളില്‍ ഒതുങ്ങിക്കൂടി നിന്ന സ്ത്രീകള്‍ ഗ്രാമീണ കൗണ്‍സിലുകളിലെ സ്ഥിരം സാന്നിധ്യമായി. ഗ്രാമത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ തക്കവണ്ണം അവര്‍ ശാക്തീകരിക്കപ്പെട്ടു. അമര്‍ത്യയിലെ ജലവിജയത്തെത്തുടര്‍ന്ന് അയല്‍ നാടുകളിലും പരിസ്ഥിതിയുടെ സന്ദേശവുമായി സര്‍ജുബായി കടന്നുചെന്നു. അവിടങ്ങളില്‍ നീര്‍മറി പ്രദേശങ്ങള്‍ വികസിപ്പിച്ചെടുത്തു. ജലസംരക്ഷണത്തിലൂടെ സര്‍ജുബായി നടത്തിയ പരിസ്ഥിതി പ്രവര്‍ത്തനങ്ങളും ഗ്രാമീണ വികസനവും അവരെ യുണൈറ്റഡ് നേഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) ‘വിമണ്‍ വാട്ടര്‍ ചാമ്പ്യനാ’യി തെരഞ്ഞെടുക്കാന്‍ വഴിയൊരുക്കി.
അന്‍പതുകള്‍ പിന്നിടുന്ന സര്‍ജുബായി ഇന്നും വിശ്രമിക്കുന്നില്ല. അവര്‍ അഞ്ച് പശുക്കളെയും രണ്ട് കാളകളെയും വളര്‍ത്തുന്നു. സ്വന്തമായുള്ള രണ്ട് ബിഗ ഭൂമിയില്‍ മൂന്ന് വിളകള്‍ കൃഷി ചെയ്യുന്നു. തന്റെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാനായില്ലെങ്കിലും കൊച്ചുമക്കള്‍ക്കെല്ലാം മികച്ച വിദ്യാഭ്യാസം നല്‍കാന്‍ അവസരമൊരുക്കുന്നു. മറ്റുള്ളവന്റെ അടിസ്ഥാന ആവശ്യങ്ങള്‍ തട്ടിപ്പറിച്ചെടുക്കുന്ന ഖനിയുടമകള്‍ക്കും മറ്റും വേണ്ടി വിവേചനമില്ലാതെ നിര്‍മിക്കുന്ന കുഴല്‍ക്കിണറുകള്‍ മുഴുവന്‍ അടച്ചുകെട്ടണമെന്ന് ആവശ്യപ്പെടുന്നു.
”ജലം അമൂല്യമാണ്. അത് ശുദ്ധമായ പാലിന് തുല്യമാണ്. തേന്‍പോലെ മഹത്തരമാണ്. ഈശ്വരന് പാലും തേനും സമര്‍പ്പിക്കുന്നതുപോലെ തന്നെയാണ് ജലവും. അത് അമൃതിന് തുല്യമാണ്…” സര്‍ജുബായ് പറയുന്നു.
ഉണ്ടയില്ലാത്ത മയക്കുവെടി
അരിക്കൊമ്പനെ കാടിറക്കിയ കദനകഥ ‘ശാസ്ത്രവിചാര’ത്തില്‍ കണ്ട ഒരു വായനക്കാരന്റെ സംശയം ഇങ്ങനെയായിരുന്നു. മയക്കുവെടിയുടെ ബുള്ളറ്റുകള്‍ ആനയുടെ ശരീരത്തില്‍ തറഞ്ഞാല്‍ അത് വലിയൊരു വ്രണമായി മാറില്ലേ? ‘ഇല്ല’ എന്നതാണ് ഉത്തരം. മയക്കുവെടി എന്നാല്‍ ഉണ്ടയില്ലാ വെടിയാണ്. വെടിവയ്‌ക്കാനുള്ള ‘ഡാര്‍ട്ട് ഗണ്ണില്‍’ ബുള്ളറ്റിനു പകരം മയക്കുമരുന്ന് നിറച്ച സിറിഞ്ചാണുണ്ടാവുക. ആനയുടെ ശരീരത്തില്‍ തറയ്‌ക്കുന്ന സിറിഞ്ചില്‍നിന്നും മരുന്ന് സ്വയം ശരീരത്തിലേക്ക് കിനിഞ്ഞിറങ്ങത്തക്കവിധമാണ് സിറിഞ്ച് നിര്‍മിച്ചിരിക്കുക. കാര്‍ബണ്‍ഡൈ ഓക്‌സൈഡ് തുടങ്ങിയ വാതകങ്ങള്‍ നല്‍കുന്ന മര്‍ദമാണ് സിറിഞ്ചിനെ പ്രവര്‍ത്തിപ്പിക്കുന്നത്. പല മരുന്നുകളും മിശ്രിതങ്ങളും ആനയെ മയക്കാനുപയോഗിക്കും. കാര്‍ഫെന്റാനില്‍ പ്രധാനം. മോര്‍ഫിനെക്കാളും പതിനായിരം ഇരട്ടിവീര്യമാണത്രേ ഈ മരുന്നിനുള്ളത്.
വന്യമൃഗങ്ങള്‍ക്ക് ആന്റിബയോട്ടിക് നല്‍കാനും വാക്‌സിന്‍ കൊടുക്കാനുമൊക്കെ ഈ സംവിധാനം പ്രയോജനപ്പെടുത്താം. സിറിഞ്ച് തറച്ചുവച്ചത് ഉറപ്പാക്കാന്‍ അതിന്റെ പിന്നില്‍ ഒരു വര്‍ണവസ്തു കൂടി ഘടിപ്പിക്കാറുമുണ്ട്.
സാധാരണഗതിയില്‍ മയക്കുവെടി അപകടകാരിയല്ല. നിശ്ചിതമസമയത്തിനകം ആന മയങ്ങി വീഴും. എന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനായി മയക്കുവെടി വച്ച ഒരു ആന കോയമ്പത്തൂരില്‍നിന്ന് 22 മൈല്‍ അകലെ തടാകം മേഖലയില്‍ അനുഭവി സുബ്രഹ്മണിയാര്‍ കോവില്‍ മലകളില്‍ പിടഞ്ഞ് മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. 2011 ജൂലൈ മാസത്തില്‍ നടന്ന ഈ അപകടത്തില്‍ 20 വയസ്സുള്ള കൊമ്പനാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: