ഡോ.കവിത.വി
വിദൂരതയിലെ നീലിമയാര്‍ന്ന മലഞ്ചരിവുകള്‍ എന്നെ ഗുരു നിത്യചൈതന്യ യതിയെ ഓര്‍മ്മിപ്പിക്കുന്നു. സമാധിയായിട്ട് 24 വര്‍ഷം കടന്നുപോയി. ഊട്ടിയിലെ ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ പോയി അദ്ദേഹത്തെ കാണണമെന്നു വിചാരിച്ചെങ്കിലും അതു സാധിച്ചില്ല. പണ്ടൊക്കെ എത്ര വിചാരിച്ചാലും ഇത്തരം സ്വപ്നങ്ങള്‍ നടക്കില്ല. എങ്കിലും, യതി എന്നും എനിക്ക് അടുത്തുള്ളൊരാളായിരുന്നു. ഒന്നു മനസ്സുതുറന്ന് ഉള്ളിലെ വേദനകള്‍ പറയാന്‍ ആരുമില്ലാത്ത മനസ്സുകള്‍ക്ക് യതി എന്നും ഒരു സ്നേഹസാമീപ്യമായിരുന്നു. അങ്ങനെയുള്ള ധാരാളം പേര്‍ക്ക് യതിയുടെ കത്തുകള്‍ ആശ്വാസം പകര്‍ന്നിരുന്നു. അദ്ദേഹം അവര്‍ക്കെല്ലാം വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു.
മകന് സന്ന്യാസിയാകണമെന്നു പറഞ്ഞപ്പോള്‍ എതിര്‍ത്തുനില്‍ക്കാതെ യതിയുടെ അമ്മ ആ മകനുമാത്രം സസ്യാഹാരം വച്ചുവിളമ്പിയതറിഞ്ഞപ്പോള് ആ അമ്മയും ഒരു വിദ്യാര്‍ത്ഥിനിയായ എന്റെ മനസ്സില്‍ ആരാദ്ധ്യയായിത്തീര്ന്നു. യതിയുടെ വീട്ടിലെ ആ പഴയ വീട്ടുവേലക്കാരിയെ, യതി വലുതായപ്പോള്‍ അവരെ സഹായിക്കാനായി അവരുടെ വീടന്വേഷിച്ചുപോയെങ്കിലും, അവര്‍ മരിച്ചുപോയതറിഞ്ഞു വേദനിച്ചു. യതിയുടെ ദുഃഖം അപ്പോള്‍ നമ്മുടെയും ദുഃഖമായിത്തീര്‍ന്നു. യതിയുടെ മനഃശാസ്ത്രകൃതികളിലെ പ്രിയപ്പെട്ട മനഃശാസ്ത്രജ്ഞന് കാള്‍ ഗുസ്താഫ് യുങ്ങും മറ്റും അദ്ദേഹത്തിന്റെ കൃതികളിലൂടെ നമ്മുടെ വീട്ടിലെയും നിത്യസന്ദര്‍ശകരായി മാറിയിരുന്നു.
പില്ക്കാലത്ത് യതിയുടെ ഭഗവദ്ഗീതാസ്വാദ്ധ്യായം ഞാന്‍ ഗവേഷണപഠനത്തിനെടുത്തപ്പോള് മനഃശാസ്ത്രതത്ത്വങ്ങളുടെ വിശകലനത്തിന് യുങ്ങിന്റെയും മറ്റും സഹായം വേണ്ടിവന്നു. പഴയ പരിചയം അങ്ങനെ ഉപകരിച്ചു. യതി പരിഭാഷപ്പെടുത്തിയ അക്കാലത്തു വായിച്ച ഖലീല്‍ ജിബ്രാന്റെ കവിതയിലെ യേശുദേവനു യതിയുടെ ഛായയായിരുന്നു.
പത്താം ക്ലാസ്സ് അവധിക്കാലത്ത് യതിയെ കാണാന്‍ പറ്റിയില്ലെങ്കിലും നേരിട്ടു കത്തെഴുതി ഒന്നു പരിചയപ്പെടണമെന്ന ആഗ്രഹം ശക്തമായി. ഇതറിഞ്ഞ അച്ഛന് പറഞ്ഞു: ”ദൈവത്തെപ്പറ്റി എന്തെങ്കിലും സംശയങ്ങള്‍ ചോദിച്ചാല്‍ യതി തീര്‍ച്ചയായും മറുപടി തരും.” യതിയുടെ മുഖഭാവവും താടിയുമെല്ലാം ദൈവസാന്നിദ്ധ്യമുള്ള ഒരു യുഗപുരുഷനെ ഓര്‍മ്മിപ്പിച്ചു. ശരി, ദൈവത്തെപ്പറ്റിയുള്ളതുതന്നെ ചോദിച്ചുകളയാം. ദൈവമാണല്ലോ ഈ ലോകത്തെ സൃഷ്ടിച്ചത്. ഇങ്ങനെ സൃഷ്ടിച്ചിട്ട് അതില്‍ ദുഃഖവും മരണവുമെല്ലാം എന്തിനു ചേര്‍ത്തുവച്ചു? ഇതൊന്നുമില്ലാതെ സൃഷ്ടിക്കാമായിരുന്നില്ലേ എന്നൊക്കെ ചോദിച്ചുകൊണ്ട്, ദൈവനീതിയെ ചോദ്യം ചെയ്തുകൊണ്ട് ഒരു കത്തെഴുതി പോസ്റ്റുചെയ്തു. ഓരോ ദിവസവും മറുപടി കാത്തിരുന്നു. അപ്പോഴതാ ഫേണ്‍ ഹില്ലില്‍നിന്നും കത്തു വന്നിരിക്കുന്നു.
എനിക്ക് അറിവുണ്ടായിട്ടും ദൈവത്തെപ്പറ്റിയുള്ള ധാരണ കൊച്ചുകുട്ടികളുടേതുപോലെയാണെന്നദ്ദേഹം പറഞ്ഞിരിക്കുന്നു. ദൈവം ഒരു മുത്തച്ഛനോ മാനേജരോ മുതലാളിയോ ഒന്നുമല്ല. റോസാപ്പൂവിന്റെ മനോഹരമായ ഇതളുകളായിരിക്കുന്നവന് തന്നെയാണ് അതിനെ സംരക്ഷിക്കാനുള്ള കൂര്‍ത്തു മൂര്‍ത്ത മുള്ളുകളുമായിരിക്കുന്നതെന്നു യതി പറഞ്ഞിരിക്കുന്നു. ഗുരുദേവകൃതിയായ ‘ആത്മോപദേശതക’ത്തിന് യതിയുടെ ആത്മോപദേശശതകം വ്യാഖ്യാനം കിട്ടി. ഓരോ ശ്ലോകവും ഓരോ ദിവസവും വ്യാഖ്യാനമുള്‍പ്പെടെ പകര്‍ത്തിയെഴുതി. ഇന്നു ദിനംപ്രതി ഗീതാശ്ലോകവ്യാഖ്യാനമെഴുതാന് പ്രേരകമായിത്തീരുന്നത് അന്നുണ്ടായ ഈ ആരാധനാനുഭവത്തില്നിന്നുറവെടുത്ത വ്യാഖ്യാനമെഴുത്തു തന്നെ.
യതിയുടെ കൃതികള്‍ വായിക്കുകയും അദ്ദേഹത്തോടു സംശയം ചോദിച്ചെഴുതുകയും ചെയ്യുന്നത് ജീവിതത്തെ ധന്യമായ ഒരനുഭവമാക്കി മാറ്റുന്നതായിത്തോന്നി. ജീവിതാകുലതകളെപ്രതി ഒരു നാലുവരിക്കവിത എഴുതിയയച്ചു. അപ്പോള്‍ അദ്ദേഹം എന്നെ സമാധാനപ്പെടുത്തി ചിത്രങ്ങളുടെ മദ്ധ്യേ ഒരു കവിതയെഴുതി അയച്ചുതന്നു. ആ കവിത ഇന്നും ഞാനോര്‍ക്കുന്നു.
”കവിതേ
നല്ല മകളേ
ചിറകു വിടര്‍ത്തി നീ
വാനില്‍ പറക്കുക
അല്ലെങ്കില്‍ നീ ഒരു
നിര്ഝരിയായിടൂ
ശോകമോഹക്കയത്തില്‍ നീ
വീഴാതെ;
മാമരമൊക്കെ നിവര്‍ന്നു
നില്ക്കുന്നു,
കുഞ്ഞിച്ചെടികള്ക്കു
പൂവുണ്ടാകുന്നു കൂട്ടിനായ്
എന്തിന്നു കേഴുന്നു
കുഞ്ഞോമനേ നീ
എന്തിന്ന്?”
ശരിയായ ആത്മജ്ഞാനത്തെപ്പറ്റിയറിഞ്ഞിട്ടും, നന്മചെയ്യുന്നതാണ് ശരിയെന്നറിഞ്ഞിട്ടും എന്തുകൊണ്ടാണു മനുഷ്യന് അതുറപ്പിക്കാതെ വീണ്ടും തിന്മകള് പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യത്തിനും
അദ്ദേഹം മറുപടി തന്നു. അദ്ദേഹത്തിനു സുഖമില്ലാത്തതിനാല്‍ ഗുരുകുലത്തിലെ അന്തേവാസികളാരോ ആണ് അദ്ദേഹത്തിനുവേണ്ടി ആ കത്തെഴുതിയിരിക്കുന്നത്. ”മനുഷ്യന്റെ ക്രിയാശക്തി, രസവൈഭവം, മൂല്യദര്‍ശനം എന്നിവയെല്ലാം അനുനിമിഷം മാറിമറിഞ്ഞുകൊണ്ടേയിരിക്കും. പ്രപഞ്ചശക്തിയെല്ലാം അനുനിമിഷം പരിവര്‍ത്തനവിധേയമാകുന്നു. എങ്കിലും സത്യത്തെ നാം ഹൃദയംകൊണ്ടറിയുമ്പോള് ഹൃദയത്തില്‍ സത്യസ്പര്ശത്താലുള്ള ആഹ്ലാദമനുഭവപ്പെടും. രക്തചംക്രമണം നടത്തുന്ന ഹൃദയത്തെപ്പറ്റിയല്ല ഞാന്‍ പറഞ്ഞത്. കരളിലെ സദ്വസ്തുവിനെപ്പറ്റിയാണ്. ആ സത്യത്തിന്റെ ഉറവില്‍ സ്പര്‍ശിക്കുമ്പോഴെല്ലാം ആനന്ദമനുഭവപ്പെടും.”
പഴയ പ്രി-ഡിഗ്രി സയന്‍സ് ഗ്രൂപ്പില്‍ തവള തുടങ്ങിയ ജീവികളെ കൊന്നുകളയുന്ന സുവോളജി പഠനമുണ്ടാക്കുന്ന വിഷമത്തെപ്പറ്റി ഞാന്‍ പറഞ്ഞപ്പോള്‍ വിദേശസര്‍വ്വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായി പോയിരുന്നതും, അവിടെ ചില സര്‍വ്വകലാശാലകളില്‍ ജീവികള്‍ തമ്മിലുള്ള പരസ്പരമുതകിയ സ്നേഹജീവിതം പരിസ്ഥിതിയെ എങ്ങനെ നിലനിര്‍ത്തുന്നു എന്ന തരത്തിലുള്ള ജീവശാസ്ത്രപഠനമാണുള്ളതെന്നും പറഞ്ഞ് നമുക്കും അങ്ങനെ വേണമെന്നദ്ദേഹം നിര്‍ദ്ദേശിക്കുകയുണ്ടായി. എന്തായാലും അതിപ്പോള്‍ ഇവിടെയും നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ടെന്നു തോന്നുന്നു.
ഒരോണക്കാലത്ത് ഓണവിശേഷങ്ങളറിയിച്ചു ചിത്രങ്ങളും ഓണപ്പാട്ടുമെല്ലാമായി ഒരാശംസാക്കത്ത് ഒടുവില്‍ ഞാനയച്ചു. വളരെ ദീര്‍ഘമായ ഒരു മറുപടി അദ്ദേഹം അതിനെഴുതിയിരുന്നു. ധാരാളം പ്രസിദ്ധചിത്രകാരന്മാരെ ഓര്‍ത്തെടുത്തുകൊണ്ടുള്ള, പേജുകണക്കിനുള്ള ആ മറുപടിക്കത്ത് എന്നെപ്പോലുള്ള ഒരാള്‍ക്കുവേണ്ടിയല്ല യതി എഴുതുന്നതെന്നും, തന്നോടുതന്നെയുള്ള അഥവാ പ്രപഞ്ചചൈതന്യമായ നിത്യനോടുതന്നെയുള്ള ആത്മനിവേദനങ്ങളാണ് ഓരോ കത്തെന്നും എനിക്കു മനസ്സിലാക്കാന്‍ സഹായിക്കുന്നതായിരുന്നു ആ അവസാനകത്ത്. അതെഴുതുന്നതിനുമുമ്പുള്ള കത്തില്‍ എന്റെ ഒരു നാലുവരിക്കവിതയ്ക്കദ്ദേഹം പച്ചനിറത്തിലുള്ള കടലലകള്‍ വരച്ച് മഞ്ഞനിറത്തിലുള്ള ഒരു വൃത്തബിംബത്തെയും വരച്ച് മറുപടിയയച്ചുതന്നു. അത് ആദിമഹസ്സുപൂകിയ ശ്രീനാരായണഗുരുദേവനെ ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ അത് മൗനമഹസ്സിലമര്‍ന്ന നിത്യനാണെന്നും തിരിച്ചറിയുന്നു.
നിത്യന് പറഞ്ഞുതന്ന വഴികളിലൂടെ ഇനിയും സഞ്ചരിക്കാനുണ്ടെന്ന തോന്നല്‍ സത്യവും ഗാഢവുമായ ഹൃദയസംസ്പര്ശം വരുമ്പോഴുള്ള ആനന്ദത്തെ എനിക്കനുഭവപ്പെടുത്തിത്തരുന്നു. അതിന്റെ ഉറവിടത്തേക്കുള്ള നിത്യന്റെ പ്രയാണം പിന്നീട് എന്റെയുമായിത്തീരുന്നതാണെന്നറിഞ്ഞു. ശോകമോഹക്കയത്തില്‍ വീഴാതെ മാമരങ്ങളെപ്പോലെ നിവര്ന്നുനില്ക്കാനും ഒരു നിര്‍ഝരിയായി സംസ്കാരത്തെ ഉര്വ്വരമാക്കാനുമുള്ള വിളികള്‍ക്കു തീര്‍ച്ചയായും കാതോര്‍ക്കണമെന്നും തോന്നി. അങ്ങനെതന്നെ തളര്‍ന്നുപോയിരുന്ന അവസ്ഥകളെ പിന്നിട്ട് യതിയുടെ കൃതിയായ ഭഗവദ്ഗീതാസ്വാദ്ധ്യായത്തിന്റെ മനഃശാസ്ത്രപരികല്പ്പനകളെക്കൂടി കണക്കിലെടുത്തു മലയാളത്തിലെ ആദ്യത്തെ ഗീതാവ്യാഖ്യാനങ്ങളുടെ താരതമ്യപഠനമെന്ന ഗവേഷണമേഖലയിലേക്കു കടക്കാനായി.
ഗുരുനിത്യചൈതന്യയതി എനിയ്ക്കയച്ചുതന്ന കത്തുകളുടെ പിന്‍ബലത്തില്‍ക്കൂടിയാണ് കേരള സര്‍വകലാശാല അതിന് എനിക്കനുമതി നല്‍കിയത്. അന്നത്തെ വൈസ് ചാന്‍സലര്‍ക്കും അതിനായി നല്കിയ അപേക്ഷയില്‍ യതിയുടെ കത്തുകളും സ്ഥാനം പിടിച്ചിരുന്നു. മലയാളത്തിന്റെ ഭൂമികയില്‍നിന്നും ഗീതാവ്യാഖ്യാനങ്ങളിലുള്ള ആദ്യപഠനത്തിനു ഗവേഷണബിരുദം ലഭിച്ചപ്പോള്‍ അതു സമാധിസ്ഥനായ യതിക്കുള്ള സ്നേഹോപഹാരംകൂടിയാകുന്നു. ജീവിതയാത്രയില്‍ നിത്യപ്രചോദനമരുളുന്ന ആ സ്നേഹമഹസ്സിന്റെ ഓര്മ്മച്ചിത്രങ്ങള്ക്കു മുന്നില്‍ കൃതജ്ഞതയുടെ കണ്ണീര്‍പ്പൂക്കളര്‍പ്പിക്കുന്നു.
(മാറനല്ലൂര്‍ ഡിവിഎംഎന്‍എന്‍എം എച്ച്എസ്എസ് അധ്യാപികയാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: